ആനപ്രേമത്തെ പുസ്തകത്തിലാക്കി ജയറാം

നടൻ ജയറാം എഴുതി മനോരമ ബുക്സ് പ്രസിദ്ധികരിക്കുന്ന ‘ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം’ എന്ന പുസ്തകം കൊച്ചിയിൽ മമ്മൂട്ടി ആനപാപ്പാൻ കുട്ടപ്പന് നൽകി പ്രകാശനം ചെയ്യുന്നു.

തന്റെ ആനപ്രേമത്തെ ജയറാം ഒടുവിൽ പുസ്തകത്താളിലാക്കി. ആനകളെക്കുറിച്ചും തന്റെ ചുറ്റും നടന്ന നർമരസപ്രധാനമായ സംഭവങ്ങളെക്കുറിച്ചും അദ്ദേഹം എഴുതിയ ‘ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം’ എന്നു പേരിട്ട മനോരമ ബുക്സ് പ്രസിദ്ധീകരിച്ച‌ പുസ്തകം മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു.

കടലിനെയും ആനയെയും എത്ര കണ്ടാലും മതി വരില്ല എന്നാണ് പറയാറ്. കാണുന്ന ഓരോ കാഴ്ചയിലും നർമം കണ്ടെത്താൻ കഴിവുള്ളവരാണു യഥാർഥ പ്രതിഭകൾ. മലയാള സിനിമയിൽ അത്തരം കഴിവുള്ള പ്രതിഭാധനരാണ് ഇന്നസെന്റും മുകേഷും. പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് മമ്മൂട്ടി പറഞ്ഞു.

ജയറാം ഇക്കൂട്ടത്തിൽ വ്യത്യസ്തനാണ്. നല്ലപോലെ രസിപ്പിക്കാൻ കഴിവുള്ളയാളാണ് അദ്ദേഹം. നല്ല നേരംപോക്കുകാരൻ. സംസാരിച്ചിരുന്നാൽ നേരം പോകുന്നതറിയില്ല. അദ്ദേഹം പറഞ്ഞു.

അഭിനയത്തിലും വാദ്യത്തിലും കഴിവുതെളിയിച്ച ജയറാമിപ്പോൾ സാഹിത്യത്തിലും കൈവച്ചിരിക്കുന്നു. നാളെ സാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങൾ ജയറാമിനെ തേടിയെത്തിയാലും അത്ഭുതപ്പെടേണ്ടി വരില്ല. എന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് നടൻ‌ സിദ്ദിഖ് പറഞ്ഞു.

ദീർഘകാലം ജയറാമിന്റെ ആനയുടെ പാപ്പാനായിരുന്ന കുട്ടപ്പൻ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രഫ. എം.കെ. സാനു, സേതു, കെ.എൽ മോഹനവർമ, ലീലാ മേനോൻ, ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജ് കെ.സി നാരായണൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.