കമൽ, സിനിമ കാണുന്നവർ വിഡ്ഢികളല്ല: ഫാസിൽ

പ്രേമം സിനിമ ഞാനും കണ്ടിരുന്നു. എന്നാല്‍ എന്‍റെ കണ്ണ് വിമര്‍ശനങ്ങളിലേക്കല്ല പോയത്, മറിച്ച് ആ സിനിമയുടെ ദൃശ്യഭംഗിയിലേക്കാണ്. മനോഹരമായ നിരവധി സിനിമാറ്റിക് മൊമന്‍റ്സ് നിറഞ്ഞ സിനിമയാണ് പ്രേമം. അല്‍ഫോന്‍സ് എന്ന ചെറുപ്പക്കാരന്‍റെ തിരക്കഥ, സംവിധാനം, അത് ആവിഷ്കരിച്ച രീതി എല്ലാം അതിമനോഹരം. ഈ ചെറുപ്പക്കാരനെ പ്രശംസിക്കാതെ വയ്യ. ഫാസില്‍ പറയുന്നു.

സിനിമ കാണുന്നവര്‍ വിഡ്ഢികളല്ലെന്ന് കമല്‍ ചിന്തിക്കണം. ഇത്രയേറെ കഴിവുള്ള പുതുതലമുറയിലെ സംവിധായകരെ നിരുത്സാഹപ്പെടുത്തുകയാണ് കമല്‍ തന്‍റെ അഭിപ്രായത്തിലൂടെ ചെയ്തത്. കമല്‍ പറഞ്ഞ രണ്ടു കാര്യങ്ങളാണ് എനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല. ക്ലാസ് മുറിയിൽ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കുമെന്ന് എന്ത് അര്‍ഥത്തിലാണ് കമല്‍ പറയുന്നത്. പിന്നെ അവര്‍ എങ്ങനെ സിനിമയെടുക്കണമെന്ന് കൂടി അദ്ദേഹം പറഞ്ഞുതരട്ടെ.

എന്‍റെ സൂര്യപുത്രിയ്ക്ക് എന്ന സിനിമയുടെ കഥ ഒരു യഥാര്‍ഥ സംഭവമാണ്. അക്കാലത്ത് കൊളേജ് പെണ്‍കുട്ടികളിലുണ്ടായ ഒരു സംഭവം തന്നെയാണ് സിനിമയാക്കി മാറ്റിയത്. ദൃശ്യം സിനിമയില്‍ നായകന്‍ അവസാനം കൊലപാതകത്തിന്‍റെ തെളിവ് നശിപ്പിക്കുകയാണ്. പിന്നീട് ഈ സിനിമയ്ക്കെതിരെയും ഒരുപാട് വിമര്‍ശനം വന്നിരുന്നു. സെന്‍കുമാറും ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തി. അദ്ദേഹത്തിന് അതിന്‍റെ അവകാശമുണ്ട്. അയാളൊരു പൊലീസ് ഉദ്യോഗസ്ഥനാണ്. ഒരു സിനിമയെ വിമര്‍ശിക്കുന്ന ഘട്ടം വരുന്പോള്‍ അതിന് യോജിച്ച ആളുകള്‍ക്ക് വിമര്‍ശിക്കാം.

സിനിമയുടെ വ്യാജ സിഡി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും എന്നാല്‍ ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നെന്നും കമല്‍ പറയുകയുണ്ടായി. കമലിന്‍റെ പ്രസ്താവന തികച്ചും വേദനാജനകമാണ്. സര്‍ക്കാര്‍തലത്തിലും പൊലീസ്തലത്തിലും ഇത് മഹാ അപമാനം ഉണ്ടാക്കി. പ്രതികളെ പിടിക്കാന്‍ ആന്‍റി പൈറസി സെല്‍ എത്രത്തോളം ബുദ്ധിമുട്ടിയെന്ന് നാമല്ലാവരും കണ്ടതാണ്. പ്രേമത്തിന്‍റെ കാര്യത്തില്‍ അതൊരു ദേശീയദുരന്തമായി കാണണ്ട എന്നാണ് കമലിന്‍റെ വാദം. ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമലിന്‍റെ അഭിപ്രായങ്ങളോട് ഒരുതരത്തിലും യോജിക്കുന്നില്ല. ഫാസില്‍ പറഞ്ഞു.