മണിയൻപിള്ളരാജുവിനെ അറിയാം മണിയൻപിള്ളയെ അറിയുമോ: ബാലചന്ദ്രമേനോൻ

ബാലചന്ദ്രമേനോന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഏപ്രിൽ 18. സിനിമയുടെ ഓർമദിവസം ചിത്രത്തിന്റെ പോസ്റ്റർ ആരാധകർക്കായി പങ്കുവച്ച് കുറിപ്പെഴുതി. ഈ ദിവസം എന്നത് തന്റെ ചലച്ചിത്രജീവിതവുമായി ഊടും പാവും പോലെ ഇണങ്ങി ചേർന്നിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഈ സിനിമയുടെ കാസറ്റുകളുടെ കവർ തന്നെ അമ്പരപ്പിച്ചെന്നും ഈ കവറിൽ കാണുന്ന ശോഭനയുടെയും തന്റെയും മുഖം മറ്റുചിത്രങ്ങളിൽ‌ നിന്നെടുത്തതാണെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്– ഏപ്രിൽ 18 എന്നത് എന്റെ ചലച്ചിത്ര ജീവിതവുമായി ഊടും പാവും പോലെ ഇണങ്ങി ചേർന്നിരിക്കുന്നു..ലോകമെമ്പാടു നിന്നും ഈ ദിവസം മലയാളികളിൽ അതിന്റെ ഓർമ്മ നിഴലിപ്പിക്കുന്നു എന്നത് ഒരു ബഹുമതിയായി ഞാൻ കാണുന്നു...ഇക്കുറിയും ഒരുപാട് അന്വേഷണങ്ങൾ ഉണ്ടായി ..ഏപ്രിൽ 18 നു വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചു കാണുന്നു എന്നത് ആകസ്മികമാണെങ്കിലും എനിക്ക് സന്തോഷം ജനിപ്പിക്കുന്ന ഒന്നാണ് ..

ഏറ്റവും അധികം വീഡിയോ കാസറ്റുകൾ വിറ്റു ലാഭം കൊയ്ത ഒരു ചിത്രമാണ് ഏപ്രിൽ 18. പല പതിപ്പുകൾ ഇറങ്ങിയപ്പോൾ മാർക്കറ്റിൽ ഇറങ്ങിയ കാസറ്റുകളുടെ കവർ ചിത്രം എന്നെ അമ്പരപ്പിച്ചു. ഇവിടെ കാണുന്ന ഫോട്ടോയിൽ ഏപ്രിൽ 18 ൽ കാണുന്ന മുഖം ആ ചിത്രത്തിലെ നായകനായ സബ് ഇൻസ്പെക്ടർ രവികുമാറിന്റെ അല്ല. മറിച്ചു അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ എന്നാ ചിത്രത്തിൽ ഞാൻ അവതരിപ്പിച്ച ആയുർവേദ ഡോക്ടർ ആണ്. അതിൽ കാണിച്ചിരിക്കുന്ന ശോഭനയുടെ മുഖവും എന്റെ 'മണിക്കുട്ട' ന്റെതല്ല .

1984 നു ശേഷം കുറേക്കൂടി ഓണങ്ങൾ ഉണ്ട ശോഭനയുടെതാണ് . അതുപോലെ ഏപ്രിൽ 19 ലെ വീഡിയോ കവറിൽ കാണുന്ന എന്റെ മുഖം ആ ചിത്രത്തിലെ ജെ പി എന്നാ ഹിന്ദു കഥാപാത്രമല്ല ...സത്യമേവജയതെ എന്ന ചിത്രത്തിൽ ഞാൻ തന്നെ അവതരിപ്പിച്ച ബഷീർ എന്ന മുസ്ലിം കഥാപാത്രമാണ് . നന്ദിനിയാകട്ടെ 'കരുമാടിക്കുട്ടൻ ' എന്ന ചിത്രത്തിൽ നിന്നാണ് എന്ന് തോന്നുന്നു . ഇങ്ങനെ സംഭവിക്കുന്നത്‌ തീരേ സുഖപ്രദമല്ല എന്നുതന്നെയല്ല ദുഖകരവുമാണ് .ചിത്രങ്ങലോടും അത് കാണുന്ന പ്രേക്ഷകരോടും കാണിക്കുന്ന അനാദരവാണ് എന്ന് കൂടി സൂചിപ്പിക്കട്ടെ ....

രസകരമായ ഒരു കാര്യം കൂടി ഓർമ വരുന്നു ....

ഇപ്പോൾ ഞാൻ അഭിനയിക്കുന്ന ഊഴം എന്ന ചിത്രത്തിന്റെ സെറ്റിൽ കോയമ്പത്തൂരിൽ ഒരു പറ്റം ചെറുപ്പക്കാർ കൈയ്യിൽ ഏതോ ആഘോഷം കഴിഞ്ഞമട്ടിൽ മുറിച്ച കേക്കുമായി നിൽക്കുന്നു.. അന്വേഷിച്ചപ്പോൾ അവർ പ്രിഥ്വിരാജിന്റെ ആരാധകരാണ് .പാവാട എന്ന ചിത്രത്തിന്റെ വിജയം ആഘോഷിച്ചു രാജൂവിനെ കാണാൻ വന്നതാണവർ.

എനിക്കും ഒരു കഷണം കേക്ക് അവർ തന്നപ്പോൾ ഒരു തമാശക്ക് ഞാൻ അവരുടെ മുന്നിൽ വെച്ച് ആ ചിത്രത്തിന്റെ നിർമാതാവായ മണിയൻപിള്ള രാജുവിനെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു ...എന്റെ വർത്തമാനത്തിലെ സ്വാതന്ത്ര്യം കണ്ടിട്ടാവണം കൂട്ടത്തിൽ ഒരുവന്‍ രഹസ്യമായി എന്നോട് ചോദിച്ചു .. . " സാറ് ഇത്രയ്ക്കു ഫ്രീയായിട്ട് സംസാരിച്ചല്ലോ ....ഇത്ര അടുപ്പം എങ്ങിനെയുണ്ടായി?" " മണിയൻപിള്ള രാജുവിനെ നിങ്ങൾക്ക് അറിയാം....പക്ഷെ മണിയൻ പിള്ള ആരാണെന്ന് നിങ്ങൾക്കറിയാമോ ? ആ ചെറുപ്പക്കാരൻ ഉത്തരം തേടുന്നത് കണ്ടപ്പോൾ ഞാൻ വിഷയം മാറ്റി ... അപ്പോൾ ഇതാണ് സ്ഥിതി....ഇന്നത്തെ കാര്യങ്ങൾ മാത്രമേ പുതിയ തലമുറ അറിയുന്നുള്ളൂ...ഈ ചുറ്റുപാടിൽ ഞങ്ങളുടെയൊക്കെ മുഖം കൂടി തോന്നിയതു പോലെ കൈകാര്യം ചെയ്യുന്നത് ഒരു അപരാധം തന്നെയാണ് എന്ന് പറയാതെ വയ്യ ...