ഖജനാവ്‌ ഏൽപ്പിക്കാൻ പറ്റിയ ആൾ മാണി: ബി. ഉണ്ണികൃഷ്ണൻ

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനകാര്യമന്ത്രി കെ.എം. മാണിയ്ക്കെതിരെ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഫേസ്ബുക്കിലൂടെയാണ് കെ.എം മാണിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തിയിരിക്കുന്നത്.

ബി. ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം– ഈ സീസർക്കോ അതിയാന്റെ ഭാര്യയ്ക്കോ പാലായുമായി പുലബന്ധമില്ലാത്ത സ്ഥിതിക്ക്‌, കോടതിപരാമർശത്തിന്റെ പേരിൽ സാറ്‌ രാജി വെയ്ക്കരുത്‌ എന്നാണ്‌ അങ്ങയുടെ വിനീത പ്രജകളായ ഞങ്ങളുടെ അഭിപ്രായം(ഞങ്ങക്കറിയാവുന്ന സീസർ, വെല ഇച്ചരെ കൂടുതലാണേലും, സംഗതി ഡബിൾ ഓക്കെയാ). സംസ്ഥാനത്തിന്റെ ഖജനാവ്‌ കണ്ണും പൂട്ടി വിശ്വസിച്ചേൽപ്പിക്കാൻ, അങ്ങയെ പോലെ ഒരു അഴിമതിരഹിതനെ ഞങ്ങൾക്ക്‌ വേറെ കിട്ടുകേല, സാറെ. പിന്നെ, ഇന്ത്യാമഹാരാജ്യത്തെ മൊത്തം ധനകാര്യമന്ത്രിമാരുടെ അധ്യക്ഷപദവി കൂടി അലങ്കരിക്കുന്ന ആളാ, സാറ്‌...അത്‌ മറക്കരുത്‌.

പണ്ട്‌,മറ്റേ പെരിസ്റ്റ്രോയിക്കേം ഗ്ലാസ്നോസ്റ്റുമൊക്കെ പ്രവചിച്ച അതേ ദീർഘദൃഷ്ടിയോടെ, ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ മുഴുവനും ഉഴുത്‌ മറിച്ച്‌ ഒരു വഴിക്കാക്കണ്ട സാറ്‌, രാജി വെയ്ക്കേണ്ടിവരുന്ന അവസ്ഥയുണ്ടല്ലോ, അത്‌ ഞങ്ങക്കാലോചിക്കാൻ കൂടി വയ്യ. അല്ലെങ്കിൽ തന്നെ കോടതി നടത്തിയ ഒരൊറ്റ പരാമർശം പോരേ, സാറിന്‌ രാജി വെയ്ക്കാതിരിക്കാൻ; കോടതി എന്തുവാ പറഞ്ഞത്‌? സാറിന്റെ മനസാക്ഷിക്കനുസരിച്ച്‌ പ്രവർത്തിക്കാൻ. എനിക്ക്‌ ചിരിവിന്നിട്ട്‌ പാടില്ല. സാറിന്റെ മനസാക്ഷി എന്നും വലിയവായിൽ എന്തുവാ പറഞ്ഞിട്ടുള്ളത്‌? "രാജിവെയ്ക്കരുത്‌. നല്ല ബലത്തിൽ അള്ളിപിടിച്ചിരുന്നോണം" എന്നല്ലിയോ? പിന്നെ ജനങ്ങൾ! അത്‌ നമ്മുക്കൊരു പ്രശ്‌നമല്ലല്ലോ. നമ്മളെ സംബന്ധിച്ചടത്തോളം, പാലായിൽ മൂന്നിൽ രണ്ടിന്റെ ഭൂരിപക്ഷമുണ്ട്‌. ഭൂമിമലയാളത്തിൽ ബാക്കി പ്രദേശങ്ങ ളിൽ താമസിക്കുന്ന ക്ണാപ്പമ്മാരോട്‌ പോയി റബ്ബറിൻ ചോട്ടിലെ കള പറയ്ക്കാൻ പറ, സാറെ. പിന്നല്ലാതെ!. ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.