ബിഗ് ബിയെ വീണ്ടും വരവേറ്റ് ആരാധകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാൾ ജന്മനാടായ കോട്ടയത്ത് ആഘോഷിച്ചത് വ്യത്യസ്തതയോടെ. കോട്ടയം അനശ്വര തിയറ്ററില്‍ ബിഗ് ബി വീണ്ടും പ്രദര്‍ശിപ്പിച്ചായിരുന്നു ആരാധകർ താരത്തിന്റെ പിറന്നാൾ കൊണ്ടാടിയത്. സെപ്റ്റംബര്‍ 6-ന് രാവിലെ 8.30നായിരുന്നു ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം.

മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും, ശൃംഗാരിമേളവും റോഡ് ഷോയും ഒരുക്കി കോട്ടയത്തെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ബിലാലിന്‍റെ രണ്ടാം വരവ് ഒരു ആഘോഷമാക്കി മാറ്റി. ചിത്രം ഹൗസ് ഫുൾ ആയിരുന്നു. തിയറ്ററിലെ കലക്ഷനില്‍ നിന്നും കിട്ടിയ തുക ഉപയോഗിച്ച് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഗാന്ധിനഗറിലെ അഗതിമന്ദിരത്തിലെ ആളുകൾക്ക് രണ്ടു നേരം ഭക്ഷണം നൽകി.

മമ്മൂട്ടി ഫാൻസ് ജില്ല പ്രസിഡന്‍റ് സിറിയക് ടി വര്‍ഗീസ്, ടൗണ്‍ യൂണിറ്റ് പ്രസിഡന്‍റ് ജിത്തു, ഭാരവാഹികളായ ഡൊമിനിക്, വസീം, അരവിന്ദ്, അമല്‍ എബ്രഹാം എന്നിവരാണ് ഇതിന് നേതൃത്വം കൊടുത്തത്.