ഇവരിൽ ആരാകും വിജയി ?

ബാഹുബലി 2, യന്തിരൻ 2

രണ്ട് ബ്രഹ്മാണ്ഡചിത്രങ്ങളാണ് ഒരുമിച്ച് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. തമിഴിൽ നിന്നും ശങ്കർ–രജനി ചിത്രം ഇന്നലെ ചിത്രീകരണം ആരംഭിച്ചപ്പോൾ തെലുങ്കിൽ നിന്നും രാജമൗലിയുടെ ബാഹുബലി 2 ഇന്ന് രാമോജി റാവുവിൽ ചിത്രീകരണം തുടങ്ങുന്നു. രാജമൗലിയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് യന്തിരൻ 2വും ബാഹുബലി 2വും. രണ്ടിനും തുടർഭാഗങ്ങളെന്നതാണ് മറ്റൊരു പ്രത്യേകത.

രജനിക്ക് അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നതാണ് യന്തിരൻ 2വിന്റെ പ്രധാനആകർഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പർതാരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യം. 450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു.

മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ. ബാഹുബലി 2 ന്റെ തിരക്കിലാണ് സാബു ഇപ്പോൾ. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതികവിധഗ്ദരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനികമൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കന്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്ഷൻ. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട്.

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും. ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷൻ. കൂടാതെ ഹിമാചൽപ്രദേശിലെ ചിലവനാന്തരങ്ങളും ലൊക്കേഷനാകും. അടുത്ത വർഷം പകുതിയോടെ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനമെങ്കിലും 2017ലേ ചിത്രം തിയറ്ററുകളിലെത്തൂ.

ബാഹുബലി 2 ലൊക്കേഷൻ ചിത്രം

പ്രഭാസ്, റാണ, അനുഷ്ക, സത്യരാജ് എന്നിവരാണ് പ്രധാനതാരങ്ങൾ. സിനിമയുടെ പൂർത്തീകരണത്തിനായുള്ള ഒരു തുടക്കം മാത്രമയാരുന്നു ബാഹുബലിയുടെ ആദ്യഭാഗം. വിഷ്വൽ ഇഫക്ടുകൾ മാത്രമല്ല വികാരങ്ങളും സിനിമയുടെ ഭാഗമായിരുന്നു. ആദ്യഭാഗത്തേക്കാളും തീവ്രവികാരരംഗങ്ങൾ രണ്ടാം ഭാഗത്തിൽ ഉണ്ടാകും. രീതിയും വ്യത്യാസപ്പെട്ടിരിക്കും. കാരക്ടറുകൾ ഒന്നാണെങ്കിലും കാരക്ടറൈസേഷൻ ആദ്യഭാഗത്തേക്കാൾ വ്യത്യാസമായിരിക്കും. രാജമൗലി പറഞ്ഞു. ഇതുകൂടാതെ ബാഹുബലിയുടെ മൂന്നാം ഭാഗം അണിയിച്ചൊരുക്കാനും രാജമൗലി പദ്ധതിയിടുന്നുണ്ട്.