ഖുശ്ബുവിനെതിരെ കണ്ണമ്മ കോടതിയിലേക്ക്

ഖുശ്ബു, ഭാരതി കണ്ണമ്മ

ഭിന്നലിംഗത്തിൽപ്പെട്ടവര്‍ക്കെതിരെ(ട്രാൻസ്ജെൻഡർ) മോശമായ പരാമർശം നടത്തിയെന്ന് നടി ഖുശ്ബുവിനെതിരെ കോടതിയിൽ പരാതി. ഭിന്നലിംഗത്തിൽപ്പെട്ടവരിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ വ്യക്തിയായ ഭാരതി കണ്ണമ്മയാണ് മധുര ജുഡീഷ്യൽ മജിട്രേറ്റ് മുൻപാകെ പരാതി സമർപ്പിച്ചത്. തെരഞ്ഞടുപ്പിന് മത്സരിച്ച് എംപിയോ എംഎൽഎയോ ആകുന്നതിന് മുൻപ് സ്വന്തമായൊരു പ്രൊഫൈൽ ഉണ്ടാക്കിയെടുക്കുവാനാണ് ഭിന്നലിംഗത്തിൽപ്പെട്ടവർ ശ്രമിക്കേണ്ടതെന്ന പരാമർശമാണ് ഖുശ്ബു നടത്തിയത്. നടിയിൽ നിന്ന് നിരുപാധികം മാപ്പ് ആവശ്യപ്പെട്ട് നേരത്തെ ഇവർ ശക്തമായ പ്രതിഷേധം സംഘ‌ടിപ്പിച്ചിരുന്നു.

ഭിന്നലിംഗത്തിൽപ്പെട്ടവരെ അധിക്ഷേപിക്കുകയാണ് ഖുശ്ബു ചെയ്തത്. തന്നെ ഉദ്ദേശിച്ചാണ് ഖുശ്ബു ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നാണ് കണ്ണമ്മ പരാതിയിൽ പറയുന്നത്. അപകീർത്തികരമായ പരാമർശത്തിന് ഐപിസി സെക്ഷൻ 499 ചുമത്തി ഖുശ്ബുവിനെതിരെ അന്വേഷണം ആരംഭിക്കണമെന്നും കണ്ണമ്മ ആവശ്യപ്പെട്ടു. കേസ് കോടതി ഈ മാസം 25ന് പരിഗണിക്കും. സെന്‍ട്രൽ മധുരയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് കണ്ണമ്മ മത്സരിക്കുന്നത്. നേരത്തെ ലോക്സഭാ ഇലക്ഷനിലും കണ്ണമ്മ സ്ഥാനാർഥിയായിരുന്നു.