‘അരം + അരം = കിന്നര’ത്തിനു 7 ലക്ഷം, ആറാം തമ്പുരാന് 2.5 കോടി

ജെ.സി.ഡാനിയേലിന്റെ കുടുംബസ്വത്തിന്റെ വിലയായിരുന്നു മലയാളത്തിലെ ആദ്യ സിനിമയ്ക്ക്; നാലു ലക്ഷം ബ്രിട്ടിഷ് രൂപ! 1928 നവംബർ ഏഴിനാണു ‘വിഗതകുമാരൻ’ മലയാള സിനിമയുടെ ചരിത്രത്തിലേക്കു മിഴി തുറന്നത്. ചിത്രം പക്ഷേ, ഡാനിയേലിനു നൽകിയതു സാമ്പത്തിക നഷ്ടം മാത്രം. ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിനായിരുന്നു പുലിമുരുകൻ തിയറ്ററുകളിലെത്തിയത്. െചലവ് 25 കോടി രൂപ; ഇതു വരെ നേടിയ വരുമാനം 105 കോടി രൂപയിലേറെ!

88 വർഷത്തെ മലയാള സിനിമാ ചരിത്രത്തിൽ നൂറു കോടി വരുമാനമെന്ന നാഴികക്കല്ലു പിന്നിട്ട ആദ്യ ചിത്രമായി വൈശാഖ് ഒരുക്കിയ മോഹൻലാൽ ചിത്രമായ പുലിമുരുകൻ. വിഗതകുമാരനിൽ നിന്നു പുലിമുരുകനിലേക്കെത്തുമ്പോൾ കോടികൾ ചെലവിട്ടു കോടികൾ വാരുന്ന വൻവ്യവസായമായി വളരുകയാണു മലയാള സിനിമ. മലയാള ചലച്ചിത്ര ലോകത്തു പ്രതിവർഷം നിക്ഷേപിക്കപ്പെടുന്നത് ഏകദേശം 500 കോടിയിലേറെ രൂപയാണ്.

∙ ചെലവു കൂടി; വരവും

വിഗതകുമാരനു വേണ്ടി നാലു ലക്ഷം രൂപയോളം ജെ.സി.ഡാനിയേൽ ചെലവിട്ടുവെങ്കിലും അതു പൂർണമായും ചിത്രത്തിനു വേണ്ടിയായിരുന്നില്ല. അന്ന്, ചലച്ചിത്ര നിർമാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലായിരുന്നു. ചിത്രീകരണത്തിനായി മുഴുവൻ ഉപകരണങ്ങളും വാങ്ങേണ്ടിവന്നു. സ്റ്റുഡിയോ സ്ഥാപിച്ചു, ലാബ് ഒരുക്കി. അദ്ദേഹം നിർമിച്ചതു മലയാളത്തിലെ ആദ്യ ചലച്ചിത്രം മാത്രമായിരുന്നില്ല, അതിനുള്ള പശ്ചാത്തലം കൂടിയായിരുന്നു. ലക്ഷങ്ങളിൽ നിന്നു മലയാള സിനിമ വളരാൻ ഏറെക്കാലമെടുത്തു. മുപ്പതുകളിലും നാൽപ്പതുകളിലും അൻപതുകളിലും ഏതാനും ലക്ഷങ്ങൾ കയ്യിലുണ്ടെങ്കിൽ സിനിമയെടുക്കാമായിരുന്നു.

‘‘എൺപതുകളിൽ ഏഴ് - 10 ലക്ഷം രൂപ മതിയായിരുന്നു ഒരു ചിത്രമെടുക്കാൻ. 85 ൽ ലാൽ നായകനായ ‘അരം + അരം = കിന്നര’ത്തിനു ചെലവായതു കഷ്ടിച്ച് ഏഴു ലക്ഷം രൂപയാണ്. അതേ ലാലിനെ വച്ച് 1997 ൽ ആറാം തമ്പുരാൻ ചെയ്തപ്പോൾ ചെലവ് 2.5 കോടിയായി. രണ്ടായിരം വരെ ഒരു കോടി രൂപയ്ക്കു സൂപ്പർ സ്റ്റാർ ചിത്രം ചെയ്യാമായിരുന്നു. 2005നു ശേഷം ചെലവു കാര്യമായി വർധിച്ചു. അതിനൊപ്പം വരവും കൂടി ’’ - കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ് കുമാറിന്റെ വാക്കുകൾ.

∙ മികച്ച തിയറ്ററുകളും വൈഡ് റിലീസും

മുൻപ് ഇരുപതോ മുപ്പതോ തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്തിരുന്ന മലയാള ചിത്രങ്ങളിപ്പോൾ നൂറു കണക്കിനു തിയറ്ററുകളിലാണ് ഒരേ ദിവസമെത്തുന്നത്. എല്ലാ ചിത്രങ്ങൾക്കും ഈ ഭാഗ്യം കിട്ടാറില്ലെങ്കിലും ബിഗ് ബജറ്റ് സൂപ്പർതാര ചിത്രങ്ങൾ ചുരുങ്ങിയതു നൂറിലേറെ തിയറ്ററുകളിലെത്തുക പതിവാണ്. പുലിമുരുകൻ റിലീസ് ചെയ്തതു രാജ്യത്തെ 331 തിയറ്ററുകളിലാണ്. പിന്നീട്, വിദേശ രാജ്യങ്ങളിലും ചിത്രമെത്തി.

പെട്ടെന്നു മുടക്കു മുതൽ തിരിച്ചെടുക്കാൻ വൈഡ് റിലീസ് സഹായിക്കും. സാറ്റലൈറ്റ് തുകയാണു മറ്റൊരാകർഷണം. തിയറ്ററുകളുടെ നിലവാരം ഉയർന്നതോടെ കൂടുതൽ ആസ്വാദകർ എത്തുന്നതും പ്രകടമായ മാറ്റമാണ്. മൾട്ടിെപ്ലക്സ് തരംഗം ചെറുപട്ടണങ്ങളിലേക്കു കൂടിയെത്തി. ഇവയെല്ലാം തിയറ്ററുകളിലേക്കുള്ള ആളൊഴുക്കു കൂട്ടാൻ സഹായിച്ചുവെന്നുറപ്പ്. സുഖകരമായ കാഴ്ചയെന്ന സൗകര്യത്തിനായി പണം കൂടുതൽ മുടക്കാൻ പ്രേക്ഷകർക്കു മടിയില്ല. പല നഗരങ്ങളിലും മൾട്ടിപ്ലെക്സുകളിൽ നിന്നാണു കൂടുതൽ വരുമാനം. രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകുന്നതും കോടികളിലേക്കുള്ള വളർച്ചയ്ക്കു സഹായിച്ചിട്ടുണ്ടാകാം. വൻ വിജയം നേടിയ ദൃശ്യം, ഒപ്പം, പ്രേമം, എന്നു നിന്റെ മൊയ്തീൻ, ടു കൺട്രീസ് എന്നിവ 50 കോടിയിലേറെയാണു കീശയിലാക്കിയത്.

∙ അഞ്ചു ചിത്രം, ചെലവ് 123 കോടി

റിലീസിനൊരുങ്ങുന്ന ജയരാജ് ചിത്രം വീരം, റിലീസ് ചിത്രങ്ങളായ പുലിമുരുകൻ, പഴശ്ശിരാജ, ഉറുമി, ഡബിൾ ബാരൽ എന്നീ ചിത്രങ്ങളുടെ മൊത്തം നിർമാണച്ചെലവ് ഏകദേശം 120 കോടി രൂപയാണ്. മലയാളത്തിൽ നിർമിക്കപ്പെട്ട ഏറ്റവും ചെലവു കൂടിയ ചിത്രങ്ങളാണിവ. മലയാളത്തിൽ ഇപ്പോൾ ഒരു ചിത്രം നിർമിക്കാൻ ഏകദേശം മൂന്നു മുതൽ അഞ്ചു കോടി രൂപ വരെയാണു ചെലവ്. സൂപ്പർതാര ചിത്രങ്ങളാകുമ്പോൾ ഏഴ്-10 കോടി. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ബജറ്റു പക്ഷേ, എത്ര വേണമെങ്കിലുമാകാം. ആർ.എസ്.വിമൽ ഒരുക്കുന്ന കർണന്റെ ബജറ്റ് 300 കോടിയെന്നാണ് അണിയറ വാർത്തകൾ!

മുൻപൊക്കെ, മലയാള ചിത്രങ്ങൾക്കു മലയാളികൾ മാത്രമായിരുന്നു കാഴ്ചക്കാർ. ഇന്നു പക്ഷേ, വമ്പൻ ഹിറ്റുകൾ ഒട്ടും വൈകാതെ മറ്റു ഭാഷകളിലും മൊഴി മാറിയെത്തും. അതിനും പുറമേയാണു പല ഭാഷകളിലേക്കുള്ള റീമേക്കുകൾ. ഇനി, ലോകം മുഴുവനുമാണു മലയാള സിനിമയുടെ വിപണി. ഒരു കാലത്തു ഹിന്ദി, തമിഴ്, തെലുങ്കു സിനിമകൾക്കു മാത്രം കിട്ടിയ ആ ഭാഗ്യം ഇനി മലയാളത്തിന്റേതു കൂടിയാണ്. (കണക്കുകൾ അനൗദ്യോഗികം)