വിരാട് കോഹ്‌ലിയെ പിന്നിലാക്കി ദുല്‍ഖര്‍ സല്‍മാന്‍

ദുൽഖർ (ചിത്രം–ഫേസ്ബുക്കിൽ നിന്നും), കോഹ്‌ലി

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ദുൽഖർ സൽമാൻ. ജിക്യു മാഗസിന്‍ പുറത്തിറക്കിയ പട്ടികയിലാണ് ബോളിവുഡ് നടനായ രൺവീർ സിങ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവരെ പിന്തള്ളി ദുൽഖർ നാലാമതെത്തിയത്.

വെബ് സീരീസുകളിലൂടെ ശ്രദ്ധേയരായ അരുണാബ് കുമാറും ബിശ്വപതി സര്‍ക്കാരുമാണ് പട്ടികയില്‍ ഒന്നാമത്. എ ആര്‍ റഹ്മാന്‍ ഈണങ്ങളിലൂടെ കോളിവുഡിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച മലയാളി ഗായകന്‍ ബെന്നി ദയാലാണ് രണ്ടാമന്‍. ബ്ലോട്ട് എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ഡിജെ-വിജെ കൂട്ടുകെട്ടിലെ ഗൗരവ് മലേക്കറും അവിനാശ് കുമാറുമാണ് മൂന്നാം സ്ഥാനത്ത്.

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ സൂക്ഷ്മതയും മികച്ച പ്രകടനവും കേരളത്തിന് പുറത്തുള്ള ആരാധകവൃന്ദങ്ങളുമൊക്കെ ദുല്‍ഖറിനെ മുൻനിരയിലെത്തിക്കാൻ സഹായിച്ചു. മണിരത്നം ചിത്രമായ ഓക്കെ കൺമണിയിലെ ദുൽഖറിന്റെ പ്രകടനത്തെക്കുറിച്ചും മാസിക പരാമർശിക്കുന്നു. അതേ ചിത്രം ഇപ്പോൾ ഹിന്ദിയിൽ കരൺ ജോഹർ നിർമിക്കുന്നുമുണ്ട്. ആദിത്യ റോയി ആണ് ദുൽഖറിന്റെ വേഷത്തിൽ എത്തുന്നത്. കമ്മട്ടിപ്പാടത്തെക്കുറിച്ചുള്ള ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പരാമര്‍ശങ്ങള്‍ ദുല്‍ഖറിനെ ബോളിവുഡിലെത്തിക്കുമോ എന്നും മാഗസിന്‍ ചോദിക്കുന്നു.

സ്ട്രീറ്റ് ആര്‍ടിസ്റ്റ് ഹനീഫ് ഖുറേഷി അഞ്ചാം സ്ഥാനത്തും ബോളിവുഡ് താരം രണ്‍വീര്‍ സിങ് ആറാം സ്ഥാനത്തുമാണ്. ദ ലഞ്ച് ബോക്‌സ് സിനിമയിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്രയാണ് പട്ടികയിലെ ഏഴാമന്‍. ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി എട്ടാം സ്ഥാനത്തും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒമ്പതാമനായും സംഗീതസംവിധായകന്‍ സാഹേജ് ബക്ഷി പത്താമതായും പട്ടികയിൽ ഇടംനേടി.