കുടിവെള്ളം ഇല്ലെങ്കില്‍ സിനിമ ഇല്ല

സിനിമതിയറ്ററുകളില്‍ സൗജന്യമായി കുടിവെള്ളം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കുടിവെള്ളം അടിസ്ഥാന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്. കുടിവെള്ളം നല്‍കിയില്ലെങ്കില്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകന് തിയറ്ററുടമ നഷ്ടപരിഹാരം നല്‍കേണ്ടിവരും.

ത്രിപുരയിലെ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന്‍റെ ഉത്തരവിനെതിരെ രൂപാസി മള്‍ട്ടിപ്ലക്സ് നല്‍കിയ അപ്പീലിലാണ് സുപ്രധാനമായ ഉത്തരവ്. സിനിമ കാണാന്‍ എത്തുന്ന പ്രായമായവര്‍ക്കും കുട്ടികള്‍ക്കും മൂന്നുമണിക്കൂര്‍ സമയം വെള്ളംകുടിക്കാതിരിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സിനിമാഹാളില്‍ കുടിവെള്ളം കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ടെങ്കില്‍ പകരം സൗജന്യമായി വെള്ളം നല്‍കാന്‍ തിയറ്റര്‍ ഉടമ ബാധ്യസ്ഥനാണ്. തിയറ്റര്‍ ഉടമകള്‍ അവരുടെ കഫെറ്റീരിയയില്‍ നിന്ന് വിലകൂടിയ കുടിവെള്ളം വാങ്ങാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അനുചിതമായി വ്യാപാരം നടത്തിയതിന്‍റെ പേരില്‍ നടപടിക്ക് വിധേയനാകുമെന്നും ഉത്തരവില്‍ കമ്മീഷന്‍ വ്യക്തമാക്കി.

ഉയര്‍ന്ന വില നല്‍കി കുടിവെള്ളം വാങ്ങാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നിരിക്കില്ല. സിനിമാഹാളിന് പുറത്ത് പൊതുവിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് പലരും ഈടാക്കുന്നത്. അതിനാല്‍ പ്രേക്ഷകന്‍ കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യത്തിനായി അമിതമായ വില നല്‍കാന്‍ നിര്‍ബന്ധിതനാകുകയാണ്. തിയറ്ററുകളില്‍ വാട്ടര്‍ കൂളറോടുകൂടിയ പ്യൂരിഫയറുകള്‍ സ്ഥാപിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ വേണ്ട ഡിസ്പോസിബിള്‍ ഗ്ലാസുകള്‍ ഉണ്ടെന്നും ഉറപ്പുവരുത്തണം. സിനിമ നടക്കുന്ന സമയത്തെല്ലാം കുടിവെള്ളവിതരണം സുഗമമായി നടക്കുന്നെന്ന് തിയറ്റര്‍ ഉടമ ഉറപ്പുവരുത്തണം. കുടിവെള്ള വിതരണം ഏതെങ്കിലും കാരണവശാല്‍ തടസപ്പെട്ടാല്‍ പകരം സംവിധാനം ഒരുക്കുകയും വേണം. ഇല്ലെങ്കില്‍ പ്രേക്ഷകന് തിയറ്റര്‍ ഉടമ നഷ്ടപരിഹാരം നല്‍കേണ്ടിവരും.