അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാകാതെ ചാലക്കുടി

കലാഭവൻ മണിയുടെ അപ്രതീക്ഷിത വേർപാടു ചാലക്കുടിക്കു വിശ്വസിക്കാനായിട്ടില്ല. മണി ആശുപത്രിയിലാണെന്നറിഞ്ഞതോടെ പ്രാർഥനയിൽ മുഴുകിയ നാട് വെന്റിലേറ്ററിൽനിന്നു നീക്കി മരണം സ്ഥിരീകരിച്ചുവെന്ന് അറിഞ്ഞതോടെ നടുക്കത്തിലായി. നാടിന് നഷ്ടമായത് ചാലക്കുടിയെന്ന പേര് ലോകം മുഴുവൻ എത്തിച്ച കലാകാരനെ. മണിയുടെ മണിക്കൂടാരമെന്ന വീട്ടിലേക്ക് തേങ്ങലുമായി ആരാധകരുടെ ഒഴുക്കായിരുന്നു പിന്നീട്.

അന്യദേശങ്ങളിൽനിന്ന് കലാഭവൻ മണിയെ കാണാൻ എത്തുന്ന ആരാധകർ മണിയുടെ നാടായ ചേനത്തുനാടിന് പതിവു കാഴ്ചയായിരുന്നു. ആ ജനക്കൂട്ടത്തിനു പ്രായഭേദമില്ലായിരുന്നു. ഒരു നോക്കു കാണാൻ എത്തുന്നവരെ സ്വീകരിച്ച്, കുശലം ചോദിച്ച്, സമയമുണ്ടെങ്കിൽ നാടൻ പാട്ടിന്റെ നാലു വരി പാടിയാണ് മണി യാത്ര പറയാറ്. പ്രായത്തിൽ മുതിർന്നവർക്ക് മണിയും ഇളയവർക്ക് മണിച്ചേട്ടനുമായിരുന്നു. പരിചയമുള്ള ഓരോരുത്തരെയും പേരെടുത്ത് വിളിച്ചും തോളിൽ കയ്യിട്ടു ചേർത്തണച്ചും മണി അവരിലൊരാളാകുമായിരുന്നു. കാവിമുണ്ടുടത്ത്, ഓട്ടോറിക്ഷയോടിച്ച് ചാലക്കുടിയുടെ നിരത്തുകളിൽ മണിയെത്തിയപ്പോൾ സാധാരണക്കാരനായി ആരംഭിച്ച ജീവിതം അദ്ദേഹം മറന്നിട്ടില്ലെന്ന് ജനം ഓർത്തു.

ദരിദ്രകുടുംബത്തിൽ ജനിച്ച് ഓട്ടോറിക്ഷ ഡ്രൈവറായി ജീവിതം ആരംഭിച്ച മണി ആ ജീവിതം പകർത്തിവച്ച ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. മണൽ വാരൽ തൊഴിലാളിയായും മിമിക്രി കലാകാരനായും നാടൻപാട്ടുകാരനായും തെങ്ങുകയറ്റ തൊഴിലാളിയായും ജീവിച്ച വേഷങ്ങളെല്ലാം സൂപ്പർ ഹിറ്റായി. നാടിനെ മറക്കാത്ത മണി നാടിന്റെ വികസനങ്ങളിൽ തന്റേതായ വഴി തെളിച്ചു.

യാത്രായോഗ്യമല്ലാത്ത റോഡ് ടാറിങ് നടത്തി നൽകുന്നതടക്കമുള്ള വികസനപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയും നഗരത്തിന്റെ ആഘോഷങ്ങൾക്ക് ഹരം പകരുന്ന ആതിഥേയനായുമുള്ള മണിയുടെ റോൾ ജനം ഇഷ്ടപ്പെട്ടു. ക്രിസ്മസിനു കൂറ്റൻ നക്ഷത്രം സ്ഥാപിച്ചും ഉൽസവങ്ങൾക്കു കാവടിയാട്ടങ്ങളുടെ മുൻപിൽ നിന്നും കൂട്ടുകാരുടെ വലയത്തിനുള്ളിലായിരുന്നു നാട്ടിലുള്ളപ്പോഴെല്ലാം മണി. പലരും വിമർശനവുമായി എത്തിയിട്ടും ഈ കൂട്ടുകെട്ട് വിട്ടൊരു കളിക്ക് മണി തയാറായില്ല. പുഴയോരത്തെ സൗഹൃദസദസുകൾ രാവേറെ നീണ്ടാലും പിറ്റേന്ന് അതിരാവിലെ നടക്കേണ്ട ഷൂട്ടിങ്ങിന്റെ ടെൻഷനൊന്നുമില്ലാതെ മണി കൂട്ടുകാരുടെ കൂടെത്തന്നെ നിൽക്കുമായിരുന്നു.