ഡബിള്‍ ബാരല്‍ വെട്ടിക്കുറച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മള്‍ടിസ്റ്റാര്‍ ചിത്രം ഡബിള്‍ ബാരലിന്‍റെ ദൈര്‍ഘ്യം കുറക്കുന്നു. ചിത്രം സമ്മിശ്രപ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് ദൈര്‍ഘ്യം കുറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ചില ഭാഗങ്ങളുടെ ദൈര്‍ഘ്യക്കൂടുതല്‍ ഒഴിവാക്കിയും ചില സീനുകള്‍ വെട്ടിമാറ്റിയുമാണ് പുതിയ പതിപ്പ്. ചൊവ്വാഴ്ചത്തെ മുതലായിരിക്കും ഡബിള്‍ ബാരലിന്റെ രണ്ട് മണിക്കൂര്‍ 20 മിനുട്ട് ദൈര്‍ഘ്യമുള്ള പതിപ്പ് തിയറ്ററുകളിലെത്തുക. രണ്ട് മണിക്കൂര്‍ 39 മിനുട്ടായിരുന്നു ആദ്യ പതിപ്പിന്റെ ദൈര്‍ഘ്യം. ഒരു പരീക്ഷണ ചിത്രമെന്ന നിലയില്‍ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും സിനിമ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനാവുന്നില്ല എന്നത് പരിഗണിച്ചാണ് ദൈര്‍ഘ്യം കുറച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

രണ്ടു രത്‌നങ്ങള്‍ തേടി പോകുന്ന ചിലരുടെ കഥയാണ് 'ഡബിള്‍ ബാരല്‍' പറയുന്നത്. മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില കഥാപാത്രങ്ങളും അവതരണരീതിയുമാണ് ചിത്രത്തിന്‍റെ പ്രത്യേകത. അതില്‍ ഒന്നാണ് ചിത്രത്തിലെ വിദേശികളായ കഥാപാത്രങ്ങള്‍ എല്ലാം മലയാളത്തിലാകും സംസാരിക്കുക. കോമിക്ക് കഥകളുടെ ശൈലിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നാലു കൊറിയോഗ്രാഫര്‍മാരും നൂറിലേറെ റഷ്യന്‍, ആഫ്രിക്കന്‍ എക്സ്ട്രാ താരങ്ങളും. ഇവരെല്ലാം സംസാരിക്കുന്നതു മലയാളം. നാലു ക്യാമറയില്‍ അറുപത് ദിവസം ഷൂട്ട് ചെയ്ത ചിത്രമാണിത്. അഭിനന്ദ് രാമാനുജന്‍ ആണ് ക്യാമറ.