ഒാടിയെത്തുമോ ‘ഒപ്പം’ ഒന്നാമത് ?

ഒരു മോഹൻലാൽ ചിത്രം എത്തിയിട്ട് നാളേറെയായി. കഴിഞ്ഞ വർഷമാണ് അവസാനമായി മലയാളികൾ തങ്ങളുടെ പ്രിയതാരത്തെ ബിഗ് സ്ക്രീനിൽ കണ്ടത്. ഇക്കാലയളവിനിടെ രണ്ടു തെലുങ്ക് സിനിമകളിലും ബ്രഹ്മാണ്ഡ സിനിമയായ പുലിമുരുകനിലും മോഹൻലാൽ അഭിനയിച്ചെങ്കിലും ഇത്തവണത്തെ ഒാണത്തിന് എത്തുന്നത് അദ്ദേഹത്തിന്റെ ‘ഒപ്പം’ ആണ്.

ആകർഷകമായ കഥയും കഥാഗതിയുമാണ് ചിത്രത്തിന്റേതെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. സിനിമകളൊട്ടനവധി സംവിധാനം ചെയ്തിട്ടുള്ള പ്രിയദർശന്റെ കരിയറിലെ ആദ്യ ക്രൈം ത്രില്ലറാണ് ഇൗ ചിത്രം. അദ്ദേഹത്തിന്റെ സമീപ സിനിമകൾ ബോക്സ് ഒാഫിസിൽ അത്ര നന്നായിരുന്നില്ലെങ്കിലും ‘ഒപ്പം’ അതു തിരുത്തിക്കുറിക്കുമെന്ന് തന്നെയാണ് അണിയറക്കാർ അറിയിക്കുന്നത്.

മോഹൻലാലിനെ സംബന്ധിച്ചും ‘ഒപ്പം’ നിർണായകമാണ്. അദ്ദേഹത്തിന്റെ സിനിമകൾ സാമ്പത്തിക നഷ്ടം വരുത്തുന്നില്ലെങ്കിലും ദൃശ്യം പോലൊരു മെഗാ ഹിറ്റ് ചിത്രമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മോഹൻലാലും പ്രിയദർശനും ഒന്നിച്ചപ്പോഴൊക്കെ എന്തെങ്കിലുമൊരു വിസ്മയം മലയാളികൾക്ക് ലഭിച്ചിട്ടുണ്ട് എന്നത് കണക്കിലെടുത്താൽ ഒപ്പവും പ്രതീക്ഷയേകുന്നതാണ്.

എന്നാൽ ചിത്രത്തിലെ വിമലാ രാമന്റെ നായികാ വേഷത്തെ സിനിമയിലെ ഒരു കൂട്ടം അന്ധവിശ്വാസികൾ എതിർക്കുന്നുണ്ട്. എല്ലാ പ്രമുഖ താരങ്ങൾക്കൊപ്പവും പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ഹിറ്റ് പോലും വിമലയുടെ പേരിൽ ഇതു വരെയില്ലെന്നും ഭാഗ്യമില്ലാത്ത നായികയാണ് അവരെന്നുമാണ് ഇക്കൂട്ടർ വാദിക്കുന്നത്. എന്നാൽ ഒപ്പം വിമലയുടെയും ഭാഗ്യസിനിമയാകും എന്നു വിശ്വസിക്കാനാണ് പ്രേക്ഷകർക്ക് താൽപര്യം. ഒാണം ഒപ്പം സ്വന്തമാക്കുമോ എന്ന് കാത്തിരുന്നു കാണാം.