ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടിയും ദുല്‍ഖറും

ആരാധകരും സിനിമാതാരങ്ങളും ഒരുപോലെ ആഘോഷമാക്കുകയാണ് ജയസൂര്യയുടെ പിറന്നാള്‍. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍ , സണ്ണി വെയ്ന്‍, ബോബന്‍ സാമുവല്‍, രഞ്ജിത് ശങ്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഫേസ്ബുക്കിലൂടെ ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല സിനിമാതാരങ്ങള്‍ക്കിടയിലും ജയസൂര്യ കാത്തുസൂക്ഷിക്കുന്ന സൗഹൃദം തന്നെയാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെ നായകനായി മലയാള സിനിമയിലേക്ക് കടന്നുവന്ന ജയസൂര്യ ഒരുപാട് പ്രതിസന്ധികളിലൂടെ കരകയറി വന്നതാരമാണ്.

'സ്വപ്നക്കൂടി'ലെ അഷ്ടമൂര്‍ത്തി, 'ചതിക്കാത്ത ചന്തു'വിലെ ചന്തു, 'ക്ലാസ്‌മേറ്റ്‌സി'ലെ സതീശന്‍ കഞ്ഞിക്കുഴി, 'അറബിക്കഥ'യിലെ സിദ്ധാര്‍ഥന്‍, 'ചോക്ലേറ്റി'ലെ രഞ്ജിത്ത്, ആടിലെ ഷാജി പാപ്പന്‍, ഇയോബിന്‍റെ പുസ്തകത്തിലെ അങ്കൂര്‍ ... ജയസൂര്യ എന്ന നടന്റെ വേറിട്ട മുഖങ്ങളും വ്യത്യസ്തമായ അഭിനയശൈലിയും അടുത്തറിഞ്ഞ കഥാപാത്രങ്ങളാണിവ.

ഒരു കഥാപാത്രത്തെ സ്വീകരിച്ചുകഴിഞ്ഞാല്‍ പിന്നെ ആ കഥാപാത്രമായി മാറാന്‍ ശ്രമിക്കുന്നു. എന്താണോ ആ കഥാപാത്രം ആവശ്യപ്പെടുന്നത് ആ രൂപത്തിലേക്കും ഭാവത്തിലേക്കുമുള്ള മാറ്റം. അപ്പോത്തിക്കിരിയിലെ കഥാപാത്രവും ഇതിനൊരു ഉദാഹരണം മാത്രം. ദേശീയ അവാര്‍ഡ് പോലും പടിക്കല്‍ നിന്നാണ് അദ്ദേഹത്തിന് നഷ്ടമായത്. ഇടത്തരക്കാരോടൊപ്പം മനസ്സുകൊണ്ടു ജീവിക്കുന്ന വ്യക്തിത്വത്തിനുടമ. സാമൂഹിക വിഷയങ്ങളിലും ഇടപെടാറുള്ള അദ്ദേഹം സര്‍ക്കാരിന്‍റെ രക്ഷ എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്.

കഴിഞ്ഞ നാലു വർഷത്തെ സിനിമയുടെ പട്ടിക എടുത്തു നോക്കിയാൽ കാണാം ജയസൂര്യ എന്ന നടന്‍റെ കരിയര്‍ ഗ്രാഫിലെ വളര്‍ച്ച. പണമല്ല പ്രധാനമെന്നും പ്രേക്ഷകരെ രസിപ്പിക്കുന്ന നല്ല വേഷങ്ങളും നല്ല കഥാപാത്രങ്ങളുമാണ് ഒരു നടന്‍റെ കടമയെന്ന് വിശ്വസിക്കുന്ന ജയസൂര്യക്ക് പിറന്നാള്‍ ആശംസകള്‍.