തീപിടിച്ച ഹോട്ടലിൽ നിന്നു ബാബുരാജ്

ബാബുരാജ് (ഇടത്), അഡ്രസ് ഹോട്ടലിൽ തീപിടിത്തമുണ്ടായപ്പോൾ (വലത്)

ദുബായ്∙ ഈ പുതുവത്സരം നടൻ ബാബുരാജിന് ഒരിക്കലും മറക്കാനാകില്ല. കാരണം ദുബായിയിൽ തീവിഴുങ്ങിയ ഹോട്ടലിന്റെ അമ്പത്തിനാലാം നിലയിൽ നിന്നും കഷ്ടിച്ചാണ് ജീവിതത്തിലേക്ക് തിരികെയത്തിയത്. പുതുവത്സര ആഘോഷങ്ങൾക്കിടെ ലോകത്തെ ഏറ്റവും വലിയ ഉയരമുള്ള കെട്ടിടം ബുർജ് ഖലീഫയ്ക്ക് സമീപം തീപിടിച്ച ഹോട്ടലിൽ നമ്മളുടെ പ്രിയ നടനുമുണ്ടായിരുന്നു.

പതിനഞ്ചാം നിലയിൽ തീപടർന്ന വിവരം താഴെ നിന്ന സഹപ്രവർത്തകരാണ് ബാബുരാജിനെ അറിയിച്ചത്. പിന്നൊന്നും നോക്കിയില്ല, കയ്യിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് പാഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ട ആ ഓട്ടം ജീവിതത്തിനു വേണ്ടിയുള്ളതായിരുന്നു. ബുർജ് ഖലീഫയിലെ പുതുവത്സര ആഘോഷങ്ങൾ കാമറയിൽ പകർത്താനെത്തിയ ബാബുരാജിനും സംഘത്തിനും ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വന്നത്. അതിനെ കുറിച്ച് പറയുമ്പോൾ പലപ്പോഴും അദ്ദേഹത്തിന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

ദേഹത്തുള്ള വസ്ത്രമല്ലാതെ ഇപ്പോൾ മറ്റൊന്നും കയ്യിലില്ല. തീപിടിച്ച ഹോട്ടലിന് കുറച്ചകലെയുള്ള മറ്റൊരു ഹോട്ടലിലാണിപ്പോൾ കഴിയുന്നത്. ഫോണും സംവിധാനോപകരണങ്ങളും എന്തിന് പാസ്പോർട്ട് പോലും നഷ്ടപ്പെട്ടു. എന്നിനി നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നറിയില്ല. ആ ഞെട്ടലിൽ നിന്നും ഇനിയും മാറിയിട്ടില്ല - ബാബുരാജ് പറയുന്നു.

സ്കോച്ച് വിസ്കി എന്ന് പേരിട്ട് ബാബുരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനായിരുന്നു അദ്ദേഹം അവിടെയെത്തിയത്. ബുർജ് ഖലീഫയിലെ പുതുവത്സര ആഘോഷം ഷൂട്ട് ചെയ്യുന്നതിനായി ടീം സജ്ജമായി നിന്നപ്പോഴായിരുന്നു അപകടമെത്തിയത്. ഈ സമയം ബാബുരാജ് അമ്പത്തിനാലാം നിലയിലെ മുറിയിലായിരുന്നു.

മൂന്നു പ്രാവശ്യം ഹൃദയാഘാതം വന്ന എഴുപതുകാരനായ പ്രൊഡക്ഷൻ കൺട്രോളറെ തോളിലേറ്റിയുള്ള ഓട്ടവും, ഇടയ്ക്ക് വച്ച് സഹായത്തിനായി കൈനീട്ടിയ അപരിചതരും നിർത്താതെ കരയുന്ന കുഞ്ഞുങ്ങളും നീറിപ്പുകയുന്ന കെട്ടിടവും കണ്ണിൽ നിന്ന് മായുന്നില്ല. പുതുവത്സരത്തിന്റെ തിമർപ്പിലായതിനാൽ പുരുഷൻമാരിലധികവും ലഹരിയിലായിരുന്നു. പലർക്കും എന്തുചെയ്യണമെന്നറിയില്ല. ബുർജ് ഖലീഫയിലെ പുതുവത്സര വിസ്മയം ഷൂട്ട് ചെയ്യാനെത്തിയ ഞങ്ങൾ ആ രാത്രി ഒന്നുമില്ലാതെ നടുറോഡിൽ ഉറങ്ങേണ്ടി വന്നു. ബുർജ് ഖലീഫയിലെ ആഘോഷപ്പൂത്തിരിയും ഇപ്പുറത്തെ താമസിച്ച ഹോട്ടൽ കത്തിയമരുന്നതും കണ്ടുകൊണ്ട്. മറക്കാനാകില്ല ഈ ദിവസം. ബാബുരാജ് പറഞ്ഞു.

ജീവിതം എത്രത്തോളം അപ്രതീക്ഷിതമാണെന്നും ചെറുതാണെന്നും ഈ സംഭവം മനസിലാക്കിത്തരുന്നെന്ന് ബാബുരാജ് പറയുന്നു. ജീവിതത്തിൽ ഞാനിങ്ങനെ പകച്ചുപോയിട്ടില്ല. എവിടെനിന്നാണ് ഇറങ്ങിയോടാനുള്ള ഊർജ്ജം കിട്ടിയതെന്നും അറിയില്ല. പതിനേഴാം നിലയിലായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. ആറ് നിലകൾ പൂർണമായും കത്തിപോയി. ബാബുരാജിന്റെ ഷൂട്ടിങ് ഉപകരണങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നതിനെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. ഹോട്ടലിന്റെ നിയന്ത്രണമിപ്പോഴും ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും കൈവശമാണ്.