ഹെൽമെറ്റ് വച്ച് എങ്ങനെ പ്രേമിക്കും !

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലെ യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്ന അവസ്ഥയെത്തിയതോടെ വെട്ടിലായത് സത്യത്തിൽ സിനിമാക്കാരാണ്. കാമുകന്റെ ബൈക്കിന് പിന്നിൽ കെട്ടിപ്പിടിച്ചിരുന്ന് ചെവിയിൽ‌ കിന്നാരം പറഞ്ഞിരുന്ന കാമുകിക്ക് ഹെൽമെറ്റ് വച്ചു കൊടുത്താൽ എങ്ങനെയിരിക്കും ? ആഹാ നല്ല ബോറല്ല അറും ബോറ് തന്നെയെന്ന് അണിയറക്കാരും ആസ്വാദകരും ഒരു പോലെ പറയുന്നു.

കാറ്റിൽ ഉലയുന്ന മുടിയുമായി ബൈക്കിൽ വരുന്ന നായകൻ. ഇമ വെട്ടാതെ ആ വരവ് നോക്കി അങ്ങ് ദൂരെ നിൽക്കുന്ന നായിക. അവർ കണ്ടു മുട്ടുന്നു. പ്രണയം പൂവിടുന്നു. പിന്നീട് ഇരുവരും ഒന്നിച്ച് ബാക്കിയുള്ള യാത്രകൾ. അങ്ങനെ മുന്നോട്ട്. പക്ഷേ ബൈക്കോടിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയപ്പോൾ തന്നെ ആ നായകന്റെ തലയ്ക്കടി കിട്ടിയ അവസ്ഥയായിരുന്നു. ദാ ഇപ്പൊ നായികയ്ക്കും കിട്ടി പണി.

ഇനി മുതൽ തലയിൽ ചട്ടി കമിഴ്ത്തി വച്ച പോലത്തെ ഹെൽമറ്റും വച്ച് ഇരുവരും പ്രണയിക്കേണ്ടി വരും. 22 ഫീമെയ്ൽ കോട്ടയം സിനിമയിൽ ആഷിഖ് ആബു ഫഹദിനെയും റിമയെയും ഹെൽമറ്റ് ധരിപ്പിച്ചാണ് ബൈക്കിൽ കൊണ്ടു പോയ്ത്. ആ യാത്രയ്ക്കൊടുക്കം അവർ പ്രണയത്തിലാവുകയും ചെയ്തു. താമസിയാതെ ബാക്കിയുള്ള സംവിധായകരും അദ്ദേഹത്തിന്റെ വഴിയെ പോകേണ്ടി വന്നേക്കുമെന്ന് സാരം.

എന്നാൽ ഹെൽമെറ്റ് നിയമം ഒരു കണക്കിന് അനുഗ്രഹമാവുമെന്ന് ചിലർ കണക്കു കൂട്ടുന്നു. സമയത്തിന് നായകനെയോ നായികയെയോ കിട്ടിയില്ലെങ്കിൽ അവരുടെ ഡ്യൂപ്പിനെ വച്ചാണെങ്കിലും ഷൂട്ട് ചെയ്യാമല്ലോ. മുഖം തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റ് അല്ലേ ഉള്ളത്. മാത്രമല്ല പൊതുജനത്തിന് താരത്തിനെ കാണാൻ പറ്റാത്തതിനാൽ കൊണ്ട് റോഡിലെ ഷൂട്ടിങ് മുടങ്ങാതെ നടക്കുകയും ചെയ്യും.

ഹെൽമറ്റ് നിയമം കർശനമാണെങ്കിലും നമ്മുടെ നായകന്മാരിൽ പലരും ഇന്നും ഇൗ ചട്ടക്കൂടില്ലാതെയാണ് അഭിനയിക്കുന്നത്. പുകവലി രംഗങ്ങളിൽ ആരോഗ്യത്തിന് ഹാനികരമെന്ന സന്ദേശം എഴുതി കാണിക്കാറുണ്ടെങ്കിലും ഹെൽമറ്റിന് അതും ബാധകമല്ല. കാര്യം ഇത്രയൊക്കെയായ സ്ഥിതിക്ക് അങ്ങനെ ഒന്ന് ഉണ്ടായിക്കൂടായ്കയുമില്ല. ഹെൽമറ്റില്ലാതെ പോകുന്ന കാമുകന്റെയും കാമുകിയുടെയും രംഗത്തിന് താഴെ നിങ്ങളുടെ പ്രണയം പൂവണിയാൻ ഹെൽമെറ്റ് ഉപയോഗിക്കൂ എന്നൊരു മുന്നറിയിപ്പ് കാണിച്ചാൽ അത്ഭുതപ്പെടാനില്ല.