ഇന്ത്യയുടെ സെല്ലുലോയ്ഡ് മാൻ...

ഇന്ത്യൻ സിനിമകളുടെ ഇന്നലെകളെ നാളേക്കായി ചിതലരിക്കാതെ സൂക്ഷിച്ചുവച്ച മനുഷ്യൻ. പുനെയിലെ നാഷണൽ ഫിലിം ആർക്കൈവ് സ്ഥാപകനായ പി കെ നായരെ നമുക്ക് അങ്ങനെ വിശേഷിപ്പിക്കാം. കാലത്തിന്റെ അനിവാര്യമായ വെള്ളിത്തിരയിലേക്ക് ഊന്നുവടിയുമൂന്നി നടന്നുപോകുന്നത് എത്രത്തോളം മഹത്തായ കാൽപാടുകളാണെന്നറിയണമെങ്കിൽ നിങ്ങൾ ഇന്ത്യൻ സിനിമയെ അറിയണം. ആ സിനിമയ്ക്ക് ഈ മനുഷ്യൻ നൽകിയ സംഭാവനകളെ അറിയണം. ഇന്ത്യൻ ചലച്ചിത്ര മേളകളിൽ ഒരു കോട്ടണിഞ്ഞ് കണ്ണടയെ നെറ്റിയിലേക്ക് കയറ്റിവച്ച് ചലച്ചിത്രത്തിന്റെ തിരനോട്ടങ്ങളാടുന്ന കണ്ണുകളുമായി സഞ്ചരിച്ച പി കെ നായർ ഇനി ഓർമയാണ്.

അവഗണനയുടെ ക്ലാവ് പിടിക്കുമായിരുന്ന പല ചലച്ചിത്രങ്ങളേയും പല യാഥാർഥ്യങ്ങളേയും ആർക്കൈവിലേക്ക് ചേർത്തുവയ്ക്കുകയും വിളിച്ചുപറയുകയും ചെയ്തു പി കെ നായർ. സിനിമയുടെ റീലുകൾ തേടിയലയുവാനും അത് സൂക്ഷിച്ചുവയ്ക്കുകയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമെന്ന് തോന്നാം. ഇന്ത്യൻ സിനിമയുടെ നാഴികക്കല്ലുകളായ ദാദാസാഹിബ് ഫാൽക്കേയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയമർദൻ, ബോംബെ ടാക്കീസ്, ജീവൻ നൈയാ, ബന്ധന്‍, കങ്കൺ, കിസ്മത്,എസ് എസ് വാസന്റെ ചന്ദ്രലേഖ, ഉദയ് ശങ്കറിന്റെ കൽപന തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം പ്രിന്റുകൾ കണ്ടെത്തിയത് ഈ അന്വേഷിയാണ്. അത് മാത്രമോ ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവാരെന്ന ചോദ്യത്തിനുള്ള ഉത്തരം ദാദാ സാഹിബ് ഫാൽക്കെയാണെന്ന് കണ്ടെത്തിത്തന്നതും പി കെ നായരാണ്.

1953ൽകേരള സർവകലാശാലയിൽ നിന്ന് ബിരുദം പൂർ‍ത്തിയാക്കിയ ശേഷം ബോംബെയിലേക്ക് സിനിമാ സംവിധാനം പഠിക്കാനുള്ള പി കെ നായരുടെ യാത്ര എത്തിച്ചേർന്നത് ഇന്ത്യൻ സിനിമളുടെ സൂക്ഷിപ്പുകാരനെന്ന വേഷത്തിലേക്കായിരുന്നു. ബാല്യത്തിലേ സിനിമ ആ മനസിൽ കടന്നുകൂടിയിരുന്നു. മൗനംപൂണ്ട കറുപ്പും വെളുപ്പിലുമുള്ള ഫ്രെയിമുകളിൽ നിന്ന് നിറങ്ങളിലേക്ക്, സാങ്കേതികത്തികവിന്റെ അവസാനവാക്കിലേക്ക് സിനിമ നടന്നുകയറിയ ഓരോ ഘട്ടത്തെയും നാലു ചുവരുകൾക്കുള്ളിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട് ഇദ്ദേഹം. ചലച്ചിത്ര ലോകത്ത് നടന്ന അസാധാരണവും അപരിചിതവുമായ മുന്നേറ്റത്തിന് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും സൗത്ത് ഏഷ്യൻ സിനിമാ ഫൗണ്ടേഷനും ചേർന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ ദ ഫീൽ‍ഡ് ഓഫ് ഫിലിം പ്രിസർവേഷൻ പുരസ്കാരം നൽകിയിട്ടുണ്ട്. സത്യജിത് റേ പുരസ്കാരവും നേടിയിട്ടുണ്ട്.

1964ൽ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമകളുടെ പ്രിൻറുകൾ സൂക്ഷിക്കാൻ രൂപീകരിച്ച നാഷണൽ ഫിലിം ആർക്കൈവിലെ ക്യൂറേറ്ററിൽ നിന്ന് ഇന്ത്യൻ സിനിമയുടെ സെല്ലുലോയ്ഡ് മാനിലേക്കുള്ള പി കെ നായരുടെ യാത്ര തന്റെ ലക്ഷ്യത്തിൽ ലഹരിപിടിച്ച ഒരു ഏകാന്തപഥികന്റേതാണ്. തിരശീലയ്ക്കുള്ളിൽ ആടിത്തീർത്താൽ പോര, പ്രേക്ഷകന്റെ മനസിനുള്ളിൽ സ്ഥാനം പിടിച്ചാൽ പോര നാളെ പ്രേക്ഷകൻ എപ്പോൾ ആവശ്യപ്പെട്ടാലും കാണാൻ പാകത്തിലൊരിടത്ത് ഇന്ത്യയിലെ എല്ലാ ചിത്രങ്ങള്‍ക്കുമുണ്ടാകണമെന്ന വാശിയുണ്ടായിരുന്നു അദ്ദേഹത്തിന്.

സിനിമയുടെ വെള്ളിവെളിച്ചം കൊതിക്കാതെ അതിനു പിന്നിൽ മറഞ്ഞു നിന്ന് സിനിമയുടെ ശ്രേഷ്ഠതയെ ആദരവോടെ മാത്രമേ പി കെ നായർ സിനിമയെ കണ്ടിട്ടുള്ളൂ. ഇന്ത്യൻ സിനിമകളുടെ ചരിത്രത്തിന്റെ റീൽ തുന്നൽവിടാതെ നിങ്ങൾക്ക് കണ്ടുതീർക്കാനാകുന്നുവെങ്കിൽ അത് കണ്ട് സിനിമയ്ക്കുള്ളിലെ സിനിമാക്കഥയെ നിങ്ങൾക്ക് അറിയാൻ കഴിയുന്നുവെങ്കിൽ കാരണം ഈ മലയാളിയാണ്, ശരീരം താങ്ങിനിർത്താൻ ഒരു വടിയുടെ ആവശ്യം വേണ്ടി വന്ന ഘട്ടത്തിൽ പോലും തന്റെ കർമത്തിൽ നിന്ന് വ്യതിചലിക്കാനായില്ല അദ്ദേഹത്തിന്. ഇന്ത്യൻ സിനിമയുടെ ചരിത്രമുറങ്ങുന്ന നാലു ചുവരുകൾക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ ശ്വാസവും. ‌ഇനിയും അതവിടെ തന്നെയുണ്ടാകും.

ഇന്ത്യയിൽ മാത്രമല്ല പ്രിന്റുകൾ തേടി പി കെ നായർ യാത്ര തുടർന്നത്. ലോകത്തു നിന്നൊട്ടാകെ ശേഖരിച്ചത് പതിമൂവായിരത്തോളം ചിത്രങ്ങളാണ്. ഇന്ത്യയിൽ പുറത്തിറങ്ങിയ 1700 നിശബ്ദ ചിത്രങ്ങളിൽ ഒമ്പതെണ്ണമേ ഇന്ന് നമുക്ക് കാണാനാകൂ. അതെങ്കിലും സാധ്യമാക്കിയത് ഈ മനുഷ്യനാണ്. 1991ൽ ഔദ്യോഗിക ജീവിതത്തിന് വിരാമമിടുമ്പോൾ 8000ൽ‌ അധികം സിനിമകൾ ഇദ്ദേഹത്തിലൂടെ ലൈബ്രറിക്ക് ലഭിച്ചിരുന്നു. സിനിമകളെ ഇഴകീറി പഠിക്കുകയും, അതിന്റെ ആശയസംവേദനത്തിന്റെ ശക്തിയേയും ആ മാധ്യമത്തിനുള്ളിലൊളിഞ്ഞിരിക്കുന്ന അത്ഭുതത്തെയും കുറിച്ച് മനസിലാക്കേണ്ട ഇടങ്ങൾ കൂടിയാകണം ചലച്ചിത്ര മേളകളെന്ന കാര്യം ഓപ്പൺ ഫോറം എന്ന ആശയത്തിലൂടെ ഇന്ത്യയില്‍ യാഥാർഥ്യമായതിനു കാരണവും പി കെ നായരാണ്.

ഇന്ത്യൻ ചലച്ചിത്ര ലോകം കണ്ട മഹാരഥൻമാർക്കെല്ലാം പി കെ നായർ ഗുരുതുല്യനാണ്. പ്രത്യേകിച്ച് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക്. മൃണാൾ സെൻ, ഋത്വിക് ഘട്ടത്, അടൂർ ഗോപാലകൃഷ്ണൻ, ഷാജീ എൻ കരുൺ ബാലു മഹേന്ദ്ര, ഗിരീഷ് കാസറവള്ളി, മീരാ നായർ, ഗുൽസാർ, കമൽഹാസൻ തുടങ്ങി എത്രയോ പ്രതിഭകൾക്ക് ഇദ്ദേഹം മാർഗദർശിയായിരിക്കുന്നു. തന്നിലാരോ ഏൽപ്പിച്ച ദൗത്യം പോലെ അശ്രാന്തമായി പരിശ്രമിച്ച് പി കെ നായർ ഇന്ത്യൻ സിനിമയുടെ ആർക്കൈവുണ്ടാക്കി. ഒരിക്കലും കൈവിട്ടുകളായാനാകാത്തെ പോലെ ഇന്ത്യൻ സിനിമകളുടെ ഇന്നലെകളിലെ, ഇന്നിന്റെ ചരിത്രം നാളേക്കായി കരുതിവച്ച മഹാരഥന് എന്ത് ആദരം കൊടുത്താലും മതിയാകില്ല. ഇന്ത്യൻ സിനിമ അതിന്റെ നൂറാം വർഷം ആഘോഷിച്ച സമയത്ത് ഇദ്ദേഹത്തെ കുറിച്ചൊരു ഡോക്യുമെന്ററിയെത്തിയിരുന്നു. ശിവേന്ദ്ര സിങ് ദുങ്കാർപൂറിന്റെ ചിത്രം. അതിന്റെ പേര് എന്തായിരുന്നുവെന്നോ

സെല്ലുലോയ്ഡ് മാൻ...ഈ ഒരൊറ്റ പേര് മതി വെള്ളിത്തിരയും ഈ തിരുവനന്തപുരത്തുകാരനും തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ ആഴം മനസിലാക്കുവാൻ.