ഓർക്കുന്നുണ്ടോ പരസ്യകലയിലെ ഈ ഗായത്രിയെ?

ഒരു കാലത്ത് മലയാള സിനിമാ പോസ്റ്ററുകളിലേയും ഡിസൈനുകളിലേയും അഭിവാജ്യ ഘടകമായിരുന്നു ഗായത്രി എന്ന പേര്. സിനിമകളുടെ ടൈറ്റിൽ കാർഡിൽ മറ്റാരെയും കണ്ടില്ലെങ്കിലും പരസ്യകല ഗായത്രി എന്ന് എപ്പോഴുമുണ്ടായിരുന്നു. പോസ്റ്റർ ഡിസൈനങ്ങിനെ കലയാക്കി മാറ്റിയ അപൂർവ്വം പ്രതിഭകളിലൊരാളായ ഗായത്രി അശോകൻ പതിയെ ഈ രംഗത്തു നിന്നു പിൻവാങ്ങുന്നതാണു പിന്നീട് നമ്മൾ കണ്ടത്.

എന്നാൽ വർഷങ്ങൾക്കു ശേഷം അശോകൻ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. അടൂരിന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ.. ദിലീപും കാവ്യയും ഒരുമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ പഴമയിൽ പുതുമയുടെ സൗന്ദര്യം ചാലിക്കുന്നവയാണ്. സിനിമാരംഗത്തും പോസ്റ്ററുകൾ ചർച്ചയായി കഴിഞ്ഞു.

ലാളിത്യമാണു അശോകന്റെ ഡിസൈനുകളുടെ മുഖമുദ്ര.ഗായത്രിയുടെ കയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ പോസ്റ്റുകൾ മലയാളികളുടെ മനസ്സിലുണ്ട്. പത്മരാജന്റെ കൂടെവിടെയിൽ കഥാപാത്രങ്ങളെല്ലാം സ്റ്റാമ്പിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ മുതൽ മൈ ഡിയർ കുട്ടിച്ചാത്തൻ , ദേവരാഗം, കാലാപാനി, താഴ്‌വാരം, പാദമുദ്ര ,നിറക്കൂട്ട്, സ്ഫടികം ,ന്യൂഡൽഹി, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയമായ ഡിസൈനുകൾ മലയാളിക്കു സമ്മാനിച്ചതു ഗായത്രിയായിരുന്നു..

സാങ്കേതിക വിദ്യ അത്രയൊന്നും പുരോഗമിക്കാത്ത കാലത്തു സ്വന്തം പരീക്ഷണങ്ങളിലൂടെയാണു അശോകൻ ഡിസൈനുകൾ തയ്യാറാക്കിയിരുന്നത്. എയർ ബ്രഷ് കോൺസപ്റ്റ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അശോകനാണ് കിലുക്കത്തിനു വേണ്ടി ആദ്യ കംപ്യൂട്ടർ ഡിസൈൻ തയ്യാറാക്കിയതും. മൈ ഡിയർ കുട്ടിച്ചാത്തൻ ത്രീഡി ഡിസൈൻ അക്കാലത്തു വിപ്ലവമായിരുന്നു. ഗ്ലാസുകൾ‍ വെട്ടി അതിനുളളിലൂടെ വിവിധ നിറങ്ങളിലുള്ള രശ്മികൾ കടത്തി വിട്ടായിരുന്നു ത്രീഡി പരീക്ഷണം.

ഒരുപാട് സിനിമകൾ ചെയ്തു കഴിഞ്ഞതിനാൽ വിട്ടു നിൽക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നുവെന്നു അശോകൻ പറയുന്നു. ഇക്കാലത്ത് ഒട്ടേറെ പുസ്തകങ്ങൾ വായിച്ചു. പുതിയ ഡിസൈൻ കണ്ടു ഒട്ടേറെ പേർ ഫെയ്സ് ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്യുന്നതിന്റെ സന്തോഷം അശോകൻ മറച്ചു വയ്ക്കുന്നില്ല. അടൂർ ഗോപാലക‍ൃഷ്ണന്റെ അനന്തരം മുതലുള്ള എല്ലാ ചിത്രങ്ങളിലും അശോകൻ സഹകരിച്ചിട്ടുണ്ട്.

ദിലീപ് -കാവ്യ ചിത്രമെന്ന നിലയിൽ ഒട്ടേറെ തിയറ്ററുകളിൽ റിലീസ് ചെയ്തതിനാൽ ചിത്രത്തിനു കിട്ടിയ ശ്രദ്ധയാണു ഡിസൈനുകൾക്കും ലഭിക്കുന്നതെന്ന അഭിപ്രായമാണു അശോകനുള്ളത്. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് അശോകന്റെ സ്ഥാപനത്തിനു ഗായത്രി എന്ന പേരിട്ടത്.വൈകാതെ അതു പേരിന്റെ ഭാഗമായി തീർന്നു. മോഹൻലാൽ നായകനായ ദൗത്യം എന്ന ചിത്രത്തിന്റെ തിരക്കഥയും അശോകന്റേതായിരുന്നു.