സിറിയയിലെ ആ കുഞ്ഞിനു ഒരു പേരുണ്ടായിരുന്നു; എന്നാല്‍ കേരളത്തിലോ ?

ലോകത്തിന്റെ നൊമ്പരമായി മാറിയ അയ്‍ലാന്റെ മരണം വാര്‍ത്താപ്രാധാന്യം നേടുന്പോള്‍ വയനാട്ടിലെ ആദിവാസി കുഞ്ഞുങ്ങളുടെ ദുരന്തവാര്‍ത്ത ഓര്‍മപ്പെടുത്തി ഡോ. ബിജു. വയനാട്ടിലെ ആദിവാസി യുവതിയായ അനിതയുടെ മൂന്നു കുഞ്ഞുങ്ങൾക്കു സംഭവിച്ച ദുരന്തത്തെ ആസ്പദമാക്കിയായിരുന്നു ഡോ: ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.- സിറിയയിലെ ആ കുഞ്ഞിനു ഒരു പേരുണ്ടായിരുന്നു ഐലൻ. പക്ഷെ വയനാട്ടിലെ ആദിവാസി യുവതിയായ അനിതയുടെ മൂന്നു കുഞ്ഞുങ്ങൾക്കു ഒരു പേരു പോലും സ്വന്തമായുണ്ടായിരുന്നില്ല .മണ്ണിന്റെ സ്പർശം പോലും ആ കുഞ്ഞിക്കാലുകൾക്ക്‌ ലഭ്യമായില്ല . ഒരു ആംബുലൻസിന്റെ ഇരമ്പലുകൾക്കു നടുവിൽ ഈ ലോകത്തെ ഒന്നു കൺ തുറന്നു നോക്കി കാണുവാൻ പോലും കഴിയാതെ തുറന്ന മിഴികൾ എന്നെന്നേക്കുമായി അടയ്ക്കപ്പെട്ടു.

മാധ്യമ ആഘോഷങ്ങൾ ഇല്ല , അന്വേഷണങ്ങളുമില്ല. ആദിവാസി കുഞ്ഞുങ്ങളുടെ മരണത്തിനു അല്ലെങ്കിലും എന്തു വാർത്താ പ്രാധാന്യം . ആ ചിത്രങ്ങൾ എന്തിനു പുറം ലോകത്തെ കാണിക്കണം . ജീവിതം തന്നെ മരണത്തിനു സമമായി അവഗണിക്കപ്പെട്ട ഒരു ജനതയുടെ ജീവിതത്തിനും മരണത്തിനും എന്താണു പ്രസക്തി . ഭൂരിപക്ഷ കേരളീയ സമൂഹവും ഭരണകൂടങ്ങളും കേവലം മനുഷ്യരായി പോലും കണക്കാക്കാൻ മടിക്കുന്ന ആദിവാസി ദളിത്‌ വിഭാഗങ്ങൾ ഇവിടെ ജീവിച്ചാലെന്തു , മരിച്ചാലെന്തു , ജനിക്കാതിരുന്നാലെന്തു .

ആദിവാസി സ്ത്രീയുടെ പ്രസവമെടുക്കാൻ തനിക്കു സമയവും സൗകര്യവും ഇല്ല എന്നു ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്ന ഒരു സർക്കാർ ഗൈനക്കോളജിസ്റ്റ്‌ തീരുമാനിക്കുന്ന ഉദാത്ത സമൂഹമാണു നമ്മുടേതു. കേവലം ഒരു സസ്പെൻഷൻ കൊണ്ടു മാറുന്നതല്ല ഈ മനോഭാവം ...പിറക്കും മുൻപേ മരിച്ചുപോകുന്ന കുഞ്ഞുങ്ങളും , പിറന്നിട്ടും ക്രിമികളെപ്പോലെ അവഗണനയുടെ സാമൂഹിക ദൂരം പേറുന്ന മനുഷ്യരും അത്ര പുതുമയുള്ള കാഴ്ച ഒന്നുമല്ല കേരളത്തിൽ . ദളിതനും ആദിവാസിയും ആകുക എന്നാൽ മനുഷ്യനായി കണക്കാക്കാതിരിക്കുക എന്നതാണു നമ്മുടെ നടപ്പു ശീലം.

അതുകൊണ്ടു തന്നെ വയനാട്ടിലെ കുറിച്യ കോളനിയിലെ അനിതയുടെ ജനനത്തിൽ തന്നെ മരണപ്പെട്ട കുഞ്ഞുങ്ങൾ നമുക്കൊരു വാർത്തയേ അല്ല....ഒരു കുഞ്ഞിനെ പ്രസവിക്കാനായി കിലോമീറ്ററുകളോളം ആശുപത്രി തേടി കാട്ടിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന ആദിവാസി യുവതികൾ നമുക്കൊരു പുതുമയേ അല്ല. ആദിവാസികളുടെ പ്രസവമെടുക്കാനും ചികിൽസിക്കാനും എനിക്കു സമയവും സൗകര്യവുമില്ല എന്ന് ഒരു സർക്കാർ ഡോക്ടർ ധാർഷ്ട്യം പ്രകടിപ്പിച്ചാൽ അതും നമുക്കൊരു വിഷയമേ അല്ല. ഡോ. ബിജു പറഞ്ഞു.