വിഡിയോ വ്യാജം; ഞാനങ്ങനെ പറഞ്ഞിട്ടില്ല: ഹരീഷ്

സിനിമയിൽ നമ്മളെ ചിരിപ്പിച്ചു രസിപ്പിക്കുന്ന ഹരീഷ് കെ ആർ എന്ന ജാലിയൻ കണാരൻ ആകെ സങ്കടത്തിലാണ്. താരങ്ങളെ കുറിച്ച് വ്യാജ ചിത്രങ്ങളും വാർത്തകളും പ്രചരിക്കുന്നവരാണ് ഹരീഷിനെ വിഷമിപ്പിച്ചതിന് പിന്നിലും. താൻ ആരാധിക്കുന്ന അഭിനയ പ്രതിഭകളുമായി തന്റെ പേരു ബന്ധപ്പെടുത്തി പരത്തുന്ന വാർത്തകളിലും വിഡിയോകളിലും ഒരു തരിപോലും സത്യമില്ലെന്ന് അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.

കുതിരവട്ടം പപ്പുവും മാമൂക്കോയയുമൊക്കെ പോലെ കോഴിക്കോടൻ ഭാഷ ശൈലി അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവാണ് ഹരീഷിനെയും വ്യത്യസ്തനാക്കുന്നത്. അതു തന്നെയാണ് ഹരീഷിനിപ്പോൾ വിനയായതും. കുതിരവട്ടം പപ്പുവും മാമൂക്കോയയുമൊക്കെ കഴിഞ്ഞാൽ കോഴിക്കോടൻ ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്ന നടൻ താനാണെന്നു ഹരീഷ് പറയുന്നൊരു വിഡിയോ യൂട്യൂബിലൂടെ പ്രചരിച്ചിരുന്നു. സ‌ത്യത്തിൽ ഇങ്ങനെയൊരു അഭിമുഖം പോലും ഹരീഷ് ആർക്കും നൽകിയിട്ടില്ല. ഈ വിഡിയോ തന്നെ ഒരുപാട് വിഷമിപ്പിച്ചെന്ന് ഹരീഷ് മനോരമ ഓൺലൈനോട് പറഞ്ഞു.

പപ്പു ചേട്ടന്റെയും മാമൂക്കോയ ഇക്കയുടെയുമൊക്കെ അരികിൽ പോലും നിൽക്കാനുള്ള യോഗ്യത എനിക്കില്ല. സിനിമയിൽ തന്നെ ഒരു തുടക്കക്കാരനാണ്. പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നതെന്നും ഹരീഷ് ചോദിക്കുന്നു. ദിലീപ് നായകനാകുന്ന ജോർജേട്ടൻസ് പൂരം എന്ന സിനിമയിലാണ് ഹരീഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.