എക്സ്ട്രയല്ല ഈ ആരാധകൻ

അന്തപ്പുരം എന്ന ചിത്രത്തിൽ ജയനും അടൂർ ഭാസിയും. ജയന്റെ കാൽ തിരുമ്മുന്ന ആളാണു തോമസ് ചാക്കോ

കോട്ടയം കുറിച്ചിയിൽ ചെന്നു പുത്തൻപുരയിൽ തോമസ് ചാക്കോയുടെ വീടു കണ്ടു പിടിക്കാൻ ശ്രമിച്ചാൽ അൽപ്പം വിയർക്കും. പക്ഷേ, അന്തപ്പുരത്തിന്റെ വീടെവിടെയെന്നു ചോദിച്ചാൽ ആരും കാണിച്ചു തരും. 1980ൽ പുറത്തിറങ്ങിയ നസീർ – ജയൻ ചിത്രമാണ് അന്തപ്പുരം. ചിത്രത്തിലെ നടനായിരുന്നു തോമസ് ചാക്കോ. ജയൻ ചോദിച്ചാൽ ചങ്കു പറിച്ചു കൊടുക്കുന്ന ആരാധകൻ. ജയൻ മരിച്ചെന്നു കേട്ടപ്പോൾ മൃതദേഹം കാണാൻ പോയില്ല തോമസ്. തന്റെ മനസ്സിലെ ജയനെന്ന നടൻ അനശ്വരനാണെന്നതായിരുന്നു കാരണം.

അവസാനമായി കാണാൻ പോകാതിരുന്നതിന്റെ പ്രായശ്ചിത്തമായി എല്ലാ വർഷവും കൊല്ലം ഓലയിലുള്ള ജയന്റെ വെങ്കല പ്രതിമയെ കുളിപ്പിക്കുന്നത് തോമസ് ചാക്കോയാണ്.

∙അന്തപ്പുരത്തിലെ ജയൻ

തോമസ് കാണാൻ ആഗ്രഹിച്ചിരുന്ന നടനായിരുന്നു ജയൻ. അങ്ങനെയിരിക്കെയാണ് അന്തപ്പുരത്തിലേക്കുള്ള വിളി വന്നത്. ചെന്നൈ അരുണാചലം സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. ജയിലിനുള്ളിൽ നസീറും ജയനും തമ്മിൽ തല്ലു കൂടുന്ന രംഗമാണ് എടുക്കുന്നത്. അൽപ്പം വില്ലത്തരമുള്ള ജയന്റെ കഥാപാത്രത്തിന്റെ കാൽ തിരുമ്മാനുള്ള നിയോഗം തോമസിനായിരുന്നു.

ഒരു ദിവസം മുഴുവൻ ജയനെ സ്വന്തമായി കിട്ടിയപ്പോൾ ലോട്ടറി അടിച്ച പോലെയായി. അന്തപ്പുരത്തിനു ശേഷം മലയാളം, തമിഴ് സിനിമകളിൽ മുഖം കാണിച്ച തോമസ് പിന്നീട് ജീവിത പ്രാരാബ്ധങ്ങൾ മൂലം നാട്ടിലേക്കു മടങ്ങി. പക്ഷേ, പോരുമ്പോൾ അന്തപ്പുരമെന്ന പേരും ഒപ്പമുണ്ടായിരുന്നു.

∙വെങ്കല ജയൻ

വർഷത്തിലൊരിക്കൽ ജയന്റെ വീടിനു സമീപമുള്ള വെങ്കല പ്രതിമ തോമസ് കുളിപ്പിക്കും. ഇതിനായി ബ്രഷും സോപ്പും കുടവും വാങ്ങിയാണു തോമസ് പോവുക. ജയനെ തേച്ചു കുളിപ്പിക്കുമ്പോൾ ചിലപ്പോൾ തോമസ് വിതുമ്പിപ്പോകും. അപൂർവമായ കാഴ്ച കാണാൻ റോഡിന്റെ ഇരുവശത്തും ആളുകൾ നിരന്നു നിൽക്കും. ഇത്തവണയും പോകാനൊരുങ്ങി നിൽക്കുകയാണ് തോമസ്. നാട്ടിലെത്തി കൂലിപ്പണി ചെയ്തു മൂന്നു പെൺകുട്ടികളെയും കെട്ടിച്ച് അയച്ചു. ഇപ്പോൾ വല്ലപ്പോഴും മാത്രമേ പണിയുള്ളൂ. എക്സ്ട്രാ നടൻ എന്നും എക്സ്ട്രാ നടനാണല്ലോ എന്നു പറഞ്ഞു ജീവിതത്തെ നോക്കി ചിരിക്കുകയാണ് അന്തപ്പുരം.