ഇനി തമിഴകത്തിന്റെ പ്രിയ കണ്‍മണി

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നാണ് പഴമൊഴി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ കാര്യത്തിലും ഇത് അക്ഷരംപ്രതി ശരിതന്നെയാണ്. അച്ഛനെ വച്ച് ദളപതി, പിന്നീട് 21 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകനെവച്ച് കണ്‍മണി. മഹേഷ് ബാബു, രാം ചരണ്‍, ഫഹദ് ഫാസില്‍ എന്നിങ്ങനെ പല താരങ്ങളുടെ പേരും ആദ്യഘട്ടചര്‍ച്ചയില്‍ വന്നിരുന്നെങ്കിലും ആദി ആകാന്‍ അനുയോജ്യന്‍ ദുല്‍ക്കര്‍ തന്നെയാണെന്ന് മണിരത്നം തീരുമാനിക്കുകയായിരുന്നു.

മണിരത്നം ചിത്രമായ ഒകെ കണ്‍മണിയിലൂടെ തമിഴകത്തിന്റെ പുതുതരംഗമായി മാറുകയാണ് ദുല്‍ക്കര്‍ സല്‍മാന്‍. വായ്മൂടി പേസുവതും എന്ന ചിത്രത്തിലൂടെ തമിഴകത്ത് ചുവടുവെച്ച താരം തന്റെ രണ്ടാം വരവ് അക്ഷരാര്‍ത്ഥത്തില്‍ ഗംഭീരമാക്കിയെന്നു തന്നെ പറയാം.

ലോകമെങ്ങും റിലീസായ ചിത്രത്തേക്കുറിച്ച് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ആരാധകര്‍ക്കും സിനിമാസംവിധായകര്‍ക്കും ദുല്‍ക്കറിന്റെ പ്രകടനത്തെക്കുറിച്ച് പറയാന്‍ നൂറ് നാവ്. ചിത്രത്തിലെ ദുല്‍ക്കറിന്റെയും നിത്യയുടെയും പ്രകടനം കണ്ട തനിക്ക് കണ്ണെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് സൂപ്പര്‍താരം സൂര്യ പറഞ്ഞത്.

ഒകെ കണ്‍മണിയില്‍ ആദി എന്ന വിഡിയോ ഗെയിം ഡെവലപ്പര്‍ ആയാണ് ദുല്‍ക്കര്‍ എത്തുന്നത്. ഒരു റോക്ക്സ്റ്റാറിനെപ്പോലെ സ്ക്രീന്‍ പ്രസന്‍സ് കൊണ്ടും പ്രണയഭാവങ്ങള്‍ കൊണ്ടും ആദിയെ മികച്ചതാക്കാന്‍ ദുല്‍ക്കറിന് കഴിഞ്ഞു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ഒകെ ബങ്കാരവും സൂപ്പര്‍ഹിറ്റാണ്. ഇതില്‍ ദുല്‍ക്കറിന് ശബ്ദം കൊടുത്തിരിക്കുന്നത് യുവതാരം നാനിയും.