പൃഥ്വിരാജ് വീണ്ടും മൊയ്തീനാകുന്നു, രണ്ടാം ഭാഗത്തിൽ വിമലില്ല

ബി പി മൊയ്തീൻ - കാഞ്ചനമാല പ്രണയം തുറന്നു കാണിച്ച ആർ എസ് വിമൽ ചിത്രം എന്ന് നിന്റെ മൊയ്തീനിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നു. ആദ്യ ചിത്രത്തിൽ ബി പി മൊയ്തീൻ എന്ന വ്യക്തിയെ പൂർണമായും ചിത്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മൊയ്തീൻ - കാഞ്ചനമാല പ്രണയത്തിനുപരിയായി സാമൂഹ്യപ്രവർത്തകനും സിനിമാ നിർമ്മാതാവും കായികപ്രേമിയും നാട്ടുകാരുടെ പ്രിയങ്കരനുമായ മൊയ്തീനെ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് രണ്ടാം ഭാഗം ഒരുക്കുന്നത്.

എന്ന് നിന്റെ മൊയ്തീൻ രണ്ടാം ഭാഗത്തിൽ ആദ്യ ചിത്രത്തിലെ താരനിരയെ തന്നെ അണിനിരത്താനാണ് ഉദ്ദേശിക്കുന്നത്. കഥാനായകനായ ബി പി മൊയ്തീനായി പൃഥ്വിരാജ് തന്നെ വേഷമിടും. രണ്ടാം ഭാഗത്തിന്റെ കഥയെഴുതുന്നത് മൊയ്തീന്റെ സഹോദരനായ ബി പി റഷീദ് ആണ്. 7 കോടി രൂപ ബജറ്റിൽ എടുക്കാൻ ഉദ്ദേശിക്കുന്ന ചിത്രം നിർമ്മിക്കുന്നതും ബി പി റഷീദ് തന്നെ.

ബി പി മൊയ്തീൻ എന്ന വ്യക്തിയെ ഏറെ സ്നേഹിക്കുന്ന മുക്കത്തെ ജനതയുടെയും കുടുംബത്തിന്റെയും ആഗ്രഹത്തിനൊപ്പം പൃഥ്വിരാജിന്റെ പ്രത്യേക താൽപര്യവും മുൻനിർത്തിയാണ് ചിത്രത്തിൻറെ രണ്ടാംഭാഗം എടുക്കുന്നത്.

താരനിരയെ അതേ പോലെ നിലനിർത്തുന്ന ചിത്രത്തിൽ പക്ഷേ സംവിധായകന്റെ വേഷത്തിൽ ആർ എസ് വിമൽ ഉണ്ടാകില്ലെന്ന് ബി പി റഷീദ് പറഞ്ഞു. ആരാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന കാര്യത്തിൽ തീരുമാനമാകുന്നതെയുള്ളൂ.

2017 മാർച്ച് മാസത്തോടെ മൊയ്തീനും കാഞ്ചനമാലയും മുക്കത്തെ മണ്ണും ഇരുവഴിഞ്ഞിപ്പുഴയും വീണ്ടും പ്രേക്ഷരെത്തേടി തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.