ഭർത്താവ് ‘സുൽത്താൻ’ ആയി; ഭാര്യയ്ക്ക് ലോട്ടറിയടിച്ചു

സ്നേഹമുള്ള ഭർത്താക്കാന്മാരായാൽ ഇങ്ങനെ വേണം. ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍ സ്വദേശിയായ ഗീതാഞ്ജലി നടൻ സൽമാൻ ഖാന്റെ കടുത്ത ആരാധികയാണ്. സൽമാന്റെ പുതിയ ചിത്രം സുൽത്താൻ ആദ്യദിനം തന്നെ കാണാൻ ഗീതാഞ്ജലിക്ക് അതിയായ ആഗ്രഹവുമുണ്ടായിരുന്നു. എന്നാൽ തിയറ്ററുകളിലെ തിക്കും തിരക്കും അറിയാവുന്നതിനാൽ ഭർത്താവ് ശങ്കർ മുസാഫറിനോട് ഇക്കാര്യം പറഞ്ഞുമില്ല.

എന്തായാലും ഭാര്യയുടെ ഇഷ്ടമറിയാവുന്ന മുസാഫിർ ആദ്യദിനം തന്നെ ഭാര്യയുമായി തിയറ്ററിലേക്ക് പോയി. എന്നാൽ ടിക്കറ്റ് കിട്ടുമെന്ന് ഗീതാഞ്ജലിക്ക് ഒരുറപ്പും ഇല്ലായിരുന്നു. തിയറ്ററിന് മുന്നിൽ തിക്കും തിരക്കും. ടിക്കറ്റ് കിട്ടില്ലെന്ന് ഗീതാഞ്ജലിക്ക് ഉറപ്പായി.

എന്നാൽ മുസാഫിർ ഗീതാഞ്ജലിയെയും കൂട്ടി തിയറ്ററിനുള്ളിൽ കയറി. സിനിമ തുടങ്ങിയപ്പോൾ ഗീതാഞ്ജലി ചുറ്റും നോക്കി തിയറ്ററിൽ ഇവർ രണ്ടു പേർമാത്രം. മുസാഫിർ നേരത്തെ തന്നെ ഓൺലൈൻ വഴിയായി തിയറ്ററിലെ 120 സീറ്റും ബുക്ക് ചെയ്തിരുന്നു. ഗുര്‍കുല്‍ മാളിലെ തിയറ്ററാണ് ശങ്കര്‍ ബുക്ക് ചെയ്തത്.

ടിക്കറ്റ് ബുക്ക് ചെയ്ത മുസാഫിർ സുഹൃത്തുക്കളുമായി എത്തുമെന്നാണ് തിയറ്റര്‍ അധികൃതരും കരുതിയത്. എന്നാല്‍ സിനിമ കാണാന്‍ എത്തിയത് മുസാഫിറും ഭാര്യയും മാത്രമാണെന്ന് അറിഞ്ഞപ്പോള്‍ തിയേറ്റര്‍ അധികൃതരും ഞെട്ടി.

മുൻപ് സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ബജ്രംഗി ഭായ്ജാൻ റിലീസ് ചെയ്ത ദിവസം ഗീതാഞ്ജലി അഞ്ചു ടിക്കറ്റ് എടുത്തുവെക്കണമെന്ന് ആദ്യമേ പറഞ്ഞിരുന്നു. എന്നാൽ അന്ന് ഞങ്ങൾക്ക് ആ സിനിമ കാണാനായില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു സർപ്രൈസ് ഭാര്യയ്ക്ക് നൽകാൻ തീരുമാനിച്ചത്.–മുസാഫിർ പറഞ്ഞു.

എന്തായാലും ഭർത്താവിന്റെ ഈ സർപ്രൈസിൽ ഗീതാഞ്ജലി അതീവ സന്തോഷവതിയാണ്. തന്റെ ഗ്രാമത്തിലെ മറ്റൊരു ഭാര്യയ്ക്കും ഇതുപോലൊരു ഭാഗ്യം ഉണ്ടായിട്ട് കാണില്ലെന്ന് ഗീതാഞ്ജലി പറയുന്നു.