പ്രേമം പോലുള്ള സിനിമകള്‍ കാമ്പസുകളിൽ പ്രശ്നങ്ങളുണ്ടാക്കുന്നു: ഡി.ജി.പി

പ്രേമം പോലുള്ള സിനിമകൾ കേരളത്തിലെ കാമ്പസുകളിൽ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമാകുന്നുവെന്ന് ഡിജിപി സെന്‍കുമാര്‍. തിരുവന്തപുരം ശ്രീകാര്യം സി.ഇ.ടി കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍കൊണ്ടുവന്ന വാഹനമിടിച്ച് വിദ്യാഥിനി മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഡി.ജി.പി സെന്‍കുമാര്‍.

മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രേമം പോലുള്ള സിനിമകള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും ഇതെല്ലാം പ്രതികൂലമായേ ബാധിക്കുകയുള്ളൂ എന്നും സെന്‍കുമാര്‍ പറയുന്നു. പ്രേമം സിനിമയെ താൻ കുറ്റപ്പെടുത്തുന്നില്ലെന്നും സിഇടിയിലെ സംഭവത്തിൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.

ബുധനാഴ്ച്ച ഓണാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് വാഹനമിടിച്ച് മലപ്പുറം വഴിക്കടവ് സ്വദേശിന് തസ്‌നി ബഷീറിന് ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച്ച രാത്രിയോടെ തസ്‌നി മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഓണാഘോഷങ്ങള്‍ക്കിടെ കോളേജ് ക്യാമ്പസിനകത്തേക്ക് ചെറുപ്പക്കാര്‍ വാഹനങ്ങള്‍ കൊണ്ടുവന്നതാണ് അപകടത്തിനിടയാക്കിയത്. കോളേജില്‍ വാഹനം കയറ്റരുതെന്ന നിയമം നിലനില്‍ക്കവെയാണ് ലോറിയടക്കമുള്ള വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ കൊണ്ടുവന്നത്.