പുലിമുരുകൻ ഗംഭീരം തന്നെ, വിഷമിപ്പിച്ചെങ്കിൽ ഖേദിക്കുന്നു: ജയരാജ്

തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടുന്ന മോഹൻലാൽ ചിത്രം പുലിമുരുകനെതിരെ സംവിധായകൻ ജയരാജ് നടത്തിയ പ്രസ്താവന ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. പുലിമുരുകനെ വെട്ടി തന്റെ പുതിയ ചിത്രമായ വീരം നൂറുകോടി ക്ലബിലെത്തുമെന്നും പുലിമുരുകന്റെ വലിയ വിജയത്തിന് കാരണം സാങ്കേതിക വിദ്യ മാത്രമാണെന്നുമായിരുന്നു ജയരാജ് പറഞ്ഞത്. സംഭവം വിവാദമായതോടെ ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് ജയരാജ് രംഗത്തെത്തി.

മലയാളത്തിലെ എന്നല്ല, ലോക സിനിമയിലെത്തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് ഭരത് മോഹൻലാൽ എന്നും അദ്ദേഹത്തിന്റെ അസാമാന്യ അഭിനയ പാടവവും, സിനിമക്ക് വേണ്ടിയുള്ള ത്യാഗവും വെളിവാക്കുന്ന ഒരു ഗംഭീര വർക്ക് തന്നെയാണ് പുലിമുരുകനെന്നും ജയരാജ് പറഞ്ഞു.

‘ഇത്രയും വലിയ ഒരു 'ഇനിഷ്യൽ പുൾ' സൃഷ്ടിക്കുന്നതിൽ സാങ്കേതിക മികവ് ഒരു ഘടകമാണ് എന്ന് മാത്രമേ ഞാൻ പറയാൻ ഉദ്ദേശിച്ചിരുന്നുള്ളു. ഈ വാക്കുകൾ ശ്രീ. മോഹൻലാലിലോ, ലോകമെമ്പാടുമുള്ള ആരാധകർക്കോ ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കിൽ നിർവ്യാജം ഖേദിക്കുന്നു.–ജയരാജ് വ്യക്തമാക്കി.

സൂപ്പര്‍ താരങ്ങളല്ല സാങ്കേതിക മികവാണ് ബിഗ്ബജറ്റ് ചിത്രങ്ങളുടെ വിജയഘടകമെന്ന് പുലിമുരുകനെ പരാമര്‍ശിച്ച് ജയരാജിന്റെ പ്രസ്താവന. മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ച പല സിനിമകളും ഫ്േളാപ്പ് ആയിരുന്നു. പിന്നെ എന്തുകൊണ്ടാണ് പുലിമുരുകനിലേക്ക് ഇത്രയും ആളുകള്‍ വരുന്നത്. ആ സിനിമയ്‌ക്കൊരു പ്രത്യേകത ഉള്ളതുകൊണ്ടാണ്. കാരണം മികച്ച ടെക്‌നിക്കല്‍ ക്വാളിറ്റിയാണ് പുലിമുരുകന്റെ വിജയകാരണം. അതുകൊണ്ടാണ് ചിത്രം ഒരാഴ്ചകൊണ്ട് പത്തുകോടി കലക്ട് ചെയ്തതെന്നും ജയരാജ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെത്തുടര്‍ന്ന് ആരാധകര്‍ ജയരാജിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.