ഇന്നസെന്റിനെ പിറകിലിരുത്തി നികേഷിന്റെ പ്രചാരണം

അഴീക്കോട് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിനൊപ്പം ബൈക്കില്‍ പ്രചരണം നടത്തി നടനും എം.പിയുമായ ഇന്നസെന്റ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലത്തില്‍ നടന്ന ബൈക്ക് റാലിയിലാണ് ഇന്നസെന്റ് പങ്കെടുത്തത്. നികേഷ് കുമാര്‍ ഓടിച്ച ബൈക്കിന് പിറകില്‍ ഇരുന്നാണ് ഇന്നസെന്റ് പ്രചരണത്തിന്റെ ഭാഗമായത്.

ഗണേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മോഹന്‍ലാല്‍ പോയതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചതില്‍ കുഴപ്പമില്ലെന്നും മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയത് വ്യക്തിപരമായ തീരുമാനമാണെന്നും ഇന്നസെന്റ്. നടന്‍മാര്‍ പ്രചരണത്തിന് പോകുന്നത് വ്യക്തി ബന്ധത്തിന്റെ കൂടി ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങള്‍ പത്തനാപുരത്ത് പ്രചാരണത്തിനിറങ്ങുന്നതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചിരുന്നു. താരമണ്ഡലമായ പത്തനാപുരത്ത് ആരുടെയും പക്ഷം പിടിക്കരുതെന്ന നിര്‍ദേശം എല്ലാ താരങ്ങളോടും അമ്മ നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് സലിം കുമാര്‍ രാജിവച്ചത്.