സമരം വിനയായി; മലയാളചിത്രങ്ങൾക്ക് കൂട്ടറിലീസ്

ഇത്തവണ ക്രിസ്മസ് റിലീസുകളുടെ കാര്യത്തിൽ ഒരു തീരുമാനമായി. തിയറ്റർ സമരം നിലനിൽക്കുന്നതോടെ ഈ വെള്ളിയാഴ്ച ഒരു മലയാളചിത്രം പോലും റിലീസിനെത്തുന്നില്ല. സമരത്തിന് ഒരു തീരുമാനമാകാത്ത സാഹചര്യത്തിലാണ് സിനിമകളുടെ റിലീസ് തിയതി മാറ്റാൻ നിർബന്ധിതരായത്. ഈ സാഹചര്യത്തിൽ 24, 25 തിയതികളിലായി സിനിമ കൂട്ടത്തോടെ റിലീസ് ചെയ്യും.

നിലവിൽ ഈ വെള്ളിയാഴ്ച അന്യഭാഷചിത്രങ്ങൾ മാത്രം റിലീസിനെത്തും. ഷാരൂഖ് ഖാന്റെ ദിൽവാലേ, രൺവീർ സിങിന്റെ ബജിറാവോ മസ്താനി, ധനുഷിന്റെ തങ്കമകൻ എന്നീ ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുക.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചാർലി ഡിസംബർ‌ 18നാണ് റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സമരം കാരണം റിലീസ് മാറ്റി എന്നാണ് റിപ്പോർട്ട്. ദിലീപിന്റെ 2 കൺട്രീസ്, ഫ്രൈഡേ ഫിലിംസിന്റെ അടി കപ്യാരേ കൂട്ടമണി, ഉണ്ണി മുകുന്ദന്റെ സ്റ്റൈൽ, മഞ്ജു വാരിയറുടെ ജോ ആൻഡ് ദ് ബോയ് എന്നീ ചിത്രങ്ങളും 24, 25 തിയതികളിൽ റിലീസിനെത്തും.

റിലീസ് തിയതി മാറ്റിയതും സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്നതും എല്ലാ ചിത്രങ്ങളുടെ കളക്ഷനെയും ബാധിച്ചേക്കാം. സാംസ്കാരിക ക്ഷേമനിധി ബോർഡിലേക്കുള്ള സെസ് പിരിക്കുന്നതിനെ ചൊല്ലിയാണ് ഇക്കുറി തിയറ്റർ സമരം. ടിക്കറ്റൊന്നിന് ക്ഷേമനിധി സെസ് തുകയായ മൂന്ന് രൂപ മുൻകൂർ നൽകാതെ ടിക്കറ്റ് സീൽ ചെയ്ത് നൽകില്ലെന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് തിയറ്ററുകൾ അടച്ചിടുന്നത്. സിനിമ ടിക്കറ്റുകളിൽ സെസ് പിരിച്ച് സാമൂഹിക പ്രവർത്തക ക്ഷേമ ഫണ്ടിൽ അടക്കണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഓരോ ടിക്കറ്റിനും മൂന്ന് രൂപ വീതം അടക്കണം.

75 കേന്ദ്രങ്ങളിലായി 330 തിയറ്ററുകള്‍ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഭാഗമായിട്ടുണ്ട്. മൾട്ടിപ്ലെക്സുകൾ സമരത്തിന്റെ ഭാഗമല്ലെങ്കിലും ഇത്രയും എ ക്ലാസ് തിയറ്ററുകളില്ലാതെ ഉത്സവസിനിമകൾ റിലീസ് ചെയ്യുന്നത് കനത്ത നഷ്ടമുണ്ടാക്കും. ഈ കാരണം കൊണ്ടാണ് റിലീസ് തിയതി മാറ്റാൻ സിനിമാക്കാർ നിർബന്ധിതരായതും.