തിയറ്ററുകളിൽ നിന്ന് ഇന്നു സിനിമാപൂരം

മമ്മൂട്ടി–മോഹൻലാൽ ചിത്രമായ തോപ്പിൽ‍ ജോപ്പനും പുലിമുരുകനും റിലീസിെനത്തുമ്പോൾ മത്സരിക്കാൻ ഒരുപിടി ചിത്രങ്ങളാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. തമിഴിൽ നിന്ന് ശിവകാർത്തികേയന്റെ റെമോ, വിജയ് സേതുപതിയുടെ രെക്കാ, പ്രഭുദേവ ചിത്രം ഡെവിൾ എന്നിവ പ്രദർശനത്തിനെത്തുന്നു.

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിന്റെ തെലുങ്ക് പതിപ്പും ഇന്നു റിലീസിനുണ്ട്. രാകേഷ് ഓം പ്രകാശ് മെഹ്റയുടെ മിർസിയ ആണ് ബോളിവുഡിൽ നിന്നും റിലീസുള്ള ഏക ചിത്രം. നാളെ അനുരാഗ കരിക്കിൻവെള്ളത്തിന്റെ വിജയത്തിനു ശേഷം ആസിഫലി – ബിജു മേനോൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന കവി ഉദ്ദേശിക്കുന്നത് എത്തും.

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെ മെഗാതാര ഏറ്റുമുട്ടൽ ഇന്ന്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി എത്തുന്ന പുലിമുരുകനും അച്ചായൻ വേഷവുമായി മമ്മൂട്ടി വീണ്ടും എത്തുന്ന തോപ്പിൽ ജോപ്പനും ഒരുമിച്ച് ഇന്നു തിയറ്ററുകളിൽ എത്തും. വർഷങ്ങൾക്കു ശേഷം മെഗാതാരങ്ങൾ നേർക്കുനേർ വരുമ്പോൾ ഇരു താരങ്ങളുടെയും ആരാധകർ ആവേശത്തിലാണ്. രണ്ടു ഫാൻസ് അസോസിയേഷൻ പ്രവർത്തകരും റോഡ് ഷോകൾ നടത്തുന്നുണ്ട്.

ഘോഷയാത്രയും പാലഭിഷേകവും ചെണ്ടമേളവും ഒക്കെയായി കട്ടയ്ക്കുകട്ട ആഘോഷപരിപാടികളാണ് ഇരു താരങ്ങളുടെയും ആരാധകർ ഒരുക്കുന്നത്. പലതവണ റിലീസ് നീട്ടിവച്ചതിനു ശേഷമാണു മോഹൻലാലിന്റെ പുലിമുരുകൻ തിയറ്ററിൽ എത്തുന്നത്. രാവിലെ എട്ടു മണിക്കാണു പുലിമുരുകന്റെ ആദ്യ ഷോ ആരംഭിക്കുന്നത്. ഇരുനൂറോളം തിയറ്ററുകളിൽ എത്തുന്ന പുലിമുരുകൻ തലസ്ഥാനത്ത് ഏരീസ് പ്ലസ് സിനിമാസ്, ന്യൂ, ശ്രീകുമാർ, ശ്രീവിശാഖ്, ധന്യ എന്നിവിടങ്ങളിൽ എത്തും . ഇതു കൂടാതെ പേയാട് എസ്പി സിനിമാക്സ്, നെടുമങ്ങാട് സൂര്യ സിനി ഹൗസ്, സൂര്യ പാരഡൈസ്, ഹരിശ്രീ തിയറ്റർ കഴക്കൂട്ടം, വൈശാഖ സിനി ഹൗസ് ആറ്റിങ്ങൽ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രമെത്തും. നഗരത്തിൽ മാത്രം 40 പ്രദർശനങ്ങൾ ആദ്യദിനത്തിൽ നടക്കും.<

ഏരീസ് പ്ലസിൽ രാവിലെ എട്ടിന് ആറു ഷോകൾ ഒരുമിച്ചു നടക്കും. ന്യൂ, ശ്രീവിശാഖ് എന്നിവിടങ്ങളിലും എട്ടു മണിക്കു പ്രദർശനം ആരംഭിക്കും .ഗ്രാമത്തിലെ റിലീസിങ് സെന്ററായ പേയാട് എസ്പി സിനിമാക്സിലും രാവിലെ എട്ടിനു പ്രദർശനം ആരംഭിക്കും. ഇവിടെ ആറു ഷോകളാണ് ആദ്യദിനത്തിൽ പുലിമുരുകന് ഉണ്ടാകുക. ഫാൻസ് ആഘോഷം അർധരാത്രിയോടെ ആരംഭിക്കും. കൂറ്റൻ കട്ടൗട്ടുകളും ഫ്ളെക്സുകളും ആരാധകർ ഉയർത്തും. ശ്രീകുമാർ തിയറ്ററിൽ അൻപത് അടി ഉയരമുള്ള ലാലിന്റെ കൂറ്റൻ കട്ടൗട്ട് ഉയർത്തിക്കഴിഞ്ഞു. യുവ സംവിധായകൻ വൈശാഖ് ആദ്യമായി ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇരട്ട തിരക്കഥാകൃത്തുകളായിരുന്ന ഉദയകൃഷ്ണ– സിബി കെ തോമസിലെ ഉദയകൃഷ്ണയാണു തിരക്കഥ രചിച്ചിരിക്കുന്നത്.

ടോമിച്ചൻ മുളകുപാടമാണു ചിത്രം നിർമിച്ചിരിക്കുന്നത്. കമാലിനി മുഖർജിയാണു നായികയായി എത്തുന്നത്. പുലികളുമായുള്ള ഫൈറ്റ് സീനുകൾക്കായി സംഘം വിയറ്റ്നാമിൽ ചിത്രീകരണം നടത്തിയിരുന്നു.വർഷങ്ങൾക്കു ശേഷം മമ്മൂട്ടി അച്ചായൻ വേഷത്തിലേക്കു മടങ്ങിയെത്തുന്ന ചിത്രമാണു തോപ്പിൽ ജോപ്പൻ. കോടതി തടസ്സങ്ങൾ മാറിയാണു ചിത്രം ഇന്നു പ്രദർശനത്തിന് എത്തുന്നത്. സംസ്ഥാനത്തു നൂറിലധികം കേന്ദ്രങ്ങളിൽ ചിത്രമെത്തും. തലസ്ഥാനത്തു ശ്രീപത്മനാഭ, ഏരീസ് പ്ലസ്, ന്യൂ, കൈരളി എന്നിവിടങ്ങളിൽ ചിത്രമെത്തും. ജി ട്രാക്ക്സ് കഠിനംകുളം, ഗംഗ ക്ലോംപ്ലക്സ് ആറ്റിങ്ങൽ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രമെത്തും. കൈരളി തിയറ്ററിലാണു മമ്മൂട്ടി ഫാൻസ് ആഘോഷപരിപാടികൾ നടത്തുന്നത്.

ബൈക്കിൽ നഗരം ചുറ്റിയുള്ള റാലിയും ആഘോഷപരിപാടികളും ഫാൻസ് ഒരുക്കും. ന്യൂ തിയറ്ററിൽ രാവിലെ 9.30നാണു ചിത്രത്തിന്റെ ആദ്യപ്രദർശനം നടക്കുക. തുറുപ്പുഗുലാൻ, പട്ടണത്തിൽ ഭൂതം. താപ്പാന എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടി–ജോണി ആന്റണി ടീം ഒന്നിക്കുന്ന ചിത്രമാണു തോപ്പിൽ ജോപ്പൻ. നിഷാദ് കോയയാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അൻഡ്രിയ ജെർമിയും മംമ്താ മോഹൻദാസുമാണു നായികമാർ.