ചന്ദ്രേട്ടൻ എവിടെയാണെങ്കിലും ഇതെന്‍റെ ഫോൺ നമ്പറാ

അടുത്തിടെ ഇറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രത്തിലെ നായികയുടെ സാങ്കൽപിക ഫോണ്‍ നമ്പറിന്റെ ഉടമയായ അജികുമാരിയെന്ന വീട്ടമ്മ മാനനഷ്ടത്തിനു കേസു കൊടുത്തു. തനിക്കുണ്ടായ അപമാനവും പൊല്ലാപ്പും വേറെ ഒരാള്‍ക്കും ഉണ്ടാകരുതെന്ന വാശിയാണ് തലസ്ഥാനവാസിയായ അജികുമാരി എന്ന ഡ്രൈവിങ് സ്കൂള്‍ അധ്യപികയെ കോടതിയില്‍ എത്തിച്ചത്. 50 ലക്ഷത്തിനാണ് ചന്ദ്രേട്ടനും പാർട്ടികൾക്കുമെതിരെ അജികുമാരി മാനനഷ്ട കേസ് കൊടുത്തത്. അനുഭവത്തെക്കുറിച്ച് അജികുമാരി പറയുന്നു.

ഗുഡ്മോണിങ് നമിതാ മാഡം...ചന്ദ്രേട്ടന്‍ എവിടെയാാാാ.....ദിലീപ് സാര്‍ അടുത്തുണ്ടോ...ഇതു നമിതയുടെ അമ്മയുടെ നമ്പരാണോ ആയയുടേതാണോ. തന്റെ ഫോണില്‍ പെട്ടെന്നു സുപ്രഭാതം മുതല്‍ കേട്ടുതുടങ്ങിയ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയിപ്പിക്കാന്‍ ഒരുങ്ങി വിളവൂര്‍ക്കല്‍ കുരിശുമുട്ടം വിവേകാനന്ദ നഗറില്‍ കുമാറിന്റെ ഭാര്യ അജികുമാരി (38).

ഇവര്‍ നാലു വര്‍ഷമായി ഉപയോഗിക്കുന്ന നമ്പരാണു യാദൃച്്ഛികമായി സിനിമയിലെ നമിത പ്രമോദിന്റെ കഥാപാത്രമായ ഗീതാഞ്ജലിയുടേതായത്. വിവാഹിതനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ നായകന്റെ കാമുകിയാണു ഗീതാഞ്ജലി. ഇവര്‍ കണ്ടുമുട്ടുന്ന ആദ്യ സീനില്‍ തന്നെ ഈ ഫോണ്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. അതിനാല്‍ നമ്പര്‍ പ്രേക്ഷകര്‍ പെട്ടെന്നു ശ്രദ്ധിച്ചു. നായകന്റെ ഭാര്യ ഭര്‍ത്താവിന്റെ കാമുകിയെ കണ്ടുപിടിക്കുന്നതും ഇൗ നമ്പര്‍ വഴിയാണ്.

സിനിമയിറങ്ങിയ നാള്‍ മുതല്‍ അജികുമാരിയുടെ ഫോണില്‍ കോളുകളും മെസേജുകളും നടിയോടു സംസാരിക്കുന്ന രീതിയില്‍ ഒഴുകുകയായിരുന്നു. പലരോടും കാര്യം പറഞ്ഞെങ്കിലും രക്ഷയില്ല. വിളിച്ചു കാര്യം കേട്ടശേഷം നിമിഷങ്ങള്‍ക്കം തന്നെ വീണ്ടും അതേ ആള്‍ വേറെ നമ്പരില്‍ നിന്നു വിളിക്കും. നമിത ചേച്ചീ, ചന്ദ്രേട്ടന്‍ അടുത്തുണ്ടോ എന്നായിരിക്കും ചോദ്യം. കൂടെ പറയാന്‍കൊള്ളാത്ത വാക്കുകളും. രാത്രിയിലും ഇൗ അവസ്ഥ തുടര്‍ന്നപ്പോള്‍ ദാമ്പത്യം തന്നെ തകരുന്ന അവസ്ഥ വരെയെത്തി. ജോലിയുമായി ബന്ധമുള്ളതിനാല്‍ ഫോണ്‍ നമ്പര്‍ മാറ്റാന്‍ സാധിക്കില്ല. തന്നെ വിളിച്ചു ശല്യം ചെയ്യുന്നവരെ ഇവര്‍ കുറ്റം പറയുന്നില്ല. എന്നാല്‍ അനുവാദം കൂടാതെ തന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെട്ടവര്‍ക്കെതിരെയാണ് ഒടുവില്‍ ഇൗ വീട്ടമ്മ പോരാടാന്‍ തീരുമാനിച്ചത്. ഭർത്താവ് കുമാറും കൂട്ടുകാരും ഒപ്പംകൂടി.

∙അന്വേഷണവും പോരാട്ടവും
ആദ്യം സിനിമയുടെ പ്രൊഡക‌്ഷന്‍ കണ്‍ട്രോളറുടെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്തു വിളിച്ചു. വേണമെങ്കില്‍ സിം മാറ്റണമെന്ന ഉപദേശമാണ് അങ്ങേത്തലയ്ക്കല്‍ നിന്നു ലഭിച്ചത്. പിന്നെ മലയിന്‍കീഴ് പൊലീസില്‍ നീതി തേടിയെത്തി. സിവില്‍ കേസിന്റെ പേരില്‍ പൊലീസ് കയ്യൊഴിഞ്ഞെങ്കിലും ഇവര്‍ തളര്‍ന്നില്ല. വക്കീല്‍ മുഖേന കോടതിയെ സമീപിച്ചു. തുടര്‍ന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കോടതി നോട്ടീസയച്ചു. പരാതി സത്യമാണോ എന്ന് അന്വേഷിക്കാന്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ കഴിഞ്ഞ ദിവസം സിനിമാപ്രദര്‍ശനം തുടരുന്ന തിയറ്ററില്‍ എത്തി. പരിശോധനയ്ക്കെത്തിയ അഡ്വക്കറ്റ് കമ്മിഷണര്‍ ലീനചന്ദ് പരാതിക്കാരിയുടെ നമ്പരാണു സിനിമയിലെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്നതെന്നു കണ്ടെത്തി.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കേസും ഇന്നലെ കോടതി പരിഗണിച്ചിരുന്നെങ്കിലും എതിര്‍കക്ഷിക്കാര്‍ മുങ്ങിയതിനാല്‍ കേസ് ഇൗ മാസം എട്ടിലേക്കു മാറ്റി. കേസ് എങ്ങനെയെങ്കിലും ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണു സിനിമക്കാര്‍ നടത്തുന്നതെന്നും അതിനു തന്നെ കിട്ടില്ലെന്നും നിയമത്തെ കൂട്ടുപിടിച്ചു നീതി തേടി ഏതറ്റം വരെയും പോകുമെന്നും ഇവര്‍ പറയുന്നു. 50 ലക്ഷം രൂപയുടെ മാനനഷ്ടം ആവശ്യപ്പെടുന്നുണ്ട്.

∙പല സിനിമകളിലും ഇതേ പണി

സിനിമകളില്‍ കഥാപാത്രങ്ങളുടെ സാങ്കല്‍പ്പിക ഫോണ്‍ നമ്പര്‍ പരസ്യമായി പറയുന്നത് പതിവ് .കഴിഞ്ഞദിവസം പുറത്തിറങ്ങിയ നിവിന്‍പോളി നായകനായ ചിത്രത്തിലും അദ്ധ്യപികയായ നായികഥാപാത്രം തന്റെ ഫോണ്‍ നമ്പര്‍ പ്രക്ഷകര്‍ കേള്‍ക്കെ പറയുന്നുണ്ട്. പക്ഷേ മലയാള സിനിമ ചരിത്രത്തില്‍ കഥാപാത്രങ്ങള്‍ പരസ്യമായി വിളിച്ചു പറയുന്ന നമ്പര്‍ ഒരാളെ ജീവിതത്തെ സ്വധീനിക്കുന്നത് ആദ്യം.എന്നാല്‍ ഹിന്ദി സിനിമാ ചരിത്രത്തില്‍ ഇത്തരം സംഭവം നേരത്തെ നടന്നിട്ടുണ്ട്.അമീര്‍ഖാന്‍ ചിത്രമായ ഗജനിയിലെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഫോണ്‍ നമ്പരുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. വിജയ് ചിത്രമായ കത്തിയിലും ഇതുപോലൊരു സംഭവം നടന്നു.