ആത്മഹത്യയുടെ ലൈവ്

ലെൻ‌സ് സിനിമയിൽ നിന്ന്

അരവിന്ദിന് ഫെയ്‌സ്ബുക്കിലൂടെ നിക്കി എന്ന പെണ്‍കുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടുന്നു. ചാറ്റിങ്ങിലൂടെ സൗഹൃദം ശക്തമായതോടെ നിക്കി ആവശ്യമറിയിച്ചു. തന്റെ ആത്മഹത്യ അരവിന്ദ് ലൈവായി കാണണം. ത്രില്ലര്‍ സ്വഭാവമുളള ലെന്‍സ് എന്ന സിനിമ ഇവിടെ തുടങ്ങുന്നു. ഈ സിനിമ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും മൊബൈല്‍ ഇന്റര്‍നെറ്റില്‍ സദാ വിഹരിക്കുന്ന മലയാളികുടുംബങ്ങള്‍ക്ക്  ഒരു മുന്നറിയിപ്പാകട്ടെയെന്ന് കരുതിയാണ് ഈ സിനിമയുടെ വിതരണം എല്‍. ജെ ഫിലിംസ് ഏറ്റെടുത്തതെന്നും ലാല്‍ ജോസ് ഫെയ്‌സ്ബുക്കിലെഴുതി. ഇപ്പോള്‍ സിനിമ കണ്ടിറങ്ങുന്നവരും ഈ തീരുമാനത്തിന് കയ്യടിക്കുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ജയപ്രകാശ് രാധാകൃഷ്ണന്‍ ലെന്‍സിനെക്കുറിച്ച് സംസാരിക്കുന്നു.

ലെന്‍സ് ഒരു അവാര്‍ഡ് സിനിമയോണോ?

പ്രദര്‍ശിപ്പിച്ച ചലച്ചിത്ര മേളകളിലെല്ലാം ലെന്‍സിന് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. പക്ഷെ ഇത് ഫാസ്റ്റായി കഥപറയുന്ന മുഴുനീള ത്രില്ലര്‍ സിനിമയാണ്. ആദ്യത്തെ സീന്‍ മുതല്‍ അവസാനത്തേത് വരെ ശ്വാസം അടക്കിപ്പിടിച്ച് സിനിമകണ്ടു എന്നാണ് റിവ്യൂകളില്‍ എല്ലാം പറയുന്നത്. എല്ലാതരം പ്രേക്ഷകരേയും രസിപ്പിക്കുന്ന സിനിമയാണ് ലെന്‍സ്. 

ജയപ്രകാശ് രാധാകൃഷ്ണന്‍

താരങ്ങളില്ല എന്ന പരാതിയെക്കുറിച്ച് ?

ശക്തമായ കഥാപാത്രങ്ങളാണ് ഈ സിനിമയുടെ കരുത്ത്.  ആനന്ദ് സ്വാമിയെപോലുളള നടന്‍മാര്‍ സിനിമയില്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാഴ്ച വച്ചിരിക്കുന്നു. സുബ്രഹ്മണ്യപുരത്തിന്റെ ക്യാമറമാനായിരുന്ന കതിരാണ് ക്യാമറ.ബജറ്റു മുഴുവന്‍ ഉപയോഗിച്ച്  നല്ല സിനിമയുണ്ടാക്കാനായിരുന്നു ശ്രമം. കൈകാര്യം ചെയ്യുന്ന വിഷയവും കഥയുമാണ് ലെന്‍സിലെ താരം.ഒന്ന് കണ്ട് നോക്കൂ, ഇത് നിങ്ങള്‍ക്കും ബോധ്യപ്പെടും.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും കുടുംബസമാധാനത്തെ തകര്‍ക്കുന്നതിന്റെ കഥയാണല്ലോ ലെന്‍സിന്റേത് ?

രണ്ടാഴ്ച മുമ്പ് മനോരമ തന്നെ റിപ്പോര്‍ട് ചെയ്തത് ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെ യുവാക്കളെ ചതിയില്‍പെടുത്തിയ 80 കേസുകളാണ് കേരളപോലീസ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് എന്നാണ്. കൈവെളളയില്‍ നാം ഒതുക്കിപ്പിടിക്കുന്ന മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അതിലൂടെ നടത്തുന്ന വര്‍ത്തമാനങ്ങളും തീര്‍ത്തും സ്വകാര്യമാണെന്നാണ് നമ്മള്‍ കരുതുന്നത്. നമ്മള്‍ സ്വകാര്യം എന്ന് കരുതുന്ന ഈ വര്‍ത്തമാനങ്ങളോ ഫോട്ടോകളോ വീഡിയോകളോ ഒന്നും സ്വകാര്യമല്ലെന്നും അവയെല്ലാം നമ്മെ തിരിഞ്ഞുകൊത്തുന്നതെങ്ങനെയെന്നും ഈ സിനിമ കാണിച്ച് തരുന്നു. മക്കളെ സ്‌നേഹിക്കുന്ന അച്ഛനമ്മമാര്‍ ഈ സിനിമ കുട്ടികളെ കാണിക്കണം. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന നമ്മളെല്ലാം കുടുംബസമേതം  കണ്ടിരിക്കേണ്ട സിനിമയാണിത്.

ലെന്‍സ് ഇംഗ്‌ളീഷ് സിനിമയാണെന്നാണ് മറ്റൊരു പരാതി ?

കഥ നടക്കുന്നത് ചെന്നെ നഗരപശ്ചാത്തലത്തിലാണ്.മലയാളം, തമിഴ്, ഇംഗ്‌ളീഷ്, ഹിന്ദി എന്നീ ഭാഷകളൊക്കെ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ടിതില്‍.തമിഴന്‍ കഥാപാത്രത്തെ കൊണ്ട് മലയാളം പറയിപ്പിച്ചാല്‍ സ്വാഭാവികത നഷ്ടപ്പെടും. ശരാശരി മലയാളി പ്രേക്ഷകന് മനസ്സിലാകാത്ത ഒറ്റ വാക്ക് പോലും ഈ സിനിമയിലില്ല.  ഭാഷയോ പശ്ചാത്തലമോ ഒന്നും ശ്രദ്ധിക്കാന്‍ ഇട നല്‍കാത്ത വേഗത്തില്‍ കഥ പറയുന്ന ത്രില്ലര്‍ പടമാണിത്.