ചില്ലറക്കാരനല്ല ഡാഡി ഗിരിജ

പുലിമുരുകൻ ഇനി വേട്ടയ്ക്കിറങ്ങുന്നത് ഡാഡി ഗിരിജയുടെ തട്ടകത്തിലാണ്. ‘മന്യം പുലി’ എന്ന പേരിൽ പുലിമുരുകന്റെ തെലുങ്ക് ഡബ്ബിങ് പതിപ്പ് റിലീസ് ചെയ്യുമ്പോൾ മോഹൻലാലിന്റെ തെലുങ്കിലെ പുതിയ താരമൂല്യത്തിനൊപ്പം ചിത്രത്തിനു ബോക്സ് ഓഫിസിൽ കരുത്തുപകരുന്നതാകും പ്രധാന വില്ലൻ ഡാഡി ഗിരിജയെ ശ്രദ്ധേയമാക്കിയ ജഗപതി ബാബുവിന്റെ സാന്നിധ്യവും. നായക വേഷത്തിൽ തുടങ്ങി സ്വഭാവ നടനായും വില്ലനായും തെലുങ്കു സിനിമയിൽ അഭിനയത്തിന്റെ കാൽനൂറ്റാണ്ടു പൂർത്തിയാക്കിയ ജഗപതി ബാബു എന്ന ജഗ്ഗു ഭായിയുടെ ആരാധകവൃന്ദം അത്രയ്ക്ക് ശക്തമാണവിടെ.

സാൾട്ട് ആന്റ് പെപ്പർ ജഗ്ഗു ഭായ്

കുടുംബ ചിത്രങ്ങളിലൂടെയാണ് ആരാധകരുടെ സ്വന്തം ജഗ്ഗുഭായ് താരപദവിയിലേക്കു കുതിച്ചുയർന്നത്. ഇടക്കാലത്ത് അൽപം മങ്ങുകയും സിനിമകൾ കുറയുകയും ചെയ്തെങ്കിലും സാൾട്ട് ആന്റ് പെപ്പർ ലുക്കുമായി സമീപകാലത്ത് ശക്തമായി പുനരവതരിക്കുകയായിരുന്നു അദ്ദേഹം. ഹീറോ ഇമേജിൽ നിന്നു മാറി വില്ലനായും സഹനടനായും കരിയറിൽ പുതിയ പരീക്ഷണങ്ങൾക്കു മുതിർന്നതും ഈ രണ്ടാംവരവിലാണ്. ഈ യാത്രയുടെ തുടർച്ചയായാണ് പുലിമുരുകനിലൂടെ മലയാളത്തിലുമെത്തിയത്.

ലാൽ അനുഭവത്തിന്റെ ആവേശത്തിൽ

ടോളിവുഡിലെ സ്റ്റൈലിഷ് താരമായാണ് ജഗപതി ബാബു ഇപ്പോൾ അറിയപ്പെടുന്നത്. അസാധ്യമായ സ്ക്രീൻ പ്രസൻസ് ആണ് അദ്ദേഹത്തിന്റെ പ്ലസ്. തന്റെ കരിയറിലെ വലിയൊരവസരം എന്നാണ് അദ്ദേഹം പുലിമുരുകനെ വിശേഷിപ്പിക്കുന്നത്. മോഹൻലാലിനൊപ്പം അഭിനയിക്കാനായി എന്നതാണ് ഈ സിനിമ തന്ന ഏറ്റവും വലിയ സൗഭാഗ്യമെന്ന് ആരാധകരുമായി നടത്തിയ ഫെയ്സ്ബുക് ചാറ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിറയെ അറിവുള്ള വ്യക്തിയാണ് ലാൽ ഗാരു എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പുലിമുരുകന്റെ തെലുങ്ക് ഡബ്ബിങ് നിർവഹിക്കുന്ന ചിത്രം ഫെയ്സ് ബുക് പേജിലൂടെ പങ്കുവെച്ച അദ്ദേഹം, ചിത്രം തന്റെ നാട്ടിൽ പ്രദർശനത്തിനെത്തുന്നതിന്റെ ആവേശവും വ്യക്തമാക്കിയിരുന്നു.

ഹിറ്റുകളേറെ, അവാർഡുകളും

സംവിധായകനും നിർമാതാവുമായിരുന്ന വി.ബി. രാജേന്ദ്രപ്രസാദിന്റെ മകനാണ് ജഗപതി ബാബു. 1974ൽ ബാലതാരമായി ‘മഞ്ചി മനുഷുലു’ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും 1989ൽ ‘സിംഹസ്വപ്നം’ എന്ന സിനിമയിലൂടെയാണ് നായകനായി യഥാർഥ അരങ്ങേറ്റം കുറിച്ചത്. 92ൽ ഇറങ്ങിയ ‘പെഡ്ഡരിക്കം’ ആണ് ആദ്യ ബ്ലോക്ക് ബസ്റ്റർ. രാംഗോപാൽ വർമ സംവിധാനം ചെയ്ത ‘ഗായം’ കരിയറിൽ നിർണായകമായി. ശുഭലഗ്നം, മാവിച്ചിഗുരു തുടങ്ങിയ ചിത്രങ്ങളിലൂെട താരപദവി നേടി. 120 ചിത്രങ്ങളിൽ അഭിനയിച്ചതിൽ മിക്കവയിലും നായകനായി. മികച്ച നടനുള്ള ആന്ധ്ര സംസ്ഥാന നന്ദി അവാർഡ് മൂന്നു തവണ നേടി (ഗായം, മാവിച്ചിഗുരു, മനോഹരം). സഹനടനുള്ള ഫിലിം ഫെയർ പുരസ്കാരം രണ്ടു തവണ നേടി (ലക്ഷ്യം, ലെജൻഡ്). ഇതിനു പുറമെയാണു മറ്റു പുരസ്കാരങ്ങൾ.

രജനി, വിജയ് ചിത്രങ്ങളിലും

സമീപ വർഷങ്ങളിലാണ് ജഗപതി ബാബു വില്ലൻ വേഷങ്ങളും അച്ഛൻ വേഷങ്ങളും മറ്റും പരീക്ഷിച്ചു തുടങ്ങിയത്. ശ്രീമന്തുഡുവിൽ മഹേഷ് ബാബുവിന്റെ അച്ഛനായി. ബാലകൃഷ്ണയുടെ ലെജൻഡ്, ജൂനിയർ എൻടിആറിന്റെ നന്നക്കു പ്രേമതോ എന്നിവയിൽ തകർപ്പൻ വില്ലനായി. തമിഴിൽ രജനീകാന്തിനൊപ്പം ലിംഗ, വിശാലിനൊപ്പം കത്തിസണ്ടൈ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. വിജയ്‌യുടെ പുതിയ ചിത്രം ഭൈരവയിലും ജഗ്ഗു ഭായിയെ കാണാം.

ഹീറോ ആകാൻ ഇനിയും ബാല്യം

മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ നിഖിൽ ഗൗഡ നായകനായ ‘ജാഗ്വാർ’ എന്ന ചിത്രത്തിലൂടെ ജഗപതി ബാബു കന്നഡയിലും ശ്രദ്ധേയനായി. കന്നഡയിലും തെലുങ്കിലുമായി കുമാരസ്വാമി നിർമിക്കുന്ന പുതിയ ചിത്രത്തിലൂെട 55–ാം വയസിൽ നായകനായി വീണ്ടും അങ്കം കുറിക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ജഗപതി ആർട് പിക്ചേഴ്സിന്റെ ബാനറിൽ നിർമാണ രംഗത്തും തിരിച്ചുവരവിനൊരുങ്ങുകയാണ്.