ഒരു ടെൻഷനുമില്ല, എല്ലാം ദൈവം നോക്കിക്കൊള്ളും

ഓരോ സിനിമയും റിലീസ് ആകുന്നതിന് തൊട്ടുമുൻപ് സംവിധായകന് നെഞ്ചിടിപ്പ് കൂടും ആ സിനിമയുടെ വിധി എന്താകും എന്നോർത്ത്? ഇക്കാര്യത്തിൽ ‘മിസ്റ്റർ കൂൾ’ ആണ് സംവിധായകൻ ജീത്തു ജോസഫ്. ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പായ ‘ പാപനാശം’ റിലീസ് ആകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ജീത്തു വളരെ കൂളാണ്. മലയാളത്തിലും ഈ സിനിമ റിലീസ് ചെയ്തിട്ടുള്ള അന്യഭാഷകളിലുമെല്ലാം വൻ ഹിറ്റായിരിക്കുമ്പോൾ തമിഴ്നാട്ടുകാരുടെ വിധിയെന്താവും എന്നോർത്ത് ജീത്തുവിന് ടെൻഷനൊന്നുമില്ല. ജീത്തു മനോരമ ഓൺലൈനിനോട് പറയുന്നു.

‘സിനിമ ഓടാനുള്ളതാണെങ്കിൽ അതോടും. ഞാൻ അതിനെക്കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ല. ഒരു കാര്യം മാത്രം പറയാം. തമിഴിലെ ‘പാപനാശം’ നല്ല ഒരു സിനിമയായിരിക്കും.

എന്റെ ഒരു സിനിമ റിലീസിലും ഞാൻ അധികം ആകുലപ്പെട്ടിട്ടില്ല. ‘മൈ ബോസും’, ‘മെമ്മറീസു’മൊക്കെ റിലീസ് ആയപ്പോൾ ഞാൻ യാത്രയിലും, വീട്ടിലെ ഫർണീച്ചർ ഒരുക്കിയിടുന്ന തിരക്കിലുമായിരുന്നു. എന്റെ നിത്യേനയുള്ള പ്രവൃത്തികൾക്കിടയിൽ വരുന്ന എല്ലാ ഫോൺവിളികളും അറ്റന്റ് ചെയ്യും. അതൊക്കെയാണിതുവരെയുള്ള രീതി.

വലിയ പ്രതീക്ഷകളൊന്നും ഞാൻ ഒരു കാര്യത്തിലും വയ്ക്കാറില്ല. പക്ഷേ, പ്രൊഡ്യൂസറിനു മുടക്കിയ മുതൽ തിരിച്ചു കിട്ടണമെന്നൊരു നിർബന്ധമുണ്ട്. ‘പാപനാശം’ റിലീസ് ആകുന്ന ദിവസവും ഞാൻ എന്റെ നാടായ ‘ ഇലഞ്ഞി’യിൽ ആയിരിക്കും. പപ്പയുടെ ഓർമ്മദിവസത്തോടനുബന്ധിച്ച് സഹോദരങ്ങളുമായി അവിടെ ഒരൊത്തുകൂടലാണ് സിനിമ റിലീസ് ആകുന്ന ദിവസം ഞാൻ പ്ലാൻ ഇട്ടിരിക്കുന്നത്.