ദ് ബട്ടര്‍ഫ്ലൈ ഇഫക്ട്

പ്രേമത്തിന് ഇതല്ലാതൊരു പോസ്റ്റര്‍ തയ്യാറാക്കാന്‍ പറ്റുമോ? ട്രെയിലറും ടീസറും പോലും പുറത്തിറങ്ങാത്ത ചിത്രത്തെ പ്രേക്ഷകര്‍ ആകര്‍ഷിക്കാന്‍ ഒരു പ്രധാനകാരണം ഈ പോസ്റ്റര്‍ തന്നെയാണ്.

പ്രേമത്തിന്റെ ആദ്യ പോസ്റ്റര്‍ കണ്ട എല്ലാവരുടെയും മനസ്സില്‍ കുളിര് കോരി. പേരു പോലെ തന്നെ പ്രേമം പൊട്ടിവിടരുന്ന ഒരു അനുഭൂതി നല്‍കുന്ന പോസ്റ്ററായിരുന്നു ചിത്രത്തിന്റേത്. അത്രമനോഹരമായാണ് പോസ്റ്റര്‍ ഒരുക്കിയിരുന്നത്.

ചിത്രശലഭങ്ങള്‍ക്ക് സിനിമയിലുള്ള പ്രാധാന്യം പ്രേമം സിനിമ കണ്ടു കഴിഞ്ഞവര്‍ക്ക് മനസ്സിലാകും. നിവിന്‍ അവതരിപ്പിക്കുന്ന ജോര്‍ജ് എന്ന ചെറുപ്പക്കാരന്‍റെ മൂന്ന് കാലഘട്ടങ്ങളാണ് സിനിമയുടെ അടിത്തറ. ചിത്രശലഭങ്ങളും ഇതുപോലെയാണ്. പ്യൂപയായി, പിന്നീട് പുഴു, അതുപിന്നീട് മനോഹരമായ ചിത്രശലഭമായി മാറുന്നു. സിനിമയിലും ഇതേ ആശയം തന്നെയാണ് അല്‍ഫോന്‍സ് ആവിഷ്കരിച്ചിരിക്കുന്നത്. അല്‍ഫോന്‍സിന്‍റെ ഈ ആശയത്തെ പോസ്റ്ററില്‍ കൊണ്ടുവന്ന് മനോഹരമാക്കിയത് ട്യൂണി എന്ന ചെറുപ്പക്കാരനാണ്.

സിനിമയിലെ ഓരോ ഫ്രെയിമിലും ചിത്രശലഭങ്ങളെ കൊണ്ടുവരാന്‍ അല്‍ഫോന്‍സ് ശ്രമിക്കുന്നുണ്ട്. ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ഇതൊരു കന്നഡ സിനിമയുടെ പകര്‍പ്പ് ആണെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്യൂണി എന്ന ചെറുപ്പക്കാരന്‍റെ ഡെഡിക്കേഷനും കഴിവും ആളുകള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. സിനിമ കണ്ടിറങ്ങിയവര്‍ക്കറിയാം ഈ പോസ്റ്ററിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നും.

സിനിമയില്‍ ഇതിന്‍റെ പ്രാധാന്യം കൃത്യമായി അറിയാവുന്നതിനാല്‍ സിനിമ പുറത്തിറങ്ങുന്നതുവരെ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയുവാനും ട്യൂണിക്ക് സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ സിനിമയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് ട്യൂണി.

കാര്‍ത്തിയുടെ മദ്രാസ്, സൂര്യ ചിത്രം അഞ്ചാന്‍, ജിഗര്‍താണ്ട എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്ററ് ഒരുക്കിയതും ട്യൂണി തന്നെ. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം മാസ്സിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്നതും ട്യൂണിയാണ്. അല്‍ഫോന്‍സിന്റെ ആദ്യ ചിത്രമായ നേരത്തിലും ട്യൂണി പ്രവര്‍ത്തിച്ചിരുന്നു.