നടിയുടെ വസ്ത്രം വലിച്ചുകീറിയ സംഭവം; സിനിമയുടെ ഹാർഡ് ഡിസ്ക് കോടതിയില്‍

ചിത്രീകരണം പൂർത്തിയായ ‘ദൈവം സാക്ഷി’ എന്ന സിനിമയുടെ ഹാർഡ് ഡിസ്ക് കോടതി കയറി. സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് എഡിറ്റിംഗിനും മറ്റുമായി ഔട്ട്‌ഡോര്‍ വര്‍ക്കുകള്‍ ചെയ്ത കമ്പനിയുടെ സ്റ്റുഡിയോയില്‍ തന്നെയാണ് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോള്‍ ഇതിലെ പല പ്രധാനപ്പെട്ട ദൃശ്യങ്ങളും ഡാമേജ് ആയതായി കണ്ടെത്തി. ഇതേത്തുടർന്നാണു പ്രശ്നങ്ങളുടെ തുടക്കം.

ഷൂട്ടിങ് സമയത്ത് വസ്ത്രം വലിച്ചുകീറിയെന്നും ഇതു ചിത്രീകരിച്ചെന്നും നടി കോടതിയിൽ കേസ് നൽകിയിരുന്നു. ഇത് തിരക്കഥയിൽ എഴുതിയിരുന്ന സീനാണെന്നും തിരക്കഥ വായിച്ചു നടി സമ്മതം നൽകിയതാണെന്നുമാണു സംവിധായകന്റെ വാദം.

ഈ രംഗമടക്കമുള്ളവ എഡിറ്റിങ് സ്റ്റുഡിയോക്കാർ മനപ്പൂർവം നശിപ്പിച്ചു കളഞ്ഞെന്നാണു പരാതി. സ്റ്റുഡിയോയിലെത്തി ഹാർഡ് ഡിസ്ക് കൈവശപ്പെടുത്തിയതിനു സംവിധായകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഹാർഡ് ഡിസ്ക് സംവിധായകനു തിരിച്ചു നൽകാൻ കോടതി ഉത്തരവായിട്ടുണ്ട്. എസ്‌ക്വയര്‍ ഫിലിംസിന്റെ ബാനറില്‍ സ്‌നേഹജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൈവം സാക്ഷി.

മെയ് മാസമാണ് കേസിന് അടിസ്ഥാനമായ സംഭവം നടക്കുന്നത്. പടിഞ്ഞാറേ കോടികുളത്തുള്ള വിദേശിയായ മലയാളിയുടെ വീട്ടില്‍ രാത്രി നടന്ന ചിത്രീകരണത്തിന്റെ ഇടയില്‍ നടിയുടെ വസ്ത്രം നായകന്‍ വലിച്ചു കീറി. ഇതേ തുടർന്ന് സിനിമയുടെ സംവിധായകൻ കൂടിയായ നായകനെതിരെ തൊടുപുഴ കാളിയാര്‍ പൊലീസില്‍ നടി പരാതി നൽകി.

എന്നാല്‍ ഈ സീന്‍ സ്ക്രിപ്റ്റില്‍ ഇല്ലായിരുന്നു. റിയാലിറ്റിക്കു വേണ്ടി ആയിരുന്നു ഇത് ചിത്രീകരിച്ചതെന്നുമായിരുന്നു സംവിധായകന്റെ വാദം. വസ്ത്രം വലിച്ചു കീറുന്ന സീന്‍ തിരക്കഥ പറഞ്ഞു കൊടുത്തപ്പോള്‍ ഇല്ലായിരുന്നെന്നും വസ്ത്രം വലിച്ചു കീറുന്ന വിവരം തന്നോട് മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്നുമാണ് നടി പരാതിപ്പെട്ടത്.