പത്മഭൂഷൺ നേടിയ അനുപം ഖേറിന് ട്രോളുകളുടെ പൂരം

പത്മ പുരസ്കാരങ്ങൾ ലഭിക്കുന്നവരിൽ "ഭൂരിപക്ഷത്തിനും" പൊതുസമൂഹം അഭിനന്ദന പ്രവാഹം നടത്താറുണ്ട്. കാത്തിരുന്നൊരു പത്മഭൂഷൺ കിട്ടിയിട്ടും അനുപം ഖേറിന് സോഷ്യൽ മീ‍‍ഡിയയിൽ കിട്ടിയത് ട്രോളുകളുടെ കമൻറുകളുടെയും പൊടിപൂരമാണ്. എനിക്കെതിരെയുള്ള ആരോപണം തെളിയിച്ചാൽ ഞാനെന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് അമളിയിൽ ചാടിയിട്ടുള്ള രാഷ്ട്രീയക്കാരെ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ആ സ്ഥാനത്തിപ്പോൾ അനുപം ഖേറാണ്.

നമ്മുടെ രാജ്യത്തെ പുസ്കാരങ്ങളെല്ലാം ഭരണകൂടത്തിന്റെ കോമാളിത്തരങ്ങളായി മാറി. ഒരു ആധികാരികതയുമില്ലാതെയാണ് പുരസ്കാരങ്ങൾ നൽകുന്നത്. ചലച്ചിത്ര അവാർ‍ഡുകളിലായിരുന്നുവിത് ഏറ്റവുമധികം ഇപ്പോഴത് പത്മാ അവാർഡുകളുടെ കാര്യത്തിലും സംഭവിച്ചു. 2010 പത്മ പുരസ്കാരം നഷ്ടപ്പെട്ടപ്പോൾ ഇങ്ങനെ പ്രതികരിച്ച അനുപം ഖേർ 2016ൽ അവാർഡ് കിട്ടിയപ്പോൾ നേരെ കരണം മറിഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ വാർത്തയാണിതെന്നും ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുവെന്നുമാണ് അനുപം ഖേർ ട്വീറ്റ് ചെയ്തത്. അവാർഡിൽ സ്വന്തം പേർ വന്നപ്പോൾ അവാർഡിനും ആധികാരികത കൈവന്നുവെന്നുവോയെന്നു തുടങ്ങി അനുപം ഖേറിനെതിരെയുള്ള വിമർശനങ്ങൾ തകൃതിയാണ്.