ക്ലാസ്മേറ്റ്സ്, ഒരു ഒാർമപ്പെടുത്തൽ

പത്താം ക്ലാസ്സിലെ ഒാണപ്പരീക്ഷയുടെ അവസാന ദിവസം. പരീക്ഷ ഏതായിരുന്നുവെന്ന് കൃത്യമായി ഒാർക്കുന്നില്ല. പക്ഷേ അന്ന് തീയറ്ററിൽ ഒാടിയിരുന്ന സിനിമകൾ ഇന്നും മനസ്സിലുണ്ട്. ലാലേട്ടന്റെ മഹാസമുദ്രവും മമ്മൂക്കയുടെ ഭാർഗവചരിതം മൂന്നാം ഖണ്ഡവും പിന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാംപസ് സിനിമകളിലൊന്നായ ക്ലാസ്മേറ്റ്സും.

മഹാസമുദ്രത്തിന്റെ റിലീസ് ദിനം അന്നായിരുന്നു. ഭാർഗവചരിതം തലേന്നായിരുന്നു പുറത്തിറങ്ങിയത് എന്നാണോർമ്മ. ക്ലാസ്മേറ്റ്സാവട്ടെ ഒരാഴ്ചയായി കോട്ടയത്തെ മിനി തീയറ്ററായ ആഷയിലുണ്ട്. സ്കൂളിൽ മിക്കവരും ലാലേട്ടൻ ഫാൻസ്. അവിടിവിടെയായി മമ്മൂക്കയ്ക്കും ആരാധകരില്ലെന്നല്ല. പക്ഷേ മോഹൻലാൽ സിനിമയുടെ റിലീസിന്റന്നു മാത്രം അവരും ലാലേട്ടൻ ഫാൻസാവും.

പരീക്ഷ കഴിഞ്ഞതും നേരെ ബസ്സിൽ കയറി കോട്ടയം അനുപമ തീയറ്ററിലേക്ക് വച്ചു പിടിച്ചു. ആദ്യ ഷോയോ കാണാൻ പറ്റിയില്ല. എങ്ങനെയെങ്കിലും മാറ്റിനിക്ക് ടിക്കറ്റൊപ്പിക്കണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. ആകെ മൊത്തം 20 പേരുണ്ട് സംഘത്തിൽ. തീയറ്ററിനു മുന്നിൽ ചെന്നപ്പോൾ ക്യൂ തീയറ്ററും പരിസരവും കഴിഞ്ഞ് റോഡിലേക്കെത്തിയിരുന്നു. കൂട്ടത്തിൽ തടിമിടുക്കുള്ള മൂന്നു നാലു േപർ ഒരു വിധത്തിൽ അകത്ത് കയറിപ്പറ്റി. തിക്കും തിരക്കും അടിയും ഇടിയും ആകെ ബഹളമയം. ലാലേട്ടന്റെ സിസർ കട്ട് കണ്ട് ആവേശ പുളകിതരായി ആദ്യ ഷോ കണ്ടിറങ്ങി വന്നവരുടെ ആഹ്ലാദ പ്രകടനങ്ങൾ കൂടിയായതോടെ സിനിമയോടുള്ള കൊതി ഇരട്ടിയായി.

പക്ഷേ കൊതിച്ചതെല്ലാം വിധിച്ചിരിക്കണമെന്നില്ലല്ലോ. ലോകം കീഴടക്കിയ ഭാവത്തിൽ ടിക്കറ്റുമായി സുഹൃത്തുക്കൾ വന്നു. എണ്ണി നോക്കിയപ്പോൾ 4 എണ്ണം കുറവ്. അളിയാ... നെഞ്ച് പൊട്ടി ഞാൻ വിളിച്ചു. (ഇന്നായിരുന്നെങ്കിൽ ബ്രോ എന്നാകുമായിരുന്നു ആ വിളി). നിങ്ങളില്ലെങ്കിൽ ഞങ്ങളും കാണുന്നില്ല എന്നു പറഞ്ഞ് സിനിമയ്ക്ക് കയറാൻ കൂട്ടാക്കാതിരുന്ന ആവരെ ആശ്വസിപ്പിച്ച് തീയറ്ററിലേക്ക് കയറ്റി ഞങ്ങൾ അഭിലാഷിലേക്ക് ഒാടി. മമ്മൂക്കയെങ്കിൽ മമ്മൂക്ക. ഭാർഗവചരിതം തന്നെ ഇനി ശരണം. ഒാടി കിതച്ച് അവിടെയെത്തിയപ്പോൾ വലിയൊരു ബോർഡ് മുന്നിൽ തൂങ്ങുന്നു. ‘ഹൗസ് ഫുൾ’.

സാധാരണ ഇതു പോലെ ടിക്കറ്റ് കിട്ടാത്ത അവസരങ്ങളിൽ തൊട്ടടുത്ത ആര്യാസിൽ പോയി മസാല ദോശ കഴിച്ച് നിർവൃതിയടയാറാണ് പതിവ്. അങ്ങനെ മസാല ദോശയെ മനസ്സിൽ ധ്യാനിച്ച് തിരികെ നടക്കാനൊരുങ്ങിയപ്പോൾ സൈഡിലൊരു പോസ്റ്റർ കണ്ടു. ‘ക്ലാസ്മേറ്റ്സ്’. ടാ ഇൗ പടത്തിന് കയറിയാലോ ? ഞാൻ ചോദിച്ചു. ചേട്ടാ ഇതിനു ടിക്കറ്റ് കിട്ടുമോ എന്ന് സെക്യൂരിറ്റിയോടെ ചോദിച്ചപ്പോൾ അടച്ച ഗെയ്റ്റ് മലർക്കെ തുറന്ന് അദ്ദേഹം ഞങ്ങളെ അകത്തേക്ക് സ്വാഗതം ചെയ്തു. കൂടെയുള്ളവർ മസാല ദോശയ്ക്ക് വേണ്ടി കൈ പൊക്കിയപ്പോൾ ഞാൻ ക്ലാസ്മേറ്റ്സ് കാണാൻ പ്രത്യേക താൽപര്യമെടുത്തത് മറ്റൊന്നും കൊണ്ടായിരുന്നില്ല. ഇൗ സിനിമയുടെ ഷൂട്ടിങ് ഞങ്ങളുടെ നാട്ടിലായിരുന്നു. പല രംഗങ്ങളും ഷൂട്ട് ചെയ്യുന്നത് അടുത്ത് നിന്ന് കാണാനും കഴിഞ്ഞിരുന്നു. ചിത്രം റിലീസായെന്നു പക്ഷേ അന്നാണ് ഞാൻ അറിയുന്നത്.

ഒടുവിൽ വിമുഖരായി നിന്ന സുഹൃത്തുക്കളെയും കൂട്ടി രണ്ടും കൽപിച്ച് ആഷ എന്ന കൊച്ചു കൂടാരത്തിലേക്ക് കയറി. തീയറ്ററിൽ ആകെ ഏതാണ്ട് 30 പേരുണ്ട്. ഒാളവും ബഹളുമില്ല. നിശബ്ദം. സിനിമ തുടങ്ങി. സുകുവും താരയും സതീശൻ കഞ്ഞിക്കുഴിയുമൊക്കെ ഞങ്ങൾക്കിടയിലേക്ക് വന്നു. കാറ്റാടിത്തണലേറ്റ പാട്ടുകൾ ഖൽബിനെ കീഴടക്കി. ഇടവേളയുടെ സമയത്ത് പോലും ഞങ്ങൾ സംസാരിച്ചില്ല. പൊടിമീശക്കാരന്റെയും ഉണ്ടക്കണ്ണിയുടെയും പ്രണയം ഞങ്ങൾ വിസ്മയത്തോടെ നോക്കി കണ്ടു. അവരുടെ നഷ്ടങ്ങൾ ഞങ്ങളുടെയും നഷ്ടങ്ങളായി. അവരുടെ കൂടിച്ചേരൽ ഞങ്ങളും കണ്ണ് നിറഞ്ഞു നോക്കി കണ്ടു.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ക്ലാസ്മേറ്റ്സ് ഞങ്ങളെ വിട്ടു പോയില്ല. അതു വരെ ഒരു കോളജിന്റെ പടി പോലും കയറാത്ത ഞങ്ങൾ രണ്ടര മണിക്കൂർ കൊണ്ട് കോളജ് ലൈഫ് മുഴുവൻ അനുഭവിച്ചു. ആ ലാൽജോസ് ചിത്രം ഞങ്ങളെ അക്ഷരാർത്ഥത്തിൽ വേട്ടയാടി. പുറത്ത് ലാലേട്ടൻ – മമ്മൂക്ക ഫാൻസിന്റെ ശക്തി പ്രകടനം ഗംഭീരമായി അരങ്ങേറുകയായിരുന്നു. മഹാസമുദ്രം കണ്ടിട്ടു വന്ന സുഹൃത്തുക്കൾ ചിത്രത്തിലെ ആക്ഷൻ മാസ് രംഗങ്ങളെക്കുറിച്ചൊക്കെ വാചാലരായി. അവരോടെ എന്തു പറയണമെന്നറിയാതെ ഞങ്ങൾ അന്യോന്യം നോക്കി നിന്നു. കാരണം വാക്കുകളാൽ വർണിക്കാൻ കഴിയുന്നതിനുമപ്പുറത്തായിരുന്നു ക്ലാസ്മേറ്റ്സ് ഞങ്ങൾക്ക് സമ്മാനിച്ച അനുഭവം.

അവിടെ നിന്നും ഞങ്ങൾ നേരെ പോയത് സി എം എസ്സിലേക്കാണ്. നേരം സന്ധ്യയായിരുന്നെങ്കിലും സെക്യൂരിറ്റിയുടെ കാലു പിടിച്ച് ക്യാംപസിൽ കയറി. താരയും സുകുവും നടന്ന വഴികളിലൂടെ ഞങ്ങളും നടന്നു. അവർ പ്രണയിച്ച കൽപ്പടവുകളിലിരുന്ന് ഞങ്ങളും സ്മരണകൾ അയവിറക്കി. ആ വരാന്തയിലും ക്ലാസ് മുറികളിലും ഞങ്ങൾ മുരളിയെ കണ്ടു. അവന്റെ പാട്ടു കേട്ടു. റസിയയെയും അവളുടെ നിശബ്ദ പ്രണയത്തെയും ഞങ്ങൾ അറിഞ്ഞു. കാലമേറെയായി കാത്തിരുന്ന താരയും സുകുവും ഞങ്ങളെ വേദനിപ്പിച്ചു.

പിന്നീടിങ്ങോട്ട് രണ്ടാഴ്ച കൂടി ക്ലാസ്മേറ്റ്സ് ആഷയിൽ ഒാടി. ശേഷം അഭിലാഷ് എന്ന ബിഗ് സ്ക്രീനിലേക്ക്. പിന്നീട് നടന്നതൊക്കെ ചരിത്രം. സിനിമ കണ്ടു പിറ്റേന്ന് മുതൽ അറിയാവുന്നവരോടൊക്കെ ചിത്രത്തെകുറിച്ച് നല്ലത് പറഞ്ഞു. പൂജയുടെ അവധിക്ക് മറ്റു കൂട്ടുകാരുടെ ഒപ്പം ഒരു തവണ കൂടി ക്ലാസ്മേറ്റ്സ് കണ്ടത് ബ്ലാക്കിൽ ടിക്കറ്റെടുത്തായിരുന്നു.

ഫെയ്സ്ബുക്കും വാട്ട്സാപ്പുമൊക്കെ മലയാളികളുടെ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന കാലത്ത് മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം വിജയിച്ച സിനിമയായിരുന്നു ക്ലാസ്മേറ്റ്സ്. പൃഥ്വിരാജിന്റെയോ ജയസൂര്യയുടെയോ തല മാത്രം മതി ഇന്ന് തീയറ്ററിലേക്ക് ആളെ ആകർഷിക്കാൻ. അന്ന് അങ്ങനെയല്ലായിരുന്നു. ജെയിംസ് ആൽബർട്ട് എന്ന പുതുമുഖ തിരക്കഥാകൃത്ത്. തുടർ പരാജയങ്ങളിൽ പെട്ട് ഉഴറിയിരുന്ന ലാൽജോസ് എന്ന സംവിധായകൻ. സാഹചര്യങ്ങളൊന്നും അനുകൂലമല്ലായിരുന്നിട്ടും ക്ലാസ്മേറ്റ്സ് അതിനെയൊക്കെ മറികടന്നു. മലയാളം കണ്ട മലയാളി മറക്കാത്ത എക്കാലത്തെയും വലിയ ഹിറ്റുമായി. പുറത്തിറങ്ങി 10 കൊല്ലം പിന്നിടുന്ന ഇൗ സമയത്തും ഇനിയങ്ങോട്ട് എക്കാലവും നമുക്ക് പ്രിയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ ക്ലാസ്മേറ്റ്സുണ്ടാവും.