ശ്രീനിവാസന് അറിവില്ലായ്മയെന്ന് ഇന്നസെന്റ് എംപി

അവയവ ദാനം മഹത്തായ കാര്യമാണെന്നും അതിനെതിരെ തന്റെ സുഹൃത്തു നടത്തിയ പരാമർശങ്ങൾ അറിവില്ലായ്മ കൊണ്ടാണെന്നും ഇന്നസെന്റ് എംപി. എറണാകുളം ലിസി ആശുപത്രി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അവയവ മാറ്റ ശസ്ത്രക്രിയക്കു വിധേയരായവരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം ആ പ്രസ്താവന തിരുത്തിയിരുന്നു. അവയവങ്ങൾ മാറ്റി വച്ചു കഴിഞ്ഞാൽ ജീവിതമില്ല എന്നു പറയുന്നത് തെറ്റാണ്. അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കു ശേഷവും പലരും സാധാരണ ജീവിതം നയിക്കുന്നതായി തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

രോഗം വരുമ്പോൾ മരുന്നിനേക്കാൾ ഫലം ചെയ്യുന്നത് മനസാന്നിധ്യമാണ്. മനസിനു ധൈര്യമുണ്ടെങ്കിൽ മാത്രമേ ഏത് മരുന്നും ഫലം ചെയ്യൂ. അതിന് ഉദാഹരണം തന്റെ ജീവിതം തന്നെയാണ്. ഒരു സിനിമയുടെ സെറ്റിൽ വെച്ചാണ് തനിക്ക് കാൻസർ ഉണ്ടെന്ന കാര്യമറിയുന്നത്. കേട്ടപ്പോൾ ആദ്യം വിഷമിച്ചെങ്കിലും പിന്നീട് മനോധൈര്യത്തോടെ മുന്നോട്ടു പോവുകയാണെന്നും ഇന്നസെന്റ് പറഞ്ഞു.

മൂന്ന് വർഷങ്ങൾക്ക് മുമ്പ്് അഞ്ചാം വയസിൽ വൃക്ക മാറ്റി വെയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ കൊടുങ്ങല്ലൂർ സ്വദേശി അശ്വിൻ, വൃക്ക ദാനം ചെയ്‌ത ഫാ. ജിൽസൺ തയ്യിൽ, വൃക്കമാറ്റി വെയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ സിനിമാതാരം സ്‌ഫടികം ജോർജ്ജ്, മൂന്നു വർഷങ്ങൾക്ക് മുമ്പ്് അപൂർവ ഹൃദയം മാറ്റി വെയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക്് വിധേയയായ ശ്രുതി ശശി എന്നിവരുൾപ്പെടെ മുന്നൂറോളം പേരാണ് സംഗമത്തിനെത്തിയത്.