ആരോഗ്യം കളഞ്ഞുള്ള ആഘോഷം വേണ്ട

കലാഭവൻ മണിയുടെ മരണം ഉണ്ടാക്കിയ വേദന തീരും മുൻപ് അതു കൊലപാതകമോ ആത്മഹത്യയോ ആണോ എന്ന ചോദ്യം കൂടുതൽ നൊമ്പരപ്പെടുത്തി ഉയർന്നുവന്നിരിക്കുന്നു. കലാഭവൻ മണി മദ്യപിച്ചു ജീവിതം കളഞ്ഞ നടനായി അറിയപ്പെടേണ്ടയാളല്ല. എത്രയോ കഷ്ടപ്പാടുകളിലൂടെ വന്ന മഹാനായ കലാകാരനാണ്. പക്ഷേ, അദ്ദേഹത്തിന്റെ മരണം ഇപ്പോൾ മദ്യപാനവുമായി ബന്ധപ്പെട്ടു ചർച്ച ചെയ്യുന്നതു കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.

നീണ്ടകാലം സിനിമാലോകത്തെ അനുഭവങ്ങളിലൂടെ കടന്നുവന്നയാളെന്ന നിലയിൽ പറയട്ടെ: സിനിമക്കാർ ആരോഗ്യത്തിനപ്പുറം ആഘോഷങ്ങളിലേക്കു പോകുമ്പോൾ സൂക്ഷിച്ചേ തീരൂ. ഇത് ഉപദേശമല്ല, ഉപദേശിക്കാൻ തക്ക മഹാനുമല്ല ഞാൻ. എന്നെയും കൂടി ചേർത്താണു ഞാനിതു പറയുന്നത്. ലൊക്കേഷനുകളിൽ നിന്നു ലൊക്കേഷനുകളിലേക്കു യാത്ര ചെയ്യുന്നവരാണു സിനിമക്കാർ; നടന്മാരും പിന്നണി പ്രവർത്തകരും സംവിധായകരുമെല്ലാം. എല്ലായിടത്തും സൗഹൃദങ്ങൾ തേടിയെത്തും. പ്രസാദിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകും. ചിലയിടത്തു വലിയ ആൾക്കാരുടെ സൗഹൃദക്ഷണത്തിനു നാം വഴങ്ങേണ്ടിയും വരും. എന്നാൽ, സ്വന്തം ആരോഗ്യത്തിനു ഡോക്ടർമാർ അപകടമുന്നറിയിപ്പു തന്നാൽ പിന്നെ നാം സ്വന്തം ജീവൻ നോക്കിയേ തീരൂ.

പണ്ടുകാലത്തു സിനിമക്കാരനു വളരെ ചുരുങ്ങിയ കാശേ കിട്ടാറുള്ളൂ. എന്നിട്ടും ആ പണം മുഴുവൻ ഉപയോഗിച്ചു കുടിച്ചു മരിച്ചയാൾക്കാരുമുണ്ട്. സിനിമക്കാരന് എപ്പോഴും സുഹൃത്തുക്കൾ മാറിവരും. ആവശ്യമില്ലെങ്കിലും ചിലപ്പോൾ മദ്യപിക്കേണ്ടി വരും. ആരോഗ്യം പോകുന്നതു തിരിച്ചറിയാനും മദ്യപാന സദസ്സുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ മനസ്സിലാക്കാനും നാം തന്നെ ശ്രദ്ധിച്ചേ മതിയാകൂ. എനിക്കു കാൻസർ വന്നതു ദൈവം വരുത്തിത്തന്നതാണ്. പക്ഷേ, മദ്യപാന രോഗങ്ങൾ പോലുള്ളവ നാം ചോദിച്ചു വാങ്ങരുത്.

അമൃതയിലെ ഒരു ഡോക്ടർ മുൻപ് എന്നെ വിളിച്ചു പറഞ്ഞിരുന്നു. മണിക്ക് കരളിനു പ്രശ്നമുണ്ട്, മഞ്ഞപ്പിത്തമുണ്ട്, കഴിക്കരുതെന്ന് ആരെങ്കിലും ഒന്നുപറഞ്ഞു കൊടുക്കണമെന്ന്. ഞാൻ മണിയുടെ അടുത്ത സുഹൃത്തുകൂടിയായ ദിലീപിനെ വിളിച്ചു. ദിലീപ് മണിയോടു ചോദിച്ചു, ശ്രദ്ധിക്കണമെന്നു പറയുകയും ചെയ്തു. ആളുകൾ വെറുതെ പറയുന്നതാണെന്നായിരുന്നു മണിയുടെ മറുപടി.

മണി പക്ഷേ, ജനമനസ്സുകളിൽ നിൽക്കുന്നത് ഇഷ്ടമുള്ള നടൻ, നാടൻ പാട്ടുകാരൻ എന്ന നിലയിൽ തന്നെയാവും. സംസ്കാരച്ചടങ്ങിലെ തിക്കും തിരക്കും കണ്ടു ഞാനും നിങ്ങളും അമ്പരന്നതാണ്. ഇത്ര തിരക്ക് ഒരു നടന്റെയും സംസ്കാരത്തിനു നാം കണ്ടിട്ടില്ല. അന്നു ഞാനും ഡൽഹിയിൽ നിന്നെത്തി തിരക്കുമൂലം മണിയെ കാണാനാവാതെ മടങ്ങി.

രണ്ടുതവണ കാൻസർ വന്ന ഞാൻ ചിന്തിക്കുന്നതു ദൈവം വിളിക്കുമ്പോൾ പോകാമെന്നാണ്. എന്നെക്കാൾ ധൈര്യമുള്ളയാളാണു മണിയെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അമ്മയുടെ എക്സിക്യൂട്ടീവിൽ അംഗമായിരുന്ന മണി പലപ്പോഴും ധീരമായ നിലപാടുകൾ എടുത്തിരുന്നു. സിനിമയിൽ നിന്നാരെങ്കിലും വിലക്കിയാലോ എന്നു ചോദിച്ചാൽ ഓട്ടോ ഓടിക്കാനും കൂലിപ്പണിക്കും പോയി ജീവിക്കാനറിയാമെന്നു മണി പറയുമായിരുന്നു.

ഇപ്പോൾ ഭാര്യയും അനുജനും പറയുന്നു മരണത്തിൽ സംശയമുണ്ടെന്ന്. പൊലീസ് അന്വേഷണവും രാസപരിശോധനാ റിപ്പോർട്ടും അതിലേക്കു വിരൽ ചൂണ്ടുന്നു. മണിയുടെ കൂട്ടുകാർ സംശയിക്കപ്പെടുന്നുവെന്നു കേൾക്കുമ്പോൾ വിഷമവും തോന്നുന്നു.

മണിയെ വിഷം കൊടുത്തു കൊല്ലണമെങ്കിൽ എന്തിനു വേണ്ടി എന്നുകൂടി ആലോചിക്കണം. സ്വത്തോ പണമോ വാങ്ങിയ കൂട്ടുകാർ, അതു മണി തിരിച്ചു ചോദിച്ചപ്പോൾ ചെയ്തതാണോ? മദ്യപാന സദസ്സിൽ ലക്കുകെട്ട ആരെങ്കിലും അറി‍ഞ്ഞോ അറിയാതെയോ വിഷം ഒഴിച്ചു കൊടുത്തുകാണുമോ? കൊണ്ടുവന്നു എന്നു പറയപ്പെടുന്ന വാറ്റുചാരായം ആണു പ്രതിയെങ്കിൽ അതു മണിക്കുമാത്രം ദോഷം ചെയ്തതെങ്ങനെ? ഇതൊക്കെ മനസ്സിൽ ചോദ്യങ്ങളായി വരുന്നു. സമഗ്രമായ അന്വേഷണം വേണം എന്നു പറയാനേ കഴിയൂ.

ഇവിടെ നിയമവും പൊലീസുമുണ്ട്. അമ്മ എന്ന സംഘടന മണിക്കുവേണ്ടി എന്തിനും തയാറായി ഒപ്പമുണ്ട്. പൊലീസ് സത്യം വെളിച്ചത്തു കൊണ്ടുവരുന്നതു വരെ ആരെയും വെറുതെ പ്രതിസ്ഥാനത്തു നിർത്തുന്നതു ശരിയല്ല. എന്തായാലും മണിയുടെ കുടുംബത്തിന് ആ നഷ്ടദുഃഖത്തിനു മേൽ ഇപ്പോൾ വന്ന വലിയ വ്യഥ എളുപ്പം മാറുമെന്നും സത്യം വെളിച്ചത്തുവരുമെന്നും ഞാൻ ആശിക്കുന്നു.