സിനിമാക്കാർക്കെന്താ അരുവിക്കരയിൽ കാര്യം?

അരുവിക്കരയിൽ കാര്യങ്ങൾ പ്രവചനാതീതമാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ സ്ഥാനാർഥികൾക്കായി സ്വന്തം പാർട്ടിയിലെ നേതാക്കൾക്കൊപ്പം കൈ മെയ് മറന്ന് പ്രവർത്തിക്കുകയാണ് സിനിമാതാരങ്ങളും. സുരേഷ് ഗോപി, കെപിഎസി ലളിത, ശ്രീകുമാർ, ഇര്‍ഷാദ്, അനൂപ് ചന്ദ്രന്‍ അങ്ങനെ തിരഞ്ഞെടുപ്പ് ആകെ താരനിബിഡം.

ഒരുതരത്തിൽ ചെറിയ സിനിമാ ബന്ധങ്ങളൊക്കെയുള്ള സ്ഥാനാർഥികളാണ് അരുവിക്കരയിലുള്ളത്. ബിജെപി സ്ഥാനാർഥി ഒ രാജഗോപാലിന്റെ മകനാണ് പ്രശസ്ത സംവിധായകനായ ശ്യാമപ്രസാദ്. നല്ലെരു സിനിമാ ആസ്വാദകനും ചലച്ചിത്ര താരങ്ങളുടെ ഉറ്റ സുഹൃത്തുമായിരുന്ന ജി കാർത്തികേയന്റെ മകനാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥി വിജയകുമാറിനും ബന്ധങ്ങൾ കുറവല്ല.

എം വിജയകുമാറിന്റെ പ്രചാരണ പരിപാടിയിലെ കെപിഎസി ലളിതയുടെ തീപ്പൊരി പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. കെപിഎസിയും സിപിഐഎമ്മും ഇല്ലാതെ തനിക്കു ജീവിതമില്ലെന്ന് അവർ പറഞ്ഞു. എന്‍റെ രക്തത്തിന്റെ നിറം ചുവപ്പ് ആണെന്നും ആ നിറം എന്നു മാറുന്നോ അന്ന് ആയിരിക്കും ഞാന്‍ പാര്‍ട്ടിയില്‍ നിന്നും പിന്മാറുന്നതെന്നും ലളിത പറഞ്ഞു.

മുതിർന്ന നടനായ ശ്രീകുമാറും വിജയകുമാറിനായി ഗംഭീര പ്രസംഗമാണ് നടത്തിയത്. സര്‍ക്കാര്‍ പാവപ്പെട്ടവന്‍റെ പിച്ചചട്ടിയില്‍ കൈയിട്ടുവാരുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കലാകാരനില്‍ രാഷ്ട്രീയമുണ്ടെന്നും രാഷ്ട്രീയക്കാരനില്‍ കലാകാരനുണ്ടെന്നും വിശ്വസിക്കുന്നയാളാണ് താനെന്നും മൂല്യച്യുതികളുള്ള നാട്ടില്‍ ജനങ്ങളെ ബോധവല്‍കരിക്കേണ്ടത് കലാകാരന്റെ ചുമതലയാണെന്നു വിശ്വസിക്കുന്നയാളാമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളില്‍ മുകേഷ്, കലാഭവന്‍ മണി എന്നിവരും വിജയകുമാറിനായി പ്രചരണത്തിന് ഇറങ്ങുന്നുണ്ട്.

ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വേണ്ടി സൂപ്പര്‍താരം സുരേഷ് ഗോപിയാണ് പ്രചരണത്തിനിറങ്ങിയത്. ചില സീരിയൽ താരങ്ങളും കുടുംബയോഗങ്ങളിലും മറ്റും പങ്കെടുക്കുന്നുണ്ട്. ശബരീനാഥും വിജയകുമാറും മമ്മൂട്ടിയെ കഴിഞ്ഞ ദിവസമാണ് പോയി കണ്ടത്. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവർത്തനം ഫലം കാണുമോയെന്ന് അരുവിക്കര ഫലം വരുമ്പോൾ അറിയാം.