ഫഹദ് അല്ല ഇത്തവണ പൃഥ്വി; കാരണം വ്യക്തമാക്കി ഗൗതം മേനോന്‍

നാല് ഭാഷകളിലായി ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളം പതിപ്പിലാകും പൃഥ്വി നായകനാകുക.

സായി വരുൺ തേജ് തെലുങ്കിലും പുനീത് കന്നഡയിലും നായകനാകും. തമിഴിൽ നായകന്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ല. പൃഥ്വിരാജിനൊപ്പം സിനിമ ചെയ്യണമെന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു. യോജിച്ച കഥാപാത്രത്തെ ലഭിച്ചത് ഇപ്പോഴാണ്. അതുകൊണ്ടാണ് ആ റോളിലേക്ക് പൃഥ്വിയെ തന്നെ തെരഞ്ഞെടുത്തതെന്ന് ഗൗതം പറയുന്നു.

നേരത്തെ ചിത്രത്തിേലക്ക് ഫഹദ് ഫാസിലിനെ നായകനായി പരിഗണിച്ചിരുന്നെന്ന് വാർത്ത വന്നിരുന്നു. എന്നാൽ ഒരു ഘട്ടത്തിലും ഈ പ്രോജട്കില്‍ ഫഹദ് ഫാസിലിന്റെ പേര് വന്നിട്ടില്ലെന്നും ഫഹദിനൊപ്പമുള്ള ഒരു സിനിമ ഉടനുണ്ടാകുമെന്നും ഗൗതം മേനോന് പറഞ്ഞു‍.

തമന്നയെയും അനുഷ്‌കാ ഷെട്ടിയെയുമാണ് നായികമാരായി പരിഗണിക്കുന്നത്. മൂന്നാമത്തെ നായികയെ തീരുമാനിച്ചിട്ടില്ല. പ്രധാനമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന സിനിമയാകും ഇത്.
ധനുഷ് നായകനായ യെന്നൈ നോക്കി പായും തോട്ട എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഗൗതം മേനോന്‍. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ബഹുഭാഷാ ചിത്രത്തിലേക്ക് ഗൗതം മേനോന്‍ കടക്കുക.