മധുരമധുരമാമനുരാഗമേ...

അനുരാഗത്തോളം ഗാഢമായ മറ്റൊരനുഭവമില്ല; മരണമൊഴികെ. പ്രണയം വന്നുതൊടുന്ന മാത്രയിൽ അതുവരെയുള്ള ജീവിതം ഒരു ശലഭപ്പുഴുവിന്റെ പുറംതോടുപോലെ പൊഴിഞ്ഞുപോകുകയും പഴയ ശരീരത്തിനുള്ളിൽ പുതിയൊരാൾ ഉരുവമെടുക്കുകയും ചെയ്യും. മുൻപെപ്പൊഴോ നമ്മിൽനിന്നടർന്നുപോയ ഒന്നിനെ തിരിച്ചറിയുന്നതാണ്, അതിനെ ചേർത്തുവച്ച് നമ്മെ പൂർണരാക്കാനാഗ്രഹിക്കുന്നതാണ് അനുരാഗം. അതുകൊണ്ടാണ് അതു കൈവിട്ടുപോകുമ്പോൾ ചില പാവങ്ങൾ ഒച്ചയില്ലാത്തൊരു കരച്ചിലിൽ പ്രാണന്റെ ചൂട്ടുകറ്റ കുത്തിക്കെടുത്തി ഇരുട്ടിലേക്കിറങ്ങിപ്പോകുന്നത്.

അനുരാഗ കരിക്കിൻവെള്ളം മധുരം കിനിയുന്നൊരു സിനിമയാണ്. സോൾട്ട് ആൻഡ് പെപ്പറിലും മഹേഷിന്റെ പ്രതികാരത്തിലുമൊക്കെയുള്ള, നിഷ്കളങ്കമായ സ്വാഭാവിക നർമത്തിന്റെ തെളിച്ചമുള്ള സിനിമ. പല ഭാഷകളിലായി നാം കണ്ട, കണ്ടുകൊണ്ടിരിക്കുന്ന പരശ്ശതം പ്രണയസിനിമകൾക്കിടയിൽ അനുരാഗ കരിക്കിൻവെള്ളത്തെ അടയാളപ്പെടുത്തുന്നതും ആ തെളിച്ചമാണ്. എഴുത്തുകാരൻ നവീൻ ഭാസ്കറും കന്നിച്ചിത്രമെടുത്ത സംവിധായകൻ ഖാലിദ് റഹ്മാനും കാട്ടുന്ന കയ്യടക്കം എടുത്തുപറയാം. വലിയ ട്വിസ്റ്റുകളോ അതിനാടകീയതയോ വൈകാരികഭാരമോ ഈ സിനിമയിലില്ല. തുടക്കം മുതൽ ഒടുക്കം വരെ കഥയെ കൊരുത്തെടുത്തിരിക്കുന്നത് ശുദ്ധനർമത്തിന്റെ ചരടിലാണ്. സിനിമ കഴിഞ്ഞിറങ്ങുമ്പോഴും മധുരമുള്ളൊരു ചിരി നമ്മുടെ ചുണ്ടിലൂറുന്നുണ്ടാവും.

എസ്ഐ രഘു പുറമേ പരുക്കനാണ്. പ്രതികളുടെ മൂക്കിടിച്ചുപരത്തുന്ന, പരുത്ത ഒച്ചയിൽ സംസാരിക്കുന്ന ഗൗരവക്കാരൻ. മകൻ അഭിലാഷ് ഇതുവരെ പണിയൊന്നുമായിട്ടില്ലാത്ത ആർക്കിടെക്ടാണ്. ചില ചെറുകിട പരിപാടികളും അൽപം സ്വാർഥതയും ഒരു പ്രേമവുമൊക്കെയായി നടക്കുന്ന അലസൻ. അവന്റെ കാമുകി എലി എന്നു വിളിക്കുന്ന എലിസബത്ത് അവനെ അൽപ്പം കടുപ്പത്തിലാണ് പ്രേമിക്കുന്നത്. അവനു പക്ഷേ ആ പ്രേമം ബോറടിക്കുന്നുണ്ട്. എലിയെ ഒഴിവാക്കുന്നതിനെപ്പറ്റിപ്പോലും അവൻ ചിന്തിക്കുന്നുമുണ്ട്. അച്ഛനും മകനും തമ്മിൽ അടുപ്പമില്ലെന്നു മാത്രമല്ല, പലപ്പോഴും അതിരുമാന്തിയ അയൽവാസിയോടെന്നപോലെയാണ് പരസ്പരമുള്ള പെരുമാറ്റവും. രഘുവിന്റെ ഭാര്യ സുമ ഒരു പാവം വീട്ടമ്മയാണ്.

ഓരോരോ ദ്വീപുകളിലെന്നപോലെ ജീവിക്കുന്ന ആളുകൾ. ഫക്രുവിന്റെ വർക്‌ഷോപ്പാണ് അഭിയുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരൽ കേന്ദ്രം. തീർത്തും അപ്രതീക്ഷിതമായി ഒരു ദിവസം രഘുവിന്റെ മുന്നിലെത്തുന്ന ഒരാൾ അയാളുടെ ജീവിതം മാറ്റിയെഴുതുകയാണ്. അത് മറ്റുള്ളവരുടെ ജീവിതത്തിലും തുടർചലനങ്ങളുണ്ടാക്കുന്നുണ്ട്. അവിടംമുതൽ കഥയുടെ രസച്ചരട് മുറുകിത്തുടങ്ങുന്നു. അതു മുറിയാതെ, ഒട്ടും മുഷിപ്പിക്കാതെയും സിനിമ ക്ലൈമാക്സിലെത്തിക്കാൻ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞു.

അഭിനേതാക്കളിലാരും പ്രകടനം മോശമാക്കിയില്ല. അടുത്തകാലത്ത് ബിജുമേനോൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ മികച്ചതാണ് രഘു. പരുക്കൻ പൊലീസുകാരനെയും അയാളുടെ ഉള്ളിലെ റൊമാന്റിക്കിനെയും സുന്ദരമായ കയ്യടക്കത്തോടെ ബിജു തിരയിലെത്തിച്ചു. വലിയ ഡയലോഗുകളോ വികാരപ്രകടനങ്ങളോ ഇല്ലാതെ സുമയെ അവതരിപ്പിച്ച ആശാ ശരത് സൂക്ഷ്മാഭിനയത്തിന്റെ മികവു കാട്ടിത്തരുന്നു. എലിസബത്തായി നിറഞ്ഞാടിയ രജിഷ വിജയൻ അദ്ഭുതപ്പെടുത്തുന്നുണ്ട്. സൗബിനും ശ്രീനാഥ് ഭാസിയും തിയറ്ററിൽ കയ്യടി നേടുന്നുണ്ട്. മണിയൻപിള്ള രാജു, സുധീർ കരമന, ഇർഷാദ്, സുധി കോപ്പ തുടങ്ങിയവരും നന്നായി.

വലിയ ബഹളങ്ങളോ അലങ്കാരപ്പണികളോ ഇല്ലാതെ, ലളിതമായാണ് നവീന്‍ ഭാസ്കറിന്റെ എഴുത്ത്. വലിച്ചുനീട്ടാത്ത സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ സ്വാഭാവികമായ പെരുമാറ്റവും സിനിമയ്ക്ക് ഒരു റിയൽലൈഫ് മൂഡ് നൽകുന്നു. ഫിലിം മേക്കറെന്ന നിലയിൽ ഖാലിദ് റഹ്‌മാന്‍ മലയാളസിനിമയിൽ തന്റെ കയ്യൊപ്പിട്ടുകഴിഞ്ഞു.

അനുരാഗം ഓരോ മനുഷ്യനും തുറന്നുകൊടുക്കുന്ന ചില ജനാലകളുണ്ട്. അതിലൂടെ, ഇരുട്ടും മാറാലയും നിറഞ്ഞ സ്വന്തം ലോകത്തുനിന്ന് അയാൾ ജീവിതത്തെ പുതിയ വെളിച്ചത്തിൽ കണ്ടുതുടങ്ങും. ആ കാഴ്ചയിലേക്കു കൺതുറക്കാൻ വൈകിപ്പോകുന്ന ചിലരാകട്ടെ, പിൽക്കാലജീവിതമത്രയും അതിന്റെ സങ്കടം കൊണ്ട് അളന്നുതീർക്കാൻ വിധിക്കപ്പെടും.
അനുരാഗ കരിക്കിൻവെള്ളം ചെറിയൊരു സിനിമയാണ്; ഒരു ചെന്തെങ്ങിൻകരിക്കോളം ചെറുത്. എങ്കിലും അവസാനതുള്ളിയിലും മധുരം കിനിയുന്നത്...