മലയാളസിനിമയില്‍ കൂട്ടക്കല്യാണം

ചിങ്ങമാസം ആഘോഷത്തിമിർപ്പിന്റേതാണ്. പഞ്ഞ കർക്കിടകത്തിൽ നിന്ന് പോന്നാണത്തിലേക്കുള്ള ചുവടുവയ്പ്പ്. വിവാഹങ്ങളും ചോറൂണുമൊക്കെയായി ചിങ്ങമാസപ്പുലരിയെത്തുമ്പോൾ മലയാളി നായികമാരും കസവു സാരിയുടുത്ത് വിവാഹത്തിനൊരുങ്ങുകയാണ്. സിനിമയിലല്ല, ജീവിതത്തിലും ഇവർ നായകന്റെ വിരൽ തുമ്പു പിടിച്ച് വിവാഹ സ്വപ്നങ്ങൾ നെയ്തു തുടങ്ങി.

ബോളിവുഡിലും കോളിവൂഡിലും ഒരുപോലെ തിളങ്ങിയ അസിൻ തോട്ടുങ്കലാണ് ആദ്യം വിവാഹവാർത്തയുമായെത്തിയത്. മൈക്രോമാക്സ് കമ്പനിയുടെ ഉടമ രാഹുല്‍ ശർമ്മയാണ് സിനിമാകഥ പോലെ അസിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളാണ് രാഹുല്‍ ശർമ്മ(36). ഏറ്റെടുത്ത കരാറുകളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലുമാണ് അസിനിപ്പോൾ. അതിനു ശേഷമാവും വിവാഹം.

നടി അർച്ചനാ കവിയും വിവാഹത്തിനൊരുങ്ങുകയായണ്. സോളോ കോമഡി സ്‌റ്റേജുകളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുവാണ് അര്‍ച്ചനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്.

നടി മുക്തയും വിവാഹിതയാവുകയാണ്. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് യുവ നടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. ഈ മാസം 30ന് ഇടപ്പള്ളി പള്ളിയില്‍ വച്ചാണു വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടക്കും. ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്.

നടി ശരണ്യ മോഹനും വിവാഹമടുത്തു, വരൻ തിരുവനന്തപുരത്തെ ഡോ. അരവിന്ദ് കൃഷ്ണൻ. പെട്ടെന്നായിരുന്നു ആലോചനയും നിശ്ചയവുമെല്ലാം. സെപ്തംബറിലാണ് ശരണ്യയുടെ വിവാഹം.

പ്രേമത്തിന്‍റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും വിവാഹിതനാകുന്നു. നിര്‍മാതാവ് ആല്‍വിന്‍ ആന്‍റണിയുടെ മകള്‍ അലീന മേരി ആന്‍റണിയാണ് വധു. ഓഗസ്റ്റ് 17ന് കൊച്ചിയിലാണ് വിവാഹനിശ്ചയം. പ്രേമത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഹരം മായും മുമ്പാണ് അല്‍ഫോന്‍സ് വിവാഹജീവിതത്തിലേക്ക് ചുവുടവയ്ക്കുന്നത്.