ദൃശ്യവിസ്മയത്തിന്റെ 2 വർഷം

മലയാള സിനിമയുടെ എക്കാലത്തെയും വലിയ വിജയചിത്രമായ ദൃശ്യം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 2 കൊല്ലം. അതിനു മുമ്പോ അതിനു ശേഷമോ ദൃശ്യം സൃഷ്ടിച്ച റെക്കോർഡുകൾ തകർക്കാൻ കെൽപുള്ള ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയിട്ടില്ല. പല ചിത്രങ്ങളും മികച്ച കളക്ഷൻ നേടി മുന്നേറിയെങ്കിലും ദൃശ്യത്തെ മറികടക്കാൻ അവർക്കാർക്കുമായില്ല.

മലയാളസിനിമ ഇന്നു വരെ കാണാതിരുന്ന ഗിരിശൃംഗങ്ങൾ കീഴടക്കി തെലുങ്കും കന്നടയും തമിഴും കടന്ന് ദൃശ്യം ബോളിവുഡിൽ വരെ എത്തി. തമിഴ് പതിപ്പായ പാപനാശവും ഹിന്ദി ദൃശ്യവും ഇക്കൊല്ലമാണ് പുറത്തിറങ്ങിയത്. പക്ഷേ മലയാള ദൃശ്യത്തിന് ഒപ്പമെത്താൻ ഒന്നിനുമായില്ലെന്നതാണ് സത്യം. എങ്കിലും റീമേക്കുകളിൽ മികച്ചു നിന്നത് തമിഴ് പതിപ്പ് തന്നെ.

പ്രേമവുമായെത്തിയ ജോർജ് ജോർജുകുട്ടിയെ മലർത്തിയടിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പൃഥ്വിരാജും നിവിൻ പോളിയുമൊക്കെ ഹാട്രിക്ക് ഹിറ്റുകളുമായി താരാധിപത്യം സ്ഥാപിച്ചെങ്കിലും അവർക്കും ദൃശ്യത്തെ തോൽപിക്കാനായില്ല.

കുടുംബ ബന്ധങ്ങളെയും ഒരു കുറ്റകൃത്യത്തെയും ശ്രദ്ധാപൂർവം ഇഴ ചേർത്ത് അതിഭാവുകത്വങ്ങളൊന്നുമില്ലാതെ അവതരിപ്പിച്ചതാണ് ദൃശ്യത്തിന്റെ വിജയരഹസ്യം. സൂപ്പർ സ്റ്റാർ പരിവേഷമുള്ള മോഹൻലാൽ പോലും അത് അഴിച്ചു വച്ച് സാധാരണക്കാരിൽ ഒരാളായപ്പോൾ ജനം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ആദ്യാവസാനം സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞതും ക്ലൈമാക്സ് രംഗങ്ങൾ‌ ഒരു ഡയലോഗിന്റെ പോലും പിൻബലമില്ലാതെ ദൃശ്യങ്ങളിലൂടെ മാത്രം പ്രേക്ഷകരിലേക്കെത്തിച്ചതും ജീത്തു ജോസഫ് എന്ന സംവിധായകന്റെയും എഴുത്തുകാരന്റെയും വിജയമാണ്.

ഒരു ചെറുപ്പക്കാരന്റെ മൃതദേഹം മണ്ണിനടിയിൽ കുഴിച്ചു മൂടിയ ജോർജുകുട്ടി അതോടൊപ്പം അതുവരെ മലയാള സിനിമ കണ്ട റെക്കോർഡുകൾ കൂടിയാണ് വിസ്മൃതിയിലാഴ്ത്തിയത്. ഇന്നും ഏത് സിനിമ ഹിറ്റായാലും മലയാളി ചർച്ച ചെയ്യുന്നത് അത് ദൃശ്യത്തെ മറികടക്കുമോ എന്നാണ്. റെക്കോർഡുകൾ തകർക്കപ്പെടാനുള്ളത് തന്നെ ആണെന്നിരിക്കെ ഭാവിയിൽ ദൃശ്യത്തെ ഏതെങ്കിലും ചിത്രം മറികടന്നേക്കാം. പക്ഷേ ആർക്കും എത്തി നോക്കാൻ പോലുമാവാത്ത കൊടുമുടിയിലാണ് ഇന്നും ഇൗ ദൃശ്യവിസ്മയം സ്ഥിതി ചെയ്യുന്നതെന്നത് വാസ്തവം.