തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ സിനിമാക്കാര്‍ ശ്രമിക്കുന്നു: ബി.ഉണ്ണികൃഷ്ണൻ

പ്രേമം സിനിമയുടെ വ്യാജപ്പകർപ്പിന്റെ പേരിൽ ചിലർ കെട്ടിപ്പൊക്കുന്ന നുണക്കഥകളുടെ കൂമ്പാരം വൈകാതെ പൊളിയുമെന്നും ഫെഫ്ക എന്ന തൊഴിലാളി സംഘടന ചലച്ചിത്ര പ്രവർത്തകരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചു പ്രവർത്തനം തുടരുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ.

വ്യാജപ്പേരിലും വിലാസത്തിലും പ്രവർത്തിക്കുന്ന കടലാസ് സംഘടനകളുടെ ആരോപണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ്.പ്രേമത്തിന്റെ കാര്യത്തിൽ അൻവർ റഷീദ് പരാതി നൽകിയപ്പോൾ ബന്ധപ്പെട്ട സ്റ്റുഡിയോകളും സ്ഥാപനങ്ങളും പരിശോധിച്ചു കുറ്റക്കാരെ പിടികൂടണമെന്ന് ആദ്യം നിലപാട് സ്വീകരിച്ചവരിൽ ഒരാൾ താനാണ്. നിഷ്പക്ഷ അന്വേഷണം എന്നാൽ ഇഷ്ടമില്ലാത്ത ആരെയെങ്കിലും കരുവാക്കുകയെന്നല്ല അർഥം. യഥാർഥ പ്രതികളെ പിടി കൂടുകയാണ്.

കാനഡയിൽ നിന്ന് പ്രേമം അപ് ലോഡ് ചെയ്തുവെന്നു വാർത്ത വന്നതോടെതന്നെപ്പോലുള്ളവരെ അപകീർത്തിപ്പെടുത്താനും താൻ കാനഡയിൽ പോയെന്നു വരുത്താനും വരെ ചില ചലച്ചിത്ര പ്രവർത്തകർ ശ്രമിക്കുകയുണ്ടായെന്നും ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി.