സിസിഎൽ കളിക്കാരെ ചൊല്ലി അവസാനനിമിഷം വരെ അനിശ്ചിതത്വം

സിസിഎൽ മത്സരത്തിൽ കർണാടക ബുള്‍ഡോസേഴ്സിനെതിരെ കേരള സ്ട്രൈക്കേഴ്സിന് ആവേശകരമായ വിജയം. മത്സരത്തിനു തൊട്ടുമുമ്പ് സംഘാടകരെ മുൾ മുനയിൽ നിർത്തിയ സിസിഎൽ. മത്സരം തുടങ്ങുന്നതിനു മുക്കാൽ മണിക്കൂർ മുൻപു ശുഭപര്യവസായിയായി ക്ളൈമാക്സും.

കർണാടക ബുൾഡോസേഴ്സ്– കേരള സ്ട്രൈക്കേഴ്സ് മത്സരം തുടങ്ങുന്നതിനു തൊട്ടുമുൻപുവരെയാണ് അനിശ്ചിതത്വം നീണ്ടത്. കേരളത്തിനുവേണ്ടി കളിക്കുന്ന മദൻ മോഹൻ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ കളിക്കുന്നതിനാൽ കളിക്കാൻ അനുവദിക്കില്ലെന്ന കർണാടക വാദമാണു പ്രശ്നമായത്. ഇതിനു തൊട്ടു മുൻപു പ്രത്യേക വിമാനത്തിൽ രണ്ടു പുതിയ കളിക്കാരെക്കൂടി കർണാടക കൊണ്ടുവന്നുവെന്ന വിവരവും എത്തി.

സംവിധായകൻ പ്രിയദർശൻ, ടീം ഉടമകളായ പി.എം. ഷാജി, പി. ജെയ്സൺ, നടൻ എസ്. രാജ്കുമാർ തുടങ്ങിയവർ താരങ്ങൾ താമസിക്കുന്ന മാരിയറ്റ് ഹോട്ടലിലെ പല മുറികളിലായി കർണാടക പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. കർണാടക ക്യാപ്റ്റനും ഈച്ച എന്ന സിനിമയിലെ പ്രശസ്തനായ വില്ലനുമായ സുദീപാണ് കർണാടകയുടെ ചർച്ച നയിച്ചത്. മത്സരത്തിനിറങ്ങില്ലെന്നു കർണാടക വ്യക്തമാക്കിയതോടെ ചർച്ച അവസാനിച്ചു.

മത്സരം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപു മാനേജർ കൂടിയായ ഇടവേള ബാബു കർണാടക ടീമിനു കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക കത്തു കൈമാറി. മദൻ മോഹൻ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ കളിച്ചിട്ടില്ലെന്നായിരുന്നു കെഎസിഎയുടെ കത്ത്. ഇതു കിട്ടിയതോടെ കർണാടക അവരുടെ വാദം പിൻവലിച്ച് ഗ്രൗണ്ടിലെത്തി. മത്സരം തുടങ്ങുന്നതിനു 45 മിനിറ്റു മുൻപു സ്റ്റേഡിയത്തിലെത്തിയെങ്കിലും ഗ്രൗണ്ടിലെത്താൻ പിന്നെയും താമസിച്ചു.

കൽപ്പന, കൊല്ലം ജി.കെ. പിള്ള എന്നിവരെ അനുസ്മരിച്ചു

സിസിഎൽ മത്സരം തുടങ്ങുന്നതിനു മു‍ൻപു താരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നിര്യാതരായ നടി കൽപ്പന, കൊല്ലം ജി.കെ. പിള്ള എന്നിവരെ പ്രത്യേകം അനുസ്മരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണു താരങ്ങൾ ഗ്രൗണ്ടിലെത്തിയത്. മോഹൻലാലിന്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണം.