അസിന്റെ വിവാഹചിത്രങ്ങൾ കാണാം

അസിനും രാഹുലും വിവാഹവേളയിൽ

മലയാളിയും ബോളിവുഡ് നടിയുമായ അസിന്‍ ഇനി രാഹുൽ ശർമയ്ക്കു സ്വന്തം. രാജ്യതലസ്ഥാനത്ത് ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷി നിർത്തിയാണ് മൈക്രോമാക്സ് സ്ഥാപകൻ കൂടിയായ രാഹുൽ ശർമ അസിന്റെ കഴുത്തിൽ മിന്നണിയിച്ചത്.

ഹിന്ദു-ക്രിസ്ത്യൻ മതാചാരങ്ങളോടെ നടന്ന വിവാഹത്തിൽ ബോളിവുഡിലെ ഏക സാന്നിധ്യം അക്ഷയ് കുമാർ ആയിരുന്നു . ന്യൂഡൽഹിയിലെ ദുസിത് ദേവരാന ഹോട്ടലിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങിൽ അമ്പതോളം പേരാണ് പങ്കെടുത്തത്. വൈകുന്നേരത്തോടെ ആരംഭിച്ച ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ആഘോഷത്തിൽ 200 അതിഥികള്‍ പങ്കെ‌ുത്തു.

കത്തോലിക്കാ ആചാരപ്രകാരം വിവാഹം നടത്തണമെന്നത് അസിന്റെ ആഗ്രഹമായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. വൈകുന്നേരം ആറുമണിയോടെ ആരംഭിച്ച വിവാഹാഘോഷം എട്ടരയോടെയാണ് അവസാനിച്ചത്. ഇരുവരും തീർത്തും സ്വകാര്യമായ വിവാഹച്ചടങ്ങാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും നേരത്തെ അറിയിച്ചിരുന്നു.

ക്രിസ്ത്യൻ വിവാഹത്തിൽ വേരാ വാങ്ക് ഡിസൈൻ ചെയ്ത വസ്ത്രവും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനായി സബ്യസാചി ഡിസൈൻ ചെയ്ത ലെഹങ്കയുമാണ് അസിനെ സുന്ദരിയാക്കിയത്.

പത്തുതട്ടുള്ള വാനിലാ കേക്കും ചൈനീസ് രീതിയിലുള്ള ഉച്ചഭക്ഷണവും ഇന്ത്യൻ രീതിയിലെ അത്താഴവും അഥിതികൾക്കായി ഒരുക്കിയിരുന്നു. വിവാഹത്തിനു ശേഷം, ജനുവരി 23ന് സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷൻ ഒരുക്കുന്നുണ്ട്.