അപർണ വീണ്ടും നാടകത്തിൽ

അപർണ ഗോപിനാഥ്

മുന്നറിയിപ്പ്, എബിസിഡി തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ അപർണാ ഗോപിനാഥ് വീണ്ടും നാടകരംഗത്ത് സജീവമാകുന്നു. അപർണ അംഗമായ പെർച്ച് തിയേറ്ററിലെഈ വർഷത്തെ നാടക പരമ്പര അടുത്തമാസം ഒന്നാം തിയതി മുതൽ ബാംഗ്ളൂരിലെ വൈറ്റ്ഫീൽഡ് തിയേറ്ററിൽ ആരംഭിക്കും. വൈക്കം മുഹമ്മദ് ബഷിറിന്റെ കൃതികളാണ് നാടകരൂപത്തിൽ അവതരിപ്പിക്കുക.

വളരെക്കുറച്ച് വർഷങ്ങൾക്കൊണ്ട് നിരവധി വേദികളിൽ നാടകമവതരിപ്പിച്ച് പ്രശസ്തിയാർജിച്ച ചെന്നെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെർച്ച്,2008ലാണ് ആദ്യമായി വൈക്കം മുഹമ്മദ് ബഷിറിന്റെ കൃതികൾ നാടകമായി അവതരിപ്പിച്ചത്.

ബഷീറിന്റെ സംഗതി അറിയാമെന്ന കഥയെ മാംഗോസ്റ്റിൻ മരത്തിന് ചുവട്ടിൽ എന്ന നാടകരൂപത്തിൽ ആദ്യമായി അവതരിപ്പിക്കുന്നുവെന്നതാണ് പെർച്ച് തിയേറ്ററിന്റെ ഈ സീസണിലെ പ്രത്യേകത.മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച പ്രതിഭയായ വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗതി അറിയാം, പൂവൻ പഴം. നീല വെളിച്ചം, മതിലുകൾ, ശബ്ദങ്ങൾ, വിശ്വവിഖ്യാതമായ മൂക്ക്, ഒരു മനുഷ്യൻ എന്നീ കഥകളെ കോർത്തിണക്കിയാണ് പെർച്ച് നാടക പരമ്പര സംഘടിപ്പിക്കുന്നത്.

രാജീവ് കൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന നാടകത്തിന്റെ നിർമ്മാണം നിരേൻ സൽദാൻഹയാണ് ചെയ്തിരിക്കുന്നത്. നാടകത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അനുഷ്കാ മീനാക്ഷിയും വേദാനന്ത ഭരദ്വാജുമാണ്. അപർണാ ഗോപിനാഥിനെക്കൂടാതെ പോൾ മാത്യു, ആനന്ദ് സാമി, റെൻസി ഫിലിപ്പ്, അക്ഷിഖ്വാ സൽവാൻ, രവീന്ദ്ര വിജയ് തുടങ്ങിയവരാണ് നാടകത്തിലഭിനയിക്കുന്നത്.