മണിയുടെ മരണകാരണം സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകുന്നതിലും പരാജയം

കലാഭവന്‍ മണിയുടെ മരണത്തിൽ പൊലീസ് അന്വേഷണം മുറുകുമ്പോഴും മരണകാരണം സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകാൻ ഫോറ‍ൻസിക് സംഘത്തിനായിട്ടില്ല. മണിയുടെ ഉള്ളിലുണ്ടെന്ന് കണ്ടെത്തിയ കീടനാശിനിയുടെ അളവ് വ്യക്തമാകാത്തതാണ് കാരണം. എന്നാൽ കീടനാശിനിയിൽ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുന്ന ഒട്ടേറെ രാസവസ്തുക്കളാണ് മണിയുടെ ഉള്ളിലുണ്ടായിരുന്നത്. മെഥനോൾ അടക്കമുള്ളവ ആശൂപത്രിയിൽ പ്രവേശിപ്പിച്ചയുടൻ കണ്ടെത്തി. മാരക കീടനാശിനി കണ്ടെത്തിയതാകട്ടെ മരണശേഷവും. എന്നാലിത് കണ്ടെത്തിയ കൊച്ചി കാക്കാനാട്ടെ കെമിക്കൽ ലാബിന്റെ റിപ്പോർട്ടിൽ ഇതെത്ര അളവിലാണെന്ന് പറയുന്നില്ല. പരിശോധനക്കെത്തുന്ന ആന്തരാവയവങ്ങളിൽ വിഷവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നെങ്കിൽ അത് മതിയെന്നും അളവ് നോക്കേണ്ടതില്ല എന്നുമാണ് കാലങ്ങളായി ലാബ് തുടരുന്ന കീഴ്വഴക്കം. എന്നാല്‍ കീടനാശിനിക്ക് പുറമെ മണിയുടെ ശരീരത്തിൽ മെഥനോളും ഉണ്ടായിരുന്നതായി ലാബ് റിപ്പോർട്ട് സ്ഥിരീകരിക്കുമ്പോൾ ഇവയിൽ ഏതാണ് മരണകാരണമായത് എന്ന് ഉറപ്പിക്കണമെങ്കിൽ ഓരോന്നിന്റെയും അളവ് വ്യക്തമാകണം. ഇതാണ് പോസ്റ്റുമോർട്ടം നടത്തിയ ഫൊറൻസിക് സംഘത്തിന് മുന്നിലുള്ള വെല്ലുവിളി.

പോരാത്തതിന്, കീടനാശിനി തീരെ ചെറിയ അളവിലേ ഉണ്ടാകുവെന്നാണ് മണിയെ ചികിൽസിച്ച കൊച്ചി ആശൂപത്രിയിലെ ഡോക്ടർമാരുടെ നിലപാട്. ഇക്കാരണത്താലാകാം ആദ്യ പരിശോധനയില്‍ അറിയാതിരുന്നത് എന്നും പൊലീസിനെയും ഫൊറൻസിക് സംഘത്തെയും ഇവർ ധരിപ്പിച്ചിട്ടുണ്ട്. ഇതും കണക്കിലെടുക്കുമ്പോൾ ആശയക്കുഴപ്പമേറും. കീടനാശിനിയുടെ തീവ്രത പരിഗണിച്ചാൽ മരണകാരണം അത് തന്നെയാകാമെന്ന് അന്വേഷണസംഘത്തോട് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അത് സ്ഥിരീകരിക്കാൻ ഫൊറൻസിക് സംഘം തയ്യാറായിട്ടില്ല.

മണിയെ ആശുപത്രിയില്‍ എത്തിച്ചയുടന്‍ ശേഖരിച്ച രക്തം അടക്കം സാംപിളുകള്‍ വീണ്ടും സർക്കാർ ലാബിൽ പരിശോധിപ്പിച്ച് കീടനാശിനിയുടെ കൃത്യമായ അളവ് കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. ചാരായത്തിലൂടെയോ മറ്റോ നേരിയതോതിൽ ഉളളിൽപോയതാണോ, വിഷമായി തന്നെ ഉള്ളിൽ എത്തിയതാണോയെന്ന് ഉറപ്പിക്കാൻ അന്വേഷണ സംഘത്തിനും കീടനാശിനിയു‍ടെ അളവ് അറിയേണ്ടത് അനിവാര്യമാകും.