ഫ്രീക്ക് ലുക്കിൽ ധർമജൻ

കട്ടപ്പനയിലെ ഋത്വിക്റോഷന്‍ എന്ന ചിത്രത്തിലെ ദാസപ്പനെ അവതരിപ്പിച്ച് കൈയടി നേടിയ താരമാണ് ധർമജൻ. നാടൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരത്തിന്റെ പുത്തൻ മേക്കോവറാണ് പുതിയ ചർച്ച.

കൂളിങ് ഗ്ലാസിൽ സ്റ്റൈലൻ ഗെറ്റപ്പിലാണ് ധർമജൻ ഇനി എത്തുന്നത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ധർമജന്റെ ഈ കിടിലൻ മേക്കോവർ.

2016ൽ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പർ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ചങ്ക്സ്. ഹാപ്പി വെഡ്ഡിങ് പോലെ തന്നെ പൂർണമായും ഒരു എന്റർടെയ്നറാകും ചങ്ക്സ്. ബാലു, ധർമജൻ, ഗണപതി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഹണി റോസ് ആണ് നായിക.

സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പാവാട എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ജി. മാർത്താണ്ഡൻ, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡിയും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ്.